TRADE-NAFTA/TRUMP

സിറിയന്‍ നയത്തില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ നാല് അമേരിക്കന്‍ പൗരന്‍മാര്‍ക്കു കൂടി സംഘര്‍ഷഭൂമിയില്‍ ജീവന്‍ നഷ്ടമായി. ഇസ്ലാമിക് സ്റ്റ്റ്റേിനെ പൂര്‍ണമായി പരാജയപ്പെടുത്തി എന്ന പ്രസിഡന്‍റ് ട്രംപിന്‍റെ അവകാശവാദം പുറത്തുവന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഐസിസ് ക്രൂരമായ ആക്രമണം നടത്തിയത് . അമേരിക്ക പിന്‍മാറുന്ന ദിവംസ ഐസിസിസ് കരുത്താര്‍ജിക്കുമെന്ന വാദത്തിന് ശക്തിപകരുന്നതായി മാന്‍ബിജ് ആക്രമണം.

നാലുവര്‍ഷമായി അമേരിക്ക നടത്തുന്ന പോരാട്ടം ഇസ്ലാമിക് സ്റ്റേറ്റെന്ന ഭീകരസംഘടനെ തുടച്ചു നീക്കിയെന്നാണ് പ്രസിഡന്‍റ് ട്രംപ് അവകാശപ്പെടുന്നത്.  സൈന്യവും  രഹസ്യാന്വേഷണവിഭാഗവും അംഗീകരിക്കാത്ത ഈ വാദത്തിന് അടിസ്ഥാനമെന്തെന്ന് വ്യക്തമല്ല. ഐസിസ് തന്നെ ട്രംപിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാരെപ്പോലും കൊന്നൊടുക്കാന്‍ കഴിയുന്ന കരുത്തുമായി തങ്ങള്‍ സിറിയന്‍ മണ്ണില്‍ത്തന്നെയുണ്ടെന്ന് ആ ആക്രമണത്തിലൂടെ അവര്‍ പറഞ്ഞുവച്ചു. രണ്ട് അമേരിക്കന്‍ സൈനികരും സിവിലിയന്‍ ഉദ്യോഗസ്ഥരുമുള്‍പ്പടെ 16 പേരാണ് ഈ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.  രണ്ട് വനിതാ ഉദ്യോഗസ്ഥരും ഇക്കൂട്ടതിലുണ്ട്. അമേരിക്കയുടെ സഖ്യസേനയായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ് അംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. അമേരിക്കന്‍ സൈനികര്‍ സ്ഥിരമായ ഭക്ഷണം കഴിക്കാറുള്ള ഈ സ്ഥലം തീവ്രവാദികള്‍ നോട്ടമിട്ടിരുന്നു. കടയുടെ മുന്നിലേക്കെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചു. 

സിറിയന്‍ ആഭ്യന്തര കലാപത്തിലെ എല്ലാ കക്ഷികളും കേന്ദ്രീകരിച്ചിട്ടുള്ള പട്ടണമാണ് മാന്‍ബിജ്. 2015ല്‍ അമേരിക്കന്‍ സൈന്യമെത്തിയതോടെയയാണ് ഇസ്ലാമിക് സ്റ്റേറ്റിനെ ഇവിടെ നിന്ന് തുരത്തിയത്. അമേരിക്കന്‍ പിന്തുണയുള്ള പ്രാദേശിക ഭരണസംവിധാനമാണ് ഇപ്പോഴുള്ളത്. എന്നിട്ടും ഭീകരര്‍ക്ക് കടന്നുകയറി ആക്രമണം നടത്തനായി എന്നത് ഏവരെയും അമ്പരപ്പിച്ചു. പ്രസിഡന്‍റ് ട്രംപ് പറയും പോെല ഇസ്ലാമിക് സ്റ്റേറ്റ് പൂര്‍ണമായി തോറ്റോടിയിട്ടില്ല എന്നു തന്നെ അര്‍ഥം. ഇതേ അപകടം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്‍റിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചത്. മാന്‍ബിജ് ആക്രമണത്തെത്തുടര്‍ന്ന് സിറിയന്‍ നയം പുനപരിശോധിക്കണ

