യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ബൈക്ക് ടൂറുമായി മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം. 8 പ്രമുഖ ബൈക്ക് റൈഡർമാരാണ് ടൂറിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു മോട്ടോർ സൈക്കിൾ ടൂർ സംഘം യുഎഇയിൽ എത്തുന്നത്.
ബൈക്കിൽ ലോകം ചുറ്റാൻ ആഗ്രഹിച്ച ഒരുകൂട്ടം സഞ്ചാരികൾ. നിനച്ചിരിക്കാതെയാണ് യുഎഇയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ബൈക്കിലൊരു യാത്ര സാധ്യമായത്. അതിന്റെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു എട്ടംഗ സംഘം .
ദുബായിൽ ദോക്രൂസ് ചെയ്യുന്നതിനിടെയാണ് സംഘം ബൈക്ക് യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചത്. ജനുവരി 31ന് ആരംഭിച്ച യാത്ര ദുബായ്, ഫുജൈറ, ഹത്ത, കൽബ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ച് ഫെബ്രുവരി നാലിനാണ് ടൂർ അവസാനിച്ചത്. യുഎഇയിൽ കണ്ടെത്തെല്ലാം വിസ്മയക്കാഴ്ചകളായിരുന്നു. റോഡുകൾ അത്ഭുതപ്പെടുത്തിയതെന്ന് പറയുന്നു സംഘം.
കൂട്ടത്തിലെ താരമാണ് കണ്ണൂർ സ്വദേശി സനീദ്. ബൈക്ക് റൈഡിന് പുറമെ ഒറ്റവീൽ സൈക്കിളിലെ സാഹസയാത്രകളാണ് മറ്റൊരു വിനോദം. ശ്രീകണ്ഠാപുരത്തുകാരനായ സനീദ്,, ഇന്ത്യയൊട്ടാകെയായി 5000കി.മീറ്റർ സിംഗ്ൾ വീൽ സൈക്കിൾ ഓടിച്ച് ശ്രദ്ധ നേടിയിരുന്നു.
കേട്ടറിഞ്ഞ യുഎഇ അല്ല കണ്ടത്. കണ്ടതോടെ ഇനി ഇവിടെ ജീവിച്ചാൽ മതിയെന്നായെന്നും പറയുന്നു സനീദ്. യുഎഇയിൽ ഒറ്റവീൽ റൈഡ് സനീദിന്റെ സ്വപ്നമാണ്.
കണ്ടകാഴ്ചകളിൽ കൂടുതൽ വിസ്മയിപ്പിച്ചതും പ്രിയപ്പെട്ടതും ബുർജ് ഖലീഫ തന്നെയാണെന്ന് ദമ്പതികളായ അശ്വതിയും വരുണും. യുഎഇയിൽ നിന്ന് പരിചയമില്ലാത്തവരും സാധാരണക്കാരുമെല്ലാം തന്ന വരവേൽപ്പും പിന്തുണയും വലിയ പ്രോൽസാഹനമായെന്ന് പറയുന്നു സംഘം. ഇന്ത്യയും കേരളത്തിലുമെല്ലാം പൊതുവേ കാണുന്നതിൽ നിന്നെല്ലാം വേറെ വേറിട്ട സ്വീകരണമാണ് ലഭിച്ചത്.
കന്യാകുമാരി മുതൽ കശ്മീർ വരെ ബൈക്ക് റൈഡ് നടത്തിയത്തിന്റെ അനുഭവപരിചയവുമായാണ് അശ്വതിയും വരുണും യുഎഇയിലേക്ക് എത്തിയത്. നാട്ടിലെ കാഴ്ചകളും അനുഭവങ്ങളുമല്ല യുഎഇയിലേതെന്ന് പറയുന്നു അശ്വതി. അടിസ്ഥാനസൗകര്യങ്ങളും വൃത്തിയുമാണ് ആകർഷിച്ചത്
യുഎഇയിലെ ട്രാഫിക് കൾച്ചറും ലെയിൻ സംവിധാനവുമെല്ലാം അത്ഭുതപ്പെടുത്തി. ട്രാഫിക് റൂൾസെല്ലാം കൃത്യമായി പഠിച്ച് മനസിലാക്കി വച്ചിരുന്നെങ്കിലും ഒരുവട്ടം മാത്രം തെറ്റിയെന്ന് വരുൺ
സ്വയം ബൈക്കോടിച്ച് യാത്ര ചെയ്യാൻ കൊതിക്കുന്ന പെണ‍്കുട്ടികളോട് ശ്രമിച്ചാൽ നടക്കുമെന്ന് പറയുന്നു അശ്വതി. എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണെന്നും അശ്വതി കൂട്ടിച്ചേർത്തു. റോയൽ എൻഫീൽഡിന്‍റെ ഇന്ത്യയിലെ റെൻറൽ പാർട്ണറായ റൈഡ് ഓൺ, ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് ബൈക് ടൂർ സംഘടിപ്പിച്ചത്.
