കോണ്‍ഗ്രസ് മുക്തഭാരതമെന്നേ ബി.ജെ.പി ലക്ഷ്യം പ്രഖ്യാപിച്ചിട്ടുളളൂ. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസ്ഥ വച്ചു നോക്കിയാല്‍ പ്രതിപക്ഷമുക്തഭാരതം തന്നെ യാഥാര്‍ഥ്യമാകുമെന്നു പേടിക്കണം. പ്രതിപക്ഷമെന്ന ശബ്ദത്തിനര്‍ഥം എന്തെന്നു പോലുമറിയാതെ ഭൂരിപക്ഷസര്‍ക്കാരിന്റെ താളത്തിനൊത്തു ചാടിക്കൊടുക്കുന്ന ആശയരാഹിത്യമാണ് ഇന്ന് ഇന്ത്യന്‍ പ്രതിപക്ഷം എന്നു പറയാതെ വയ്യ.
അമിത് ഷാ ഒരു കുരുക്കു വീശി. ദേശസുരക്ഷയെ എതിര്‍ക്കുന്നവരാരെന്ന് രാജ്യം കാണട്ടെ. ആ ഒരൊറ്റ ചോദ്യത്തില്‍ കറങ്ങിവീണു ഇന്ത്യന്‍ പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ലമെന്റില്‍ കൊണ്ടുവന്ന എന്‍.ഐ.എ. ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിലായിരുന്നു ക്ലൈമാക്സ്. ബില്ലിനെ എതിര്‍ത്ത് ഘോരഘോരം പ്രസംഗിച്ച കോണ്‍ഗ്രസ് പോലും ബില്ലിനു വേണ്ടി വോട്ടു ചെയ്തു. ലോക്സഭയില്‍ വോട്ടു തന്നെ ചെയ്തു കൊടുത്തു, രാജ്യസഭയില്‍ ശബ്ദവോട്ടോടെ ഒറ്റക്കെട്ടായി ബില്‍ പാസാക്കാന്‍ ബി.ജെ.പി. സര്‍ക്കാരിന് കൈയടിച്ചു കോണ്‍ഗ്രസ്. രാജ്യസുരക്ഷയല്ലേ, അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇനിയൊരു റിസ്കെടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്നു ചുരുക്കം. കേരളത്തില്‍ നിന്ന് എന്‍.ഐ.എ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത് ഒരേയൊരു ആരിഫ്.
ലോക്സഭയില്‍ ആകെ ആറു പേര്‍ അപ്പുറത്ത് കോണ്‍ഗ്രസ് അടക്കം 278 പേര്‍ പിന്തുണച്ച ബില്ലിനെതിരെ വോട്ടു ചെയ്തു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്കും എന്‍.ഐ.എ ബില്ലിനോടു ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ബെന്നി ബെഹ്നാനും കെ.മുരളീധരനും പാര്‍ട്ടി നേതൃത്വത്തെ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ പോയി എന്തു പറയുമെന്നായിരുന്നത്രേ എം.പിമാരുടെ ആശങ്ക. പക്ഷേ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചിന്തിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം കേരളാ എം.പിമാരോട് ആവശ്യപ്പെട്ടു എന്നാണ് ന്യായം.
അതിനേക്കാള്‍ വിചിത്രമാണ് മുസ്‍ലിംലീഗിന്റെ ന്യായം. ശക്തമായി വിയോജിച്ചു പ്രസംഗിക്കുകയൊക്കെ ചെയ്തു. പക്ഷേ വോട്ടെടുപ്പിന്റെ നേരമായപ്പോള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും ഇറങ്ങിപ്പോയി. സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതും എതിര്‍ത്തു വോട്ടു ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം അറിയാതെയാണോ ലീഗിന്റെ ഇറങ്ങിപ്പോക്ക്? പ്രശ്നം അവിടെയല്ലെന്നു വ്യക്തം. പ്രതിപക്ഷത്തിനിടയില്‍ ഏകോപനമില്ല, ആശയപ്പൊരുത്തമില്ല, വ്യക്തമായ രാഷ്ട്രീയപ്രതിരോധം പോലുമില്ല.
കഴിഞ്ഞ ലോക്സഭയില്‍ മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പ് ദിവസം സഭയിലില്ലാതിരുന്നതിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാവാണ് പി.കെ.കുഞ്ഞാലിക്കുട്ടി. പക്ഷേ ഇത്തവണ സഭയിലുണ്ടായിട്ടും എതിര്‍ത്തു വോട്ടു ചെയ്യാതെ ഇറങ്ങിപ്പോകുകയാണ് ലീഗിന്റെ എല്ലാ എം.പിമാരും ചെയ്തത്. പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് ഇടമൊരുക്കും വിധമാണ് സുരക്ഷാ ഏജന്‍സികളുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതെന്ന് ചര്‍ച്ചയില്‍ പറഞ്ഞിരുന്നുവെന്ന് ലീഗുകാര്‍ക്കു ന്യായീകരിക്കാനാകുമോ? ഇത്ര ഗുരുതരമായ വിയോജിപ്പുള്ള ഒരു നിയമത്തെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്?
