ചെങ്കടലിന്റെ സൗന്ദര്യം നുകരാന്‍ പ്രത്യേക കവാടം തുറന്നിരിക്കുകയാണ് സൗദി അറേബ്യ. മോഹിപ്പിക്കുന്ന വെള്ളവും തഴുകി തലോടുന്ന കടല്‍ കാറ്റിന്റെ മനോഹാരിതയും. ഇതു അനുഭവിയ്ക്കാനുളള ഇടമാണ് ചെങ്കടലില്‍ പ്രവര്‍ത്തനം ആരംഭിച്ച സിന്‍ദാല ദ്വീപ്. നിയോം പദ്ധതിയുടെ ഭാഗമായ ആഡംഭര ദ്വീപിലേയ്ക്ക് രാജ്യാന്തര വിനോദ സഞ്ചാരികളും ഉല്ലാസ നൗകകളെയും സ്വീകരിക്കാനുളള ഒരുക്കത്തിലാണ് സിന്‍ദാല. അതിന്റെ വശേഷങ്ങള്‍.
സൗദി അറേബ്യ പ്രഖ്യാപിച്ച നിയോം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രഥമ ലക്ഷ്യ സ്ഥാനമാണ് ചെങ്കടലില്‍ ഉദ്ഘാടനം ചെയ്ത ആഡംഭര ദ്വീപ് സിന്‍ദാല. വര്‍ഷം മുഴുവന്‍ മിതശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശത്താണ് ദ്വീപ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 8.4 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 12 കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. അതി വിശാലമായ കടലോരം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, രാജ്യാന്തര ശൃംഖലയിലെ റസ്‌റ്റോറന്റുകള്‍, റീറ്റെയില്‍ ഷോപ്പുകള്‍, റിസോര്‍ട്ട്, ബീച്ച് ക്ലബ്, സ്‌പോര്‍ട്‌സ് ക്ലബ്, ഗോള്‍ഫ് കോര്‍ട്ട് എന്നിവ സിന്‍ദാല ദ്വീപില്‍ ഉള്‍പ്പെടും. സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്കില്‍ ചെങ്കടല്‍ തീരത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് സിന്‍ദാല സ്ഥിതിചെയ്യുന്നത്. ഫോര്‍ സീസണ്‍, ദ ലക്ഷ്വറി കളക്ഷന്‍, സൗദി മാരിയറ്റ് ഇന്റര്‍നാഷണല്‍ എന്നീ ആഡംബര ഹോട്ടലുകളുടെ 440 മുറികളും 88 വില്ലകളും 218 അപ്പാര്‍ട്ട്‌മെന്റുകളുമാണ് വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത്.
ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസനത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിയോം വിഭാവന ചെയ്യുന്നത്. വിനാശകരമായി ഭവിക്കാന്‍ സാധ്യതയുളള എല്ലാത്തിനെയും മുന്‍കൂട്ടി കാണാന്‍ നിയോം പദ്ധതി ശ്രദ്ധിച്ചിട്ടുണ്ട്. സൂക്ഷ്മമായ വിശകലനവും പഠനവും നടത്തി സുസ്ഥിര പരിഹാരങ്ങളും ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രകൃതി വിഭവം പ്രയോജനപ്പെടുത്തുന്ന പദ്ധതി എന്ന നിലയില്‍ പാരിസ്ഥിതിക പ്രത്യാഘാതം പൂര്‍ണമായും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വികസനം നടപ്പിലാക്കുന്നത്.
ചെങ്കടല്‍ വഴി സവാരി നടത്തുന്നവര്‍ക്ക് നിയോമിലേയ്ക്കുളള കവാടം കൂടിയാണ് സിന്‍ദാല. അതുകൊണ്ടുതന്നെ കൂറ്റന്‍ ആഡംഭര ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്തു മെഡിറ്ററേനിയന്‍ കടലില്‍ ആഡംബര നൗകകള്‍ ധാരാളമായി കാണാം. അതുകൊണ്ടുതന്നെ വിദേശ യാത്രക്കാരുടെ ഒഴുക്ക് ചെങ്കടലിലേയ്ക്കു നീങ്ങുന്നത് സാധാരണമാണ്. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് 17 മണിക്കൂര്‍ സഞ്ചരിച്ചാല്‍ സിന്‍ദാല ദ്വീപിലെത്തിച്ചേരാം. ദ്വീപിന്റെ സ്ഥാനം യൂറോപ്യന്‍ ആഡംഭര ബോട്ടുകളുടെ സുപ്രധാന താവളമായി മാറും. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് സൂയസ് കനാല്‍ വഴി പ്രവേശനം സാധ്യമാവുകയും ചെയ്യും. ഇതു യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും കടല്‍ യാത്രികരായ വിനോദ സഞ്ചാരികളെ സിന്ദാല വഴി നിയോമിലേയ്ക്കും അവിടെ നിന്ന് സൗദി അറേബ്യയിലെ വിനോദ കേന്ദ്രങ്ങളിലേയ്ക്കും ആകര്‍ഷിക്കും.