എട്ട് റൈഡർമാരിൽ അശ്വതിയുൾപ്പെടെ നാല് പേർ വനിതകളാണ്. വൈപർ പൈലറ്റ്, ലൂണ വാനില എന്നീ ഇൻസ്ഗ്രാം ഐ.ഡികളിൽ അറിയപ്പെടുന്ന ദമ്പതികളും സംഘത്തിന്‍റെ ഭാഗമാണ്. സോളോ ബൈക് റൈഡിലൂടെ ശ്രദ്ധേയയായ ആസാം സ്വദേശിനി പ്രിയ ഗൊഗോയി, രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ ആശ്ലേഷയും ടീമിലെ മറ്റംഗങ്ങളാണ്. നടിയും മോഡലും ഇൻഫ്ലുവൻസറുമായ സ്നേഹ മാത്യുവും പരിപാടിയുടെ ഭാഗമായി.
ലോകത്തെ അത്ഭുതപ്പെടുത്തുന്നതിൽ എന്നും ഒന്നാം സ്ഥാനമാണ് യുഎഇയ്ക്ക്. ഏറ്റവും ഉയരമേറിയ കെട്ടിടം നിർമിച്ചും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സവിശേഷതകളിലൂടെയും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയുമൊക്കെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എഡിഷൻ ആണ് അബുദാബിയിലെ എയർ കണ്ടിഷൻ ചെയ്ത നടപ്പാത . ദുബായിൽ ഏറ്റവും ഉയരമേറിയ വെൽനെസ്സ് റിസോർട് കെട്ടിപടുക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.
ആകാശകാഴ്ചയിൽ കടലിൽ നിന്നുയർന്നുവന്ന ഈന്തപ്പനപോലെ കൗതുകമാകുന്ന പാം ജുമൈറ. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ്. ലോകത്തിലെ രണ്ടാമത്തെ വലിയ ഹോട്ടൽ കെട്ടിടമായ ബുർജ് അൽ അറബ്
അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് ,സീ വേൾഡ് , ലുവ് മ്യൂസിയം തുടങ്ങി അത്ഭുതങ്ങൾ അവസാനിക്കാത്ത നാടാണ് യുഎഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെയും , പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമും ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ് നാടിനെ ഇന്നത്തെ പ്രൗഢിയിലേക്ക് നയിച്ചത്. ഭൂമിശാസ്ത്രപരമായ പരിമിതികളെയെല്ലാം മറികടന്ന് അംബരചുംബികളായ കെട്ടിടങ്ങളും മനുഷ്യനിർമിത ദ്വീപും ഒക്കെ പടുത്തുയർത്തി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം. അതിലേക്ക് ഒന്ന് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. അതും മനുഷ്യരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട്
ലോകത്തിലേറെ ഏറ്റവും ഉയരമേറിയ വെൽബീയിങ് റിസോർട്ട്. അതാണ് ദുബായുടെ അടുത്ത ലക്ഷ്യം. തേർം ദുബായ് എന്നായിരിക്കും പേര്. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബോട്ടാനിക്കൽ ഗാർഡനും ഉൾപ്പെടും. മികച്ച താമസസ്ഥലമായി ദുബായിയെ മാറ്റുന്നതിനുള്ള,, ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 പദ്ധതിയുടെ ഭാഗമാണ് പുതിയ കെട്ടിടം
100 മീറ്റർ ഉയരമുള്ള കെട്ടിടം സബീൽ പാർക്കിലാണ് ഉയരാൻ പോകുന്നത്. 5 ലക്ഷം ചതുരശ്ര അടിയാണ് വിസ്തൃതി. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബോട്ടാണിക്കൽ ഗാർഡൻ ഒരുങ്ങുന്നതും തേർം ദുബായ് റിസോർട്ടിലാണ്. 2028 ഓടെ പണി പൂർത്തിയാക്കി സന്ദർശകർക്കായ് തുറന്നുകൊടുക്കും. രണ്ട് ബില്യൺ ദിർഹമാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. വർഷത്തിൽ 17 ലക്ഷം സന്ദർശകരെ ഉൾക്കൊള്ളാവുന്ന
തരത്തിലാണ് റിസോർട്ടിന്റെ നിർമിതി.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് പദ്ധതി പ്രഖ്യാപിച്ചത്. നഗര ജൈവവൈവിധ്യവും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും സമ്പന്നമായ അനുഭവങ്ങൾ സമ്മാനിക്കാനിക്കാനുള്ള ഭരണനേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്.