ലോക്സഭയില്‍ എ.എം.ആരിഫ് എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയെങ്കിലും രാജ്യസഭയില്‍ ഇടതുപക്ഷത്തിന്റെ എം.പിമാരും വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണ് ചെയ്തത്. ലോക്സഭയില്‍ പ്രതിപക്ഷവോട്ടുകള്‍ക്കു വിലയില്ലാത്തതുപോലെയല്ല രാജ്യസഭയിലെ സ്ഥിതി. സര്‍ക്കാരിന് ഇപ്പോഴും രാജ്യസഭയില്‍ ഭൂരിപക്ഷമായിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ സ്വാഭാവികമായും ബില്‍ പാസാകുമെന്നുറപ്പാണ്. എന്നാല്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ എഴുതപ്പെടേണ്ട എതിര്‍പ്പുകളാണ് രേഖപ്പെടുത്തുന്ന ഓരോ വോട്ടും. പക്ഷേ പ്രതിപക്ഷത്തിന് അങ്ങനെയൊരു സംയോജിത
രാഷ്ട്രീയപ്രതിരോധത്തിന് ഉദ്ദേശവുമില്ല, ലക്ഷ്യവുമില്ല.
ഒറ്റയാള്‍ പ്രസംഗങ്ങളില്‍ ഒതുങ്ങേണ്ടതല്ല ഒരു പ്രതിപക്ഷപാര്‍ട്ടിയുടെയും പാര്‍ലമെന്റ് ദൗത്യം. പ്രത്യേകിച്ചും ദുരുദ്ദേശം പ്രകടമാക്കിത്തന്നെ സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവരികയും കാര്യമായ ചര്‍ച്ച പോലുമില്ലാതെ അത് പാസാക്കിക്കൊണ്ടുപോകുകയും ചെയ്യുമ്പോള്‍.
അതെങ്ങനെ കോണ്‍ഗ്രസിന് എന്‍.എ.ഐ ബില്ലിനെ എതിര്‍ക്കാന്‍ കഴിയുമെന്നാണോ? രാജ്യസുരക്ഷയ്ക്കായുള്ള ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്താല്‍ കോണ്‍ഗ്രസിന്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടില്ലേ എന്നാണോ? മാലേഗാവ്, സംഝോത എക്സ്പ്രസ്, അജ്മീര്‍ ദര്‍ഗ കേസുകളില്‍ രാജ്യസുരക്ഷയെ ഒറ്റിക്കൊടുത്ത അതേ എന്‍.ഐ.എയെക്കുറിച്ചു തന്നെയല്ലേ നമ്മള്‍ സംസാരിക്കുന്നത്? അധികാരപരിധി ആര്‍ക്കു വേണ്ടി വിപുലീകരിക്കുന്നു എന്നൊരു മറുചോദ്യം പോലുമില്ലാതെ രാജ്യസുരക്ഷയെന്ന ചൂണ്ടയില്‍ വീഴേണ്ടവരാണോ ഇന്ത്യന്‍ ജനത?
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ യു.പി.എ സര്‍ക്കാരാണ് ദേശീയ അന്വേഷണ ഏജന്‍സി അഥവാ NIA രൂപീകരിക്കുന്നത്. നിലവിലെ അന്വേഷണപരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കു പുറമേ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരം നല്‍കുന്നതാണ് രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി. നിലവിലുള്ള സംവിധാനങ്ങള്‍ മറികടന്ന് പ്രത്യേക വിചാരണകോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും ഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ദുരുപയോഗിക്കുന്നുവെന്ന് മുസ്‍ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്ന എന്‍.ഐ.എയെയാണ് വിപുലമായ അധികാരങ്ങള്‍ നല്‍കി അമിത് ഷായും സര്‍ക്കാരും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഭീകരവിരുദ്ധപോരാട്ടമെന്നു കേട്ടാലുടന്‍ എണീറ്റു നിന്നു സല്യൂട്ടടിക്കണമെന്ന വാദം അംഗീകരിക്കാം. അതിനു മുന്‍പ് എന്‍.ഐ.എയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ചില ചോദ്യങ്ങളെങ്കിലും ചോദിക്കാന്‍ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും ബാധ്യതയുണ്ട്. മാലേഗാവ്, അജ്മീര്‍ ദര്‍ഗ, സംഝോത എക്സ്പ്രസ് സ്ഫോടനക്കേസുകളില്‍ എവിടെയായിരുന്നു എന്‍.ഐ.എയുടെ രാജ്യസ്നേഹം? 62 പേര്‍ കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ മനഃപൂര്‍വം വരുത്തിയ വീഴ്ചകളാണ് പ്രതികളെ മുഴുവന്‍ വെറുതെവിടാന്‍ ഇടയാക്കിയതെന്ന് കോടതിയില്‍ നിന്നു തന്നെ ഇന്ത്യ കേട്ടതാണ്. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ് ഠാക്കൂറാണ് ഇന്ന് ബി.െജ.പിയെ പ്രതിനിധീകരിച്ച് ഇതേ ലോക്സഭയിലിരിക്കുന്നത്. മാലേഗാവ് പ്രതികളെ എന്‍.ഐ.എ കുറ്റവിമുക്തരാക്കിയിട്ടും കോടതിയുടെ കടുത്ത നിലപാടു കൊണ്ടു മാത്രമാണ് ഇന്നും കേസ് തുടരുന്നതെന്നോര്‍ക്കുക. ഞങ്ങള്‍ക്ക് കേസില്ലെന്ന് എന്‍.ഐ.എ പറഞ്ഞു കഴിഞ്ഞ ആ ഭീകരാക്രമണക്കേസിന്റെ ഭാവി എന്താകുമെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ? കാവിഭീകരത പ്രതിസ്ഥാനത്തു വന്ന എല്ലാ കേസുകളിലും എന്‍.ഐ.എ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച നിലപാട് എന്താണെന്ന് ഇന്ത്യ കണ്ടു കൊണ്ടിരിക്കുകയാണ്.
