Nere-Chowe_HD_16-12-2022

ലീഗ് വര്‍ഗീയകക്ഷിയല്ലെന്ന സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കാനം രാജേന്ദ്രന് ഇഷ്ടപ്പെടാത്തത് ലീഗ് വന്നാല്‍ മുന്നണിയിലെ രണ്ടാംസ്ഥാനം പോകും എന്നു കരുതിയാവുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് സിപിഎമ്മിന്‍റെ മാത്രം അഭിപ്രായമല്ല, കേരളത്തിന്‍റെ മുഴുവന്‍ അഭിപ്രായമാണെന്നും , ആരെങ്കിലും നല്ലതു പറ‍ഞ്ഞാല്‍ നിഷേധിക്കേണ്ട കാര്യം ലീഗിന് ഇല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.  മനോരമ ന്യൂസ് ചാനിലെ നേരേചൊവ്വേയിലാണ് തങ്ങളുടെ പ്രതികരണം. വിഡിയോ കാണാം: 

 

ലീഗിനെ എല്ലാവര്‍ക്കും ആവശ്യമാണ്.  എന്നാല്‍ ലീഗിന് അങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളാന‍ാവില്ല.  എല്‍ഡിഎഫിലേക്ക് ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല.  ലീഗ് മുന്നണി മാറാനുള്ള രാഷ്ട്രീയസാഹചര്യവുമില്ല.  യുഡിഎഫിെന ശക്തിപ്പെടുത്തുക തന്നെയാണ് ലീഗിന്റെ ലക്ഷ്യം.  എന്നാല്‍ ദേശീയതലത്തില്‍ ഫാസിസത്തെ തടഞ്ഞുനിര്‍ത്താന്‍ ഇടതുപക്ഷത്തിന്‍റെ സഹകരണം ആവശ്യമാണ്.  മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസും സിപിഎമ്മും ഇക്കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കണം.  

 

ഭരണമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയൊന്നുമല്ല ലീഗ്.  എന്നാല്‍ എക്കാലത്തും പ്രതിപക്ഷത്തിരിക്കുക എന്നത് ലീഗിന്‍റെ ലക്ഷ്യമല്ല. കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടായ്മയാണ് ലീഗ് ആഗ്രഹിക്കുന്നത്.  ശശി തരൂര്‍ പുതിയ പ്രതിഭാസമൊന്നുമല്ല.  ഫാസിസത്തോട് സന്ധി ചെയ്യാത്ത നേതാവ് എന്നനിലയില്‍ ശശി തരൂരിന്‍റെ നിലപാട് ആത്മധൈര്യം നല്‍കുന്നതാണ്.

 

കേരള ഗവര്‍ണറുടേത് ഫാസിസത്തോടു ചേര്‍ന്നുനില്‍ക്കുന്ന നയമാണ്. ആര്‍എസ്എസ് അനുകൂലിയായ ഗവര്‍ണറെ മുസ്‍ലിം ലീഗ് ശക്തമായി എതിര്‍ക്കും.  മുസ്‍ലിം സംഘടനകളെ പിണറായി സര്‍ക്കാര്‍ പലരീതിയിലും പ്രലോഭിപ്പിക്കുകയാണെന്ന് തങ്ങള്‍ ആരോപിച്ചു. മുമ്പ് ലീഗ് മുഖേനയാണ് സമസ്ത സര്‍ക്കാരിന്റെ മുന്നില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നേരിട്ടുവരാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണ്.  എന്നാല്‍ വഖഫ് ബോര്‍ഡ് വിഷയത്തില്‍ ഉള്‍പ്പെടെ മുസ്‍ലിം ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങള്‍ വന്നുനിന്നത്.

 

ഫുട്ബോള്‍ ആരാധനയ്ക്ക് എതിരായ സമസ്ത നേതാവിന്‍റെ നിലപാട് ആ പ്രസ്ഥാനത്തിന്‍റെ അഭിപ്രായമല്ല.  ശത്രുരാജ്യങ്ങള്‍ ശത്രുത മറന്ന് കളിക്കളത്തില്‍ ഒന്നിക്കുമ്പോള്‍ ഫുട്ബോള്‍ ആരാധനയെ തള്ളിപ്പറയേണ്ട കാര്യമില്ല – ഫുട്ബോള്‍ പ്രേമിയായ സാദിഖലി തങ്ങള്‍ പറഞ്ഞു.

 

Everyone needs the league; But the league needs something else, says Panakkad Sadiq Ali Shihab Thangal