ഇതിനെ പിന്നാലെയാണ് മുഴുവൻ എയർ കണ്ടീഷനായ വാക്ക് വേയും ഒരുക്കിയിരിക്കുന്നത്. അബുദാബി അൽ നഹ്യാൻ പ്രദേശത്തെ അൽ മമൂറ ബിൽഡിങ്ങിന് സമീപത്തായാണ് ഈ ഒരു നടപ്പാത. ഏത് കാലത്തും ചൂടിനെ പേടിക്കാതെ ഇത് വഴി നടക്കാം
24 ഡിഗ്രി താപനിലയിൽ എല്ലായിപ്പോഴും സ്വസ്ഥമായി നടക്കാം. ഒരു വാക്ക് വേ മുഴുവൻ ഇത്തരത്തിൽ ശീതീകരിക്കുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്. പാതയുടെ എല്ലാ ഭാഗത്തും എയർ കണ്ടീഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.
റീട്ടെയിൽ ഔട്ട്ലെറ്റുകളും കഫേയുമെല്ലാം വോക് വേയിലുണ്ട്. പുറംകാഴ്ച ആസ്വാദിച്ചിരിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ശബ്ദകോലാഹങ്ങൾ ഇവിടെ കടക്കാത്ത തരത്തിലാണ് ക്രമീകരണം. പൊതു ഇടങ്ങളിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇത്
നാൾക്കുനാൾ ലോകത്തെ അമ്പരപ്പിച്ച് പുതിയ നിർമിതികളും കണ്ടുപിടിത്തങ്ങളുമൊക്കെയായി കുതിക്കുന്നതിനിടെ നഗരത്തിന്റെ ചരിത്രമെഴുതാൻ താമസക്കാർക്ക് അവസരമൊരുക്കിയിരിക്കുകയാണ് ദുബായ്. എർത് ദുബായ് എന്ന പേരിലാണ് സംരംഭം തുടങ്ങിയത്. വർഷങ്ങളായുള്ള ദുബായുടെ വികസനവും പരിവർത്തനവും ജനജീവിതവുമെല്ലാം താമസക്കാരിൽ നിന്ന് കഥകളായും ജീവിതാനുഭവങ്ങളായും ശേഖരിച്ച് രേഖപ്പെടുത്തും.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് സംരംഭത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചത്. നഗരത്തിന്റെ ഭൂതകാലത്തെ ഭാവി തലമുറയ്ക്ക് പ്രചോദനമാകും വിധം രേഖപ്പെടുത്തി സൂക്ഷിക്കുകയാണ് ദുബായ്. യു.എ.ഇയുടെ അണിയറയിൽ ഒരുങ്ങുന്ന എയർ ടാക്സിയും,അതിവേഗം ട്രെയിനും ഹൈപ്പെർലൂപ്പുമടക്കമുള്ള അത്ഭുത കാഴ്ചകൾ തുടരുകയാണ്.
സൗദി അറേബ്യയിലെ രാജ്യാന്തര സാംസ്‌കാരിക കേന്ദ്രമാണ് 'ഇത്‌റ'. അറബിയിൽ സമ്പൽ സമൃദ്ധി എന്നാണ് ഇതിനർത്ഥം. സൗദി സ്ഥാപകൻ കിങ് അബ്ദുൽ അസീസ് അൽ സൗദിന്റെ പേരിൽ സൗദി അരാംകോ ആണ് 'ഇത്‌റ' സ്ഥാപിച്ചത്. സർഗാത്മക കഴിവുകളും സാംസ്‌കാരിക അനുഭവങ്ങളും പങ്കുവെക്കാനുളള ഇടമാണിത്. സൗദിയിൽ ആദ്യമായി എണ്ണക്കിണർ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തിയ അഞ്ച് പാറക്കല്ലുകളുടെ മാതൃകയിലാണ് ഇത്‌റയുടെ രൂപകല്പന. ഇത്‌റയുടെ സവിശേഷതകളും അവിടെ ജപ്പാൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക വിരുന്നിന്റെയും വിശേഷങ്ങളിലേയ്ക്ക്.