എങ്കിലും എന്‍.ഐ.എയുടെ അധികാരപരിധി കൂട്ടണമെന്ന് അമിത് ഷാ തീരുമാനിച്ചാല്‍ കൂട്ടുകതന്നെ ചെയ്യും. അതാണ് പുതിയ ഇന്ത്യയിലെ രാഷ്ട്രീയബലാബലം. പക്ഷേ അതിന് പ്രതിപക്ഷത്തെക്കൊണ്ടു പോലും കൈയടിപ്പിക്കാനാകുന്നത് അമിത് ഷായുടെ മിടുക്കാണോ, പ്രതിപക്ഷത്തിന്റെ ദയനീയതയാണോ? പരാതിയുമായി കാണാനെത്തിയ സി.പി.എം എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന തരം പുതിയ രാഷ്ട്രീയ ശൈലിയുമായി അമിത് ഷാ ഒരുക്കുന്ന എല്ലാ കെണികളിലും ചെന്നു ചാടി ആത്മഹത്യ ചെയ്യുകയാണോ പ്രതിപക്ഷത്തിന് ഇനി ആകെ ചെയ്യാനുള്ളത്?
ഇതാണ് ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ട ബൈദ്യയോട് അമിത് ഷാ മുന്നോട്ടു വച്ച ആവശ്യം ഇതാണ്.
കര്‍ണാടകയില്‍ ഇനി അറിയാനുള്ളത് നാടകാന്ത്യം മാത്രമാണ്. ബി.ജെ.പി. എതെങ്കിലും ജനാധിപത്യമര്യാദകള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതു തന്നെ വിഡ്ഢിത്തമാണ്. ഗോവയില്‍ മാത്രമല്ല, മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭാവി തുലാസിലാണ്. രണ്ടുമാസമായി സ്വന്തം അധ്യക്ഷനെ കണ്ടെത്താനാകാത്ത കോണ്‍ഗ്രസിനോ ട്പുറത്തു നിന്നുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂടി സമ്മര്‍ദം ചെലുത്തി നേരം കളയേണ്ടതുമില്ല. പാര്‍ലമെന്റില്‍ ധിടുതിയില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ കൊണ്ടു വന്നു നടപ്പാക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍. വേണ്ടത്ര ചര്‍ച്ചയോ വിശകലനമോ ഇല്ലാതെ പാര്‍ലമെന്റില്‍ നിയമനിര്‍മാണങ്ങള്‍ നടക്കുകയാണ്. നിയമനിര്‍മാണം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷം നിര്‍വഹിക്കുന്നില്ല. കശ്മീരിലെ രാഷ്ട്രപതിഭരണം നീട്ടാനുള്ള പ്രമേയം, വിവരാവകാശഭേദഗതി, മുത്തലാഖ് നിരോധന ബില്‍, ട്രാന്‍സ്ജന്‍ഡര്‍ ബില്‍ ആ നിര ഓരോ പാര്‍ലമെന്റ് ദിനത്തിലും നീളുകയാണ്. ഇന്ത്യക്കാരന്റെ ജീവിതവും ഭാവിയും നിര്‍ണയിക്കുന്ന ഒട്ടേറെ നിയമങ്ങള്‍ രാഷ്ട്രീയപരിശോധനയില്ലാതെ പുറത്തിറങ്ങുന്നു.
പ്രതിപക്ഷത്തിന്് ഏകീകൃത സ്വഭാവമില്ല. രാഷ്ട്രീയ ഏകോപനമില്ല. ബി.ജെ.പിയുടെ ഏത് അജന്‍ഡയും സുഗമമായി നടത്തിയെടുക്കപ്പെടുന്ന ഇടമായി ഇന്ത്യന്‍ പാര്‍ലമെന്റു പോലും മാറുന്നത് ജനവിധിയുടെ ബലത്തില്‍ മാത്രമല്ല, പ്രതിക്ഷത്തിന്റെ ദയനീയാവസ്ഥ കൊണ്ടു കൂടിയാണ്. ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷത്തിന്റെ പ്രതിരോധം കൂടിയാണ്. ഇന്ത്യ അതെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്നു തന്നെയാണ് കടന്നു പോകുന്ന പാര്‍ലമെന്റ് സമ്മേളനം രേഖപ്പെടുത്തുന്നത്.