റിയാദ് മെട്രോ യാഥാര്‍ത്ഥ്യമായതോടെ മധ്യപൂർവദേശത്തെ ഏറ്റവും വലിയ മെട്രോ ട്രെയിന്‍ ശൃംഖല സൗദി അറേബ്യയ്ക്കു സ്വന്തം. 176 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന മെട്രോ, കുതിക്കുന്ന സൗദിയുടെ മുഖച്ഛായ മാറ്റും. കിംഗ് അബ്ദുല്ല പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ബസ്- ട്രയിന്‍ ശൃംഖലകളെ ബന്ധിപ്പിച്ചാണ് മെട്രോയുടെ സേവനം. നഗര യാത്ര സുഗമമാക്കുന്നതിന് പുറമെ മലിനീകരണം വന്‍തോതില്‍ കുറക്കാനും മെട്രോയ്ക്കു കഴിയും.
സൗദി അറേബ്യയുടെ പൊതുഗതാഗത ചരിത്രത്തില്‍ സുപ്രധാന നാഴിക കല്ലാണ് റിയാദ് മെട്രോ. ഇതു വിശദീകരിക്കുന്ന ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് റിയാദ് മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. ബസുകളും ട്രെയിനുകളും ബന്ധിപ്പിച്ച് പൊതുഗതാഗത മേഖലയില്‍ നടപ്പിലാക്കുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.
ട്രെയിനുകളും ബസുകളും രണ്ടു ഘടകങ്ങളാണെങ്കിലും റിയാദ് പൊതുഗതാഗത പദ്ധതി ഫലത്തില്‍ ഒന്നാണ്. റിയാദിലെ വിവിധ ജില്ലകളെ വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ബസ് ശൃംഖല മെട്രോ സ്‌റ്റേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അഞ്ച് ലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനുളള ശേഷിയാണ് ബസ് ശൃംഖലയ്ക്കുളളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായായ ബസ് ശൃംഖലയിൽ 54 റൂട്ടുകളിലായി 842 ബസ് സര്‍വീസുകളാണ് നടത്തുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ 2,860 സ്‌റ്റോപ്പുകളുളള ബസ് സര്‍വീസ് മെട്രോയുടെ സുപ്രധാന പങ്കാളിയായി മാറും. ജനവാസ കേന്ദ്രങ്ങളിലെ പ്രധാന ഗതാഗത മാര്‍ഗം എന്ന നിലയില്‍ റിയാദില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സുഖകരവും കാര്യക്ഷമവുമായ ഗതാഗതം പ്രദാനം ചെയ്യാന്‍ ബസ്-ട്രെയിന്‍ ശൃംഖലയ്ക്കു കഴിയും. മാത്രമല്ല ഗതാഗതക്കുരുക്കു കുറയ്ക്കാനും വ്യക്തിഗത വാഹനങ്ങളില്‍ നിന്നുള്ള പാരിസ്ഥിതിക ആഘാതം ലഘൂകരിയ്ക്കാനും സഹായിക്കും.
റിയാദ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഗുണമേന്മയുളള യാത്രാ സൗകര്യം അനുഭവിക്കാന്‍ അവസരം കൂടിയാണ് റിയാദ് മെട്രോ ഒരുക്കുന്നത്. ബസില്‍ യാത്ര ചെയ്യുന്നതിന് നടപ്പിലാക്കിയ ഡിജിറ്റല്‍ വാലറ്റ് കാര്‍ഡ് 'ദര്‍ബ്' ഉപയോഗിച്ച് മെട്രോ ട്രെയിനിലും സഞ്ചരിക്കാം. ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, സിംഗിള്‍ ക്ലാസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ടിക്കറ്റ് ലഭ്യമാക്കും. രണ്ടു മണിക്കൂര്‍ മെട്രോയില്‍ സഞ്ചരിക്കുന്നതിന് 4 റിയാലാണ് നിരക്ക്. മൂന്നു ദിവസത്തിന് 20 റിയാലും ഏഴ് ദിവസത്തെ യാത്രയ്ക്കു 40 റിയാലുമാണ് നിരക്ക്. ഒരു മാസത്തെ സീസണ്‍ ടിക്കറ്റ് 140 റിയാലിന് ലഭിക്കും.
ശക്തമായ പൊതുഗതാഗത സംവിധാനം നിലവില്‍ ഇല്ലാത്ത നഗരമാണ് റിയാദ്. അതുകൊണ്ടുതന്നെ ടാക്‌സികളും സ്വകാര്യ വാഹനങ്ങളും നിറഞ്ഞ നിരത്തുകളാണ് റിയാദിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ഒരു ലീറ്റര്‍ കുടിവെളളത്തേക്കാള്‍ കുറഞ്ഞ നിരക്കായിരുന്നു 2012 വരെ രാജ്യത്തെ പെട്രോളിന്റെ വില. ഈ സാഹചര്യത്തിൽ ഓരോ വ്യക്തിയ്ക്കും ഒരു വാഹനം എന്ന നിലയില്‍ ഉപയോഗിച്ചു ശീലിച്ചു. റിയാദില്‍ മാത്രം 48 ലക്ഷം കാറുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും വാഹനങ്ങള്‍ പുറംതളളുന്ന പുക മലിനീകരണം സൃഷ്ടിക്കുന്നുണ്ടെങ്കിലും പൊതുഗതാഗത സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ വാഹനങ്ങളെ നിയന്ത്രിച്ചിരുന്നില്ല. എന്നാല്‍ ദേശീയ, രാജ്യാന്തര പരിപാടികള്‍ തലസ്ഥാന നഗരിയിലേയ്ക്കു കേന്ദ്രീകരിച്ചതോടെ ഗതാഗതം വലിയ പ്രതിസന്ധിയായി മാറി. ഇതിനു പരിഹാരം കാണാന്‍ റിയാദ് മെട്രോയ്ക്കു കഴിയും.