മെന്ന ആവശ്യം അമേരിക്കയില്‍ ശക്തമായി. ഏറെ രക്തസാക്ഷികളെ സൃഷ്ടിച്ച പോരാട്ടം വിജയം കാണാതെ പിന്‍മാറരുതെന്ന് സെനറ്റര്‍മാര്‍ കക്ഷി രാഷ്ട്രീയ വൃത്യാസമില്ലാതെ ആവശ്യപ്പെട്ടു. 

പക്ഷേ ഇതിനിടെ പ്രസിഡന്‍റിന്‍റെ ഉത്തരവ് മാനിച്ച് ആയുധങ്ങളും യുദ്ധോപകരണങ്ങളും തിരിച്ചയക്കുന്ന നടപടി സൈന്യം തുടങ്ങിക്കഴിഞ്ഞു. മാന്‍ബിജില്‍ മാത്രമല്ല ഹാജിന്‍ പോലുള്ള മേഖലകളിലും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം തടരുകയാണെന്ന് കുര്‍ദ് സേന വ്യക്തമാക്കുന്നു.ഇറാഖിലും സിറിയയിലുമായി ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഇപ്പോഴുമുണ്ടെന്നാണ് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട്.  ഐസിസ് അനുഭാവമുള്ള വിവിധ ചെറു പ്രസ്ഥാനങ്ങള്‍ വേറെയുമുണ്ട്. 

അമേരിക്കയുടെ പിന്‍മാറ്റ പ്രഖ്യാപനത്തെ തങ്ങളുടെ വിജയമായാണ് ഇസ്ലാമിക് സ്റ്റേറ്റ് അവതരിപ്പിക്കുന്നത്. സിറിയയില്‍ വീണ്ടും ആക്രണം അഴിച്ചുവിടാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് മാന്‍ബിജ് ആക്രണം. 2011 ല്‍ ഇറാഖില്‍ നിന്ന് യുഎസ് സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ വിവിധ ഭീകരപ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ അമേരിക്കന്‍ സൈന്യം പിന്‍മാറിയാല്‍ കൈവിട്ടുപോയ 50 ശതമാനം മേഖലകളും തിരിച്ചുപിടിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ തയാറായി തുര്‍ക്കിയുടെ തയിപ് എര്‍ദോഗനും ഈയാഴ്ച രംഗത്തിറങ്ങി. നാല് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായ മാന്‍ബിജിന്‍റെ കാര്യം തന്നെ ഏല്‍പ്പിക്കാന്‍ അദ്ദേഹം ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിയിലുള്ള മാന്‍ബിജില്‍ എര്‍ദോഗന്‍ നോട്ടമിട്ടിട്ട് നാളേറെയായി. കുര്‍ദ് സൈന്യത്തെ ആശങ്കപ്പെടുത്തുന്നതും അതുതന്നെ.

അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കുര്‍ദ് പോരാളികള്‍ ഐസിസിനെ തുരത്തി മാന്‍ബിജ് പിടിച്ചെടുത്ത.് കുര്‍ദിഷ് പാര്‍ട്ടിയായ വൈപിജിയെയും അവരുടെ സൈനിക വിഭാഗമായ എസ്ഡിഎഫിനയും തീവ്രവാദികളായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇങ്ങോട്ടേക്ക് തുര്‍ക്കി കടന്നുകയറുന്നത് എസ്ഡിഎഫിന് ചിന്തിക്കാനാവില്ല. അമേരിക്കന്‍ സൈനിക പിന്‍മാറ്റമുണ്ടായാലുടന്‍ അത് സംഭവിക്കുമെന്ന് കുര്‍ദുകള്‍ക്ക് ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ്  അമേരിക്ക പോയാല്‍ മാന്‍ബജിനെ സഹായിക്കണനെന്ന് സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനോട് പോലും കുര്‍ദുകള്‍ ആവശ്യപ്പെട്ടത്. ആയുധങ്ങളോട സാങ്കേതികവിദ്യയോ സ്വന്തമായില്ലാത്ത കുര്‍ദ് സേന അമേരിക്കന്‍ പിന്‍മാറ്റത്തോടെ തീര്‍ത്തും ദുര്‍ബലമാകും. 