കര, നാവിക, വ്യോമ മാര്‍ഗം നിയോമിലെത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. 2019ല്‍ 5ജി ടെകെ്‌നോളജി ഉപയോഗിക്കുന്ന പ്രഥമ രാജ്യാന്തര എയര്‍പോര്‍ട്ട് നിയോമില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 26,500 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലാണ് സ്മാര്‍ട്ട് സിറ്റികളുടെ കൂട്ടമായ നിയോം പദ്ധതി പ്രദേശം വ്യാപിച്ചുകിടക്കുന്നത്. സിന്‍ദലാ ദ്വീപിന് പുറമെ ദി ലൈന്‍, ഒക്‌സാഗന്‍, ട്രോജന എന്നിവയാണ് നിര്‍മാണം പുരോഗമിക്കുന്ന മറ്റു പദ്ധതികള്‍. പ്രകൃതി ഭംഗിയെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയും പരിസ്സ്ഥിതി സംരക്ഷിച്ചും നാലു മേഖലകളായി തിരിച്ചാണ് പദ്ധതി. മറൈന്‍ ലാന്റ്‌സ്‌കേപ്, ലോവര്‍ ഡെസേര്‍ട്, മൗണ്ടന്‍, അപ്പര്‍ വാലി എന്നിങ്ങനെയാണ് പദ്ധതി പ്രദേശത്തെ തരം തിരിച്ചിട്ടുളളത്. കടലിനു പുറമെ വിശാലമായ മരുഭൂമിയും പ്രകൃതിദത്തമായ മലകളും കുന്നകളും പാറകളും വികസന പദ്ധതികളുടെ ഭാഗമാണ്. ഇവിടങ്ങളിലെ നിര്‍മ്മിതികള്‍ ആവാസ വ്യവസ്ഥയ്ക്കു കോട്ടം സംഭവിക്കുന്നില്ലെന്നു മാത്രമല്ല, ലോകത്ത് ലഭ്യമായ ഏറ്റവും നവീന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്നതും സിന്‍ദാല ദ്വീപ് ഉള്‍പ്പെടെ നിയോമിലെ പ്രത്യേകതയാണ്.
ആഡംഭര കപ്പലുകളില്‍ കടല്‍ യാത്ര നടത്തുന്നവരില്‍ വന്‍കിട സംരംഭകരും ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്ന സാങ്കേതിക വിദഗ്ദരും ഉള്‍പ്പെടെ ലോകത്തെ അതിസമ്പന്നര്‍മാര്‍ ധാരാളം ഉണ്ടാകും. സിന്‍ദാല ദ്വീപ് തുറന്നുകൊടുത്തതോടെ, രാജ്യാന്തര രംഗത്തെ ഇത്തരം പ്രമുഖരെ നിയോമിലേയ്ക്കും ആകര്‍ഷിക്കാന്‍ കഴിയും. നിയോം മേഖലയിലെ കടലും പ്രകൃതി ദൃശ്യങ്ങളും ജീവി വര്‍ഗങ്ങളും അവയുടെ ആവാസ വ്യവസ്ഥകളുടെ വൈവിധ്യങ്ങളും സമ്പത്‌സമൃദ്ധമാണ്. അതുകൊണ്ടുതന്നെ ജൈവ വൈവിധ്യത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും പ്രാദേശികവും ആഗോളവുമായ ഉറവിടമായി നിയോം മാറും. മാത്രമല്ല പുതിയ ലോകത്ത് സാംസ്‌കാരിക വിനിമയത്തിന്റെയും പുത്തന്‍ പ്രതീക്ഷയുടെയും കവാടമായി സിന്‍ദാല ദ്വീപ് മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.