ബ്‌ളു, ഗ്രീന്‍, റെഡ്, ഓറഞ്ച്, യെല്ലോ, പര്‍പ്പിള്‍ എന്നിങ്ങനെ ആറു ലൈനുകളായി തിരിച്ചാണ് മെട്രോ ട്രെയിന്‍ ഒരുക്കിയിട്ടുളളത്. ഒലയ്യ-ബത്ഹ-അല്‍ ഹൈര്‍ റോഡിലെ 38.8 കിലോ മീറ്ററാണ് ബ്‌ളൂ ലൈന്‍. 25.4 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള കിങ് അബ്ദുല്ല റോഡിലൂടെ കടന്നുപോകുന്നത് ഗ്രീന്‍ ലൈനാണ്. 40.9 കിലോ മീറ്ററുളള മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡിലാണ് റെഡ് ലൈന്‍. 29.6 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ ബന്ധിപ്പിച്ചാണ് ഓറഞ്ച് ലൈനുളളത്. കിങ് അബ്ദുല്ല റോഡില്‍ 12.9 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ യെല്ലോ ലൈനും അബ്ദുറഹ്മാന്‍ ഔഫ്-ശൈഖ് ഹസന്‍ ബിന്‍ അലി റോഡിനെ ബന്ധിപ്പിച്ച് 30 കിലോ മീറ്റര്‍ പര്‍പ്പിള്‍ ലൈനുമാണുളളത്.
ബ്‌ളു യെല്ലോ, പര്‍പ്പിള്‍ ലൈനുകള്‍ ഡിസംബര്‍ 1 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. റെഡ്, ഗ്രീന്‍ ലൈനുകള്‍ ഡിസംബര്‍ 15നും ഓറഞ്ച് ലൈനിലെ സര്‍വ്വീസ് ജാനുവരി 5നും ആരംഭിക്കും. ആറു ലൈനുകളിലായി 190 ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. മികച്ച യാത്രാ സൗകര്യത്തോടെ ഒരേ ഡിസൈനില്‍ സീമെന്‍സ്, ബോംബാര്‍ഡീര്‍, അല്‍സ്‌റ്റോം എന്നീ രാജ്യാന്തര കമ്പനികളാണ് ട്രെയ്‌നുകള്‍ നിര്‍മിച്ചത്.
നാല് പ്രധാന സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണ് മെട്രോക്കുളളത്. ഇതില്‍ അഞ്ചെണ്ണം ട്രാന്‍സ്ഫര്‍ സ്‌റ്റേഷനുകളാണ്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയിലാകും മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. മെട്രോ സ്‌റ്റേഷനുകളോടനുബന്ധിച്ച് 19 ഇടങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ 400 മുതല്‍ 600 വരെ വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാന്‍ കഴിയും.
പുരാതന വാണിജ്യ കേന്ദ്രവും മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹം ധാരാളം അധിവസിക്കുകയും ചെയ്യുന്ന ചെറുകിട ഇടത്തരം വ്യാപാര കേന്ദ്രമാണ് റിയാദിലെ ബത്ഹ. രൂക്ഷമായ ഗതാഗത കുരുക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ലാത്തതും ബത്ഹയിലേയ്ക്കു വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതു ഇവിടെയുളള വ്യാപാര സംരംഭകരെയും സാരമായി ബാധിച്ചു.
റിയാദ് മെട്രോ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുളളത്. 56.8 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയും 83.8 കിലോ മീറ്റര്‍ പാലങ്ങളിലുമാണ് റെയില്‍ പാത. നഗര ഹൃദയങ്ങളിലും ജനവാസ കേന്ദ്രളിലും നിര്‍മിച്ച ഭൂഗര്‍ഭ പാത ദുഷ്‌കരവും സങ്കീര്‍ണവുമായ കടമ്പകള്‍ കടന്നാണ് തുരങ്കങ്ങള്‍ളുടെ നിര്‍മാണ പൂര്‍ത്തിയാക്കിയത്. 2013ല്‍ ആരംഭിച്ച മെട്രോ നിര്‍മാണം രാജ്യാന്തര കമ്പനികളുടെ കണ്‍സോര്‍ഷ്യം 10 വര്‍ഷംകൊണ്ടാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. സ്‌റ്റേഷനുകളിലും പാളങ്ങളിലും തുരങ്കങ്ങളിലും നിര്‍മാണ ഘട്ടത്തില്‍ പാലിച്ചിരുന്ന അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്.
റിയാദ് മെട്രോ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദിവസം 36 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിയും. ഇതിനായി 2500 സര്‍വ്വീസുകളാകും നടത്തുക. റോഡിലെ ഗതാഗത തിരക്ക് 30 ശതമാനത്തില്‍ കൂടുതല്‍ കുറയുകയും ചെയ്യും. പ്രതിദിനം റിയാദ് നഗരത്തിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന 4000 ലിറ്റര്‍ പെട്രോള്‍ ഉപഭോഗം ഇല്ലാതാക്കാന്‍ കഴിയുന്നതോടെ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറക്കാനും കഴിയും. മെട്രോ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചതോടെ തൊഴിലിടങ്ങളിലേയ്ക്ക് അതിവേഗം പോയി മടങ്ങാന്‍ മെട്രോ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് സാധരണ പ്രവാസികള്‍.