അമേരിക്ക എത്രയും വേഗം സിറിയയില്‍ നിന്ന് പിന്‍മാറണമെന്ന് തുര്‍ക്കി ആഗ്രഹിക്കുന്നു എന്നതിന്‍റെ സൂചനയാണ് ട്രംപ് എര്‍ദോഗന്‍ ചര്‍ച്ച. സൈനിക പിന്‍മാറ്റം ആഗ്രഹിക്കാത്ത വൈറ്റ് ഹൗസ് ഉന്നതരെ ഒഴിവാക്കി നേരിട്ട് പ്രസിഡന്‍റിനെ വിളിച്ചതും ഈ ലക്ഷ്യത്തോടെ തന്ന. കുര്‍ദ് സേനയെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ തുര്‍ക്കി വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കിയത് എര്‍ദോഗനെ ചൊടിപ്പിച്ചിരുന്നു. എര്‍ദോഗനുമായി ചര്‍ച്ച നടത്താനാവാതെ ബോള്‍ട്ടന് അങ്കാറയില്‍ നിന്ന് മടങ്ങേണ്ടിയും വന്നു. കുര്‍ദുകളെ ഉപദ്രവിച്ചാല്‍ തുര്‍ക്കിക്കുമേല്‍ ശക്തമായ ഉപരോധങ്ങളേര്‍പ്പെടുത്തുമെന്നും വാഷിങ്ടണ്‍ മുന്നറിയിപ്പ് നല്‍കി. വിരട്ടാന്‍ വേണ്ടെന്ന് അങ്കാറ തിരിച്ചടിച്ചു. ഈ തര്‍ക്കം തീര്‍ക്കാനാണ് ട്രംപിന്‍റെ വിശ്വസ്ഥന്‍ ലിന്‍ഡ്സി ഗ്രഹാം തുര്‍ക്കിയിലെത്തിയത്. 

സൈനിക പിന്‍മാറ്റത്തെ തുടര്‍ന്നുണ്ടാകാവുന്ന പുതിയ സംഘര്‍ഷങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിന് ബോധ്യമുണ്ടെന്നര്‍ഥം. അമേരിക്കന്‍ ആയുധങ്ങളുമായി അതിര്‍ത്തിയില്‍ തുടരുന്ന കുര്‍ദുകള്‍ തുര്‍ക്കിക്ക് ഭീഷണിയാണെന്ന് എര്‍ദോഗന്‍ വാദിക്കുന്നു. ഇക്കാര്യം പറഞ്ഞ് എണ്ണ സമ്പന്നമായ സിറിയില്‍ കടന്നു കയറിയാല്‍ അടുത്ത യുദ്ധത്തിലേക്ക് നീങ്ങും കാര്യങ്ങള്‍.  മധ്യപൂര്‍വദേശത്തെ പൊലീസാകാന്‍ അമേരിക്കക്ക് താല്‍പര്യമില്ലെന്ന് പ്രസിഡന്‍റ് ട്രംപ് പറയുന്നു. പക്ഷേ അമേരിക്കയെ വിശ്വസിച്ച് തീവ്രവാദപോരാട്ടത്തിനിറങ്ങിയവരെ ശത്രുവിന്‍റെ കയ്യില്‍ എറിഞ്ഞുകൊടുത്ത് പിന്‍മാറുന്നത് വഞ്ചനയാണെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.