ദൂരെ നിന്നു നോക്കിയാൽ അഞ്ച് സ്ഫടിക കല്ലുകൾ ചേർത്തു വെച്ച രൂപമാണ് 'ഇത്‌റ' കെട്ടിട സമുച്ചയത്തെ ആകർഷിക്കുന്ന സുപ്രധാന ഘടകം. ഇതിന് ഭാവനാപൂർണമായ ഒരുപാട് അർത്ഥ തലങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. കല്ലുകളുടെ ശേഖരം ഐക്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഗോപുരം പോലെ ഉയർന്നു നിൽക്കുന്ന കെട്ടിട ഭാഗം ഭാവിയെ പ്രതിഫലിപ്പിക്കുന്നു. താഴെയുളള നിലകൾ വർത്തമാന കാലത്തെയും ഭൂഗർഭ ഘടകങ്ങൾ ഭൂതകാല സംരക്ഷണത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. നോർവ്വേയിലെ വാസ്തുവിദ്യാ സ്ഥാപനം സ്‌നോഹെറ്റയാണ് ഇത്‌റ രൂപകല്പന ചെയ്തത്. അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റിയൂട്ട് എക്‌സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇത്‌റയെ തേടി എത്തിയിട്ടുണ്ട്.
അവിശ്വസനീയമായ സാംസ്‌കാരിക കേന്ദ്രം എന്നാണ് ഇത്‌റയെ വിശേഷിപ്പിക്കുന്നത്. സൗദിയിൽ വാണിജ്യാടിസ്ഥാനത്തിൽ എണ്ണ ഖനനം ആരംഭിച്ച എണ്ണക്കിണർ 'പ്രോസ്‌പെരിറ്റി വെൽ' എന്നാണ് അറിയപ്പെടുന്നത്. എണ്ണയുടെ കണ്ടെത്തൽ കൊണ്ടുവന്ന സമ്പൽ സമൃദ്ധിയെ ആണ് 'ഇത്‌റ' പ്രതിനിധാനം ചെയ്യുന്നത്. മാത്രമല്ല, മാനവിക മൂല്യങ്ങൾ അടിസ്ഥാനമാക്കി സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്ന 'ഇത്‌റ' അടയാളപ്പെടുത്തുന്നത് മനുഷ്യ ഊർജ്ജമാണ്.
മാനവികതയ്ക്കു പരിഗണന നൽകുന്ന സാംസ്‌കാരിക കേന്ദ്രമാണ് ഇത്‌റ. അതുകൊണ്ടുതന്നെ മനുഷ്യരെ അടുത്തറിയാനും അവരുടെ സർഗശേഷികൾ പ്രകടിപ്പിക്കാനുമുളള അവസരമാണ് ഓരോ വർഷവും ഇത്‌റ ഒരുക്കുന്നത്. വർഷം മുഴുവൻ വിവിധ സാംസ്‌കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രദർശനങ്ങൾ, നാടോടി കലാ പ്രകടനങ്ങൾ, ഭക്ഷ്യ മേളകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. തൻവീൻ സർഗോത്സവം എന്ന പേരിൽ പ്രത്യേകം അരങ്ങേറുന്ന സാംസ്‌കാരിക മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള കലാ പ്രതിഭകളും സാംസ്‌കാരിക പ്രവർത്തകരും സംഗമിക്കും. നാടകം, കവിയരങ്ങ്, സർഗ സംവാദങ്ങൾ, ചർച്ചകൾ എന്നിവയാണ് തൻവീൻ സർഗോത്സവത്തെ സജീവമാക്കുന്നത്. ഇതിനു പുറമെ അറബ് നാഗരികതയും സാംസ്‌കാരിക വൈിധ്യവും വിളംബരം ചെയ്യുന്ന മ്യൂസിയം, കിഡ്‌സ് കോർണർ, തിയേറ്റർ, സിനിമ, ലൈബ്രറി തുടങ്ങി നിരവധി സ്ഥിരം സംവിധാനങ്ങളും ഇത്‌റയിലുണ്ട്.
ഇത്‌റയിൽ ഓരോ വർഷവും അരങ്ങേറുന്ന സംസ്‌കാരിക വിരുന്നുകൾക്കു കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ലെങ്കിലും എല്ലാ മാസവും ഒന്നോ രണ്ടോ പരിപാടികൾക്കാണ് വേദിയൊരുക്കുക. ഇത്തരത്തിൽ അമേരിക്കയിൽ നിന്നുളള ഗായക സംഘം ഇന്ത്യൻ നാടോടി ഗാനങ്ങൾ ഇത്‌റയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കഥകൾ ജപ്പാൻ കലാകാരൻമാരും അവതരിപ്പിച്ചിട്ടുണ്ട്.
സൗദി-ജപ്പാൻ നയതന്ത്ര ബന്ധങ്ങളുടെ 70-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ ഈവർഷം സാംസ്‌കാരിക പരിപാടികൾ അവതരിപ്പാക്കാൻ ജപ്പാനെയാണ് ക്ഷണിച്ചത്. ജപ്പാൻ കലാകരൻമാരും സാംസ്‌കാരിക പ്രവർത്തകരും മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന 'ജപ്പാൻ കൾചറൽ ഡെയ്‌സിൽ' വിവിധ പരിപാടികളാണ് അവതരിപ്പിക്കുന്നത്. ജപ്പാൻ സംസ്‌കാരം വിളംബരം ചെയ്യുന്നത് സമാധാനമാണ്. മനസ്സിന്റെ ശാന്തിയും സമാധാനവും വഴി ലഭിക്കുന്ന മാനസികാരോഗ്യം കൂടിയാണ് അവരുടെ സംസ്‌കാര രീതി. അതുകൊണ്ടാകണം ഇത്‌റയിൽ അരങ്ങേറിയ കലാരൂപങ്ങളേറെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. മാത്രമല്ല, പരിപാടികളിൽ കാണികളെ പങ്കാളികളാക്കി കൂടുതൽ ആസ്വാദ്യകരമാക്കാനും കലാകാരൻമാർ ശ്രമിക്കുന്നത് കാണാം.
കലയും പ്രകൃതിയും സംയോജിപ്പിച്ച് മരങ്ങൾ വളർത്തുന്നതിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജപ്പാൻ ശൈലി പഠിക്കാൻ സന്ദർശകർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ജപ്പാൻ സിനിമകൾ, നാടകങ്ങൾ, പൗരാണിക സംസ്‌കാരം പരിചയപ്പെടുത്തുന്ന ആനിമേഷനുകൾ എന്നിവയുടെ പ്രദർശനവും കാണാം. ഇതിനു പുറമെ ജപ്പാനീസ് ഭക്ഷ്യ സൽക്കാരങ്ങൾ, പരമ്പരാഗത ഭക്ഷ്യ വിഭവം 'സുഷി' തയ്യാറാക്കാൻ പരിശീലിപ്പിക്കുന്ന ശില്പശാലകൾ, ജാപ്പനീസ് മധുരപലഹാരങ്ങളായ 'വാഗാഷി' നിർമാണം, കാലിഗ്രഫി, ഡ്രോയിംഗ് ക്ലാസുകൾ, കരകൗശല വസ്തു നിർമാണം, എന്നിവ 'ജപ്പാൻ കൾച്ചറൽ ഡേയ്‌സ്' പരിപാടിയുടെ ഭാഗമാണ്.
സാംസ്‌കാരിക വിനിമയത്തിലൂടെ മാനവിക മൂല്യങ്ങൾ പരസ്പരം കൈമാറുക. അതുവഴി ലഭ്യമാകുന്ന മനുഷ്യ ഊർജ്ജം സമൂഹത്തിന് സമ്മാനിക്കുന്നത് വിലമതിക്കാനാവാത്ത അനുഭവങ്ങളാണ്. ഇതു കൂടുതൽ വ്യക്തമാക്കുന്നതാണ് ഇത്‌റയിൽ ഒരുക്കിയിട്ടുളള ജപ്പാൻ കൾച്ചറൽ ഡെയ്‌സ് എന്ന കാര്യത്തിൽ സംശയമില്ല.