Image∙ Shutterstock - 1

നമ്മുടെ രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അമ്പതു കൊല്ലം മുന്‍പുണ്ടായ അടിയന്തരാവസ്ഥയാണോ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയാണോ അതോ തുടര്‍ച്ചയായ ട്രെയിന്‍ ദുരന്തങ്ങളാണോ? രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഏറ്റവും വലിയ പ്രശ്നം  അടിയന്തരാവസ്ഥയാണ്.  പത്തുവര്‍ഷത്തിനിടയില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിപക്ഷകരുത്തിനെ ഭിന്നിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോ? മെലിഞ്ഞ സര്‍ക്കാര്‍ മര്യാദപൂര്‍വം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അര്‍ഥമുണ്ടോ?? പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ഉത്തരമുണ്ട്. 

 

എല്ലാ രാഷ്ട്രീയസമവാക്യങ്ങളും മാറിമറി‍ഞ്ഞ പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് അടുത്തിടെ രാജ്യം ഏറ്റവും ആകാംക്ഷയോടെ കണ്ട സംഭവവികാസം. വീര്യമൊട്ടും കുറയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം അണി നിരന്നു. പക്ഷേ കഴിഞ്ഞ പത്തു വര്‍ഷമായി ലോക്സഭ കണ്ടിട്ടില്ലാത്ത കരുത്തുറ്റ പ്രതിപക്ഷം , പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിരോധനിരയും തീര്‍ത്തു. പത്തുവര്‍ഷമായി രാജ്യത്ത് ഒരു പ്രതിപക്ഷനേതാവും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. 

ഭരണഘടനാ സംരക്ഷണമെന്ന മുദ്രാവാക്യം ഫലം ചെയ്തുവെന്ന് ബോധ്യമായ പ്രതിപക്ഷം ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് ലോക്സഭയിലുമെത്തിയാല്‍ പ്രധാനമന്ത്രി എന്തു ചെയ്യും? ഭരണഘടനയുടെ ചെറുപതിപ്പുകള്‍ തലങ്ങും വിലങ്ങും ഉയര്‍ത്തി പ്രതിപക്ഷം മുന്നേറുമ്പോള്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത് അടിയന്തരാവസ്ഥ. പത്തുകൊല്ലമായി നിലവിലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ല, 1975ലെ ഒറിജിനല്‍ അടിയന്തരാവസ്ഥ. ആ കുരുക്കില്‍ പ്രതിപക്ഷം കറങ്ങി വീണോ? വീഴ്ത്താന്‍ പ്രധാനമന്ത്രിക്കായോ?

അടിയന്തരാവസ്ഥ ആദ്യം എടുത്തിട്ടത് പ്രധാനമന്ത്രി. പതിനെട്ടാം ലോക്സഭയുടെ ആദ്യദിനം തന്നെ. 

1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം അമ്പതാം വര്‍ഷത്തിലേക്ക് എത്തുന്ന വേളയിലാണ് അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ചതെന്ന് പ്രധാനമന്ത്രിക്കു ന്യായീകരിക്കാം. പക്ഷേ തൊട്ടടുത്ത ദിവസം   സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം പ്രകാശ് ബിര്‍ല എല്ലാ കീഴ്‍വഴക്കങ്ങളും ലംഘിച്ച് അടിയന്തരാവസ്ഥയ്ക്കെതിരായ പ്രമേയം അവതരിപ്പിച്ചതോടെ മോദിഭരണകൂടത്തിന്റെ വെപ്രാളം പ്രകടമായി. 

അജന്‍‍ഡയാക്കിത്തന്നെയാണ് അടിയന്തരാവസ്ഥയിലേക്കുള്ള ചൂണ്ടുവിരലെന്ന് വ്യക്തമാക്കി രാഷ്ട്രപതിയുടെ അഭിസംബോധനയിലും അപലപിക്കല്‍ എത്തി. അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷത്തില്‍ അതോര്‍മിപ്പിക്കുന്നതില്‍ തെറ്റു പറയാനാകുമോ? ഒരിക്കലുമില്ല. പക്ഷേ മൂന്നാം വട്ടം അധികാരമേറുമ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പിന്നെയും പിന്നെയും ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഒരു പ്രഖ്യാപനമാണ്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ കുറ്റസമ്മതം. മൂന്നാമതും ഭരണത്തിലേറി എന്നതിനേക്കാള്‍ പ്രതിപക്ഷം ശക്തമായി എന്ന യാഥാര്‍ഥ്യം അലട്ടുകയാണെന്ന തുറന്ന സമ്മതം കൂടിയാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തുടര്‍വി‌ലാപം. പക്ഷേ എന്തുകൊണ്ടായാലും ന്യായീകരിക്കാനാകാത്ത കളങ്കമാണ് അടിയന്തരാവസ്ഥയെന്നതും മറക്കാനാകില്ല. 

1975 ജൂണ്‍ 25ന്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ തീരാകളങ്കമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. സ്വന്തം പദവിക്കും അധികാരത്തിനും നേരെ ഉയര്‍ന്ന വെല്ലുവിളി നേരിടാന്‍ മാത്രമായിരുന്നു ആ പ്രഖ്യാപനം. അന്നാദ്യമായി ഇന്ത്യയുടെ ഭരണഘടന തലകുനിച്ചു. ഭരണഘടനയിലെ  സാധ്യതകള്‍ വച്ചു  തന്നെ അതിന്റെ അന്തഃസത്തയ്ക്കെതിരെ ഭരണാധികാരി അധികാരം പ്രയോഗിച്ചു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും തടങ്കലിലായി. എതിര്‍ശബ്ദങ്ങള്‍ നിര്‍ബാധം അമര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷനേതാക്കളും മാധ്യമസ്വാതന്ത്ര്യവും തുറുങ്കലിലടയ്ക്കപ്പെട്ടു. പക്ഷേ രണ്ടു വര്‍ഷത്തിനു ശേഷം ജനാധിപത്യം തന്നെ നല്‍കിയ ആദ്യ അവസരത്തില്‍ ഇന്ത്യന്‍ ജനത  തെറ്റു തിരുത്തി. ഏകാധിപത്യവാഴ്ചയ്ക്കെതിരെ വ്യക്തമായി ജനവിധി രേഖപ്പെടുത്തി. 

കോണ്‍ഗ്രസിന് തന്നെ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമായി  അത് ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ നിന്ന് ഈ രാജ്യം ഒട്ടേറെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ആ പാഠങ്ങളുടെ തുടര്‍ച്ച ഈ തിരഞ്ഞെടുപ്പിലെ അന്തിമവിധിയിലും തെളിഞ്ഞു കണ്ടു. പ്രഖ്യാപിത അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മില്‍ സാങ്കേതികമായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഈ കഴിഞ്ഞ ദശാബ്ദവും രാജ്യത്തെ പഠിപ്പിച്ചു. . ആ മനസിലാക്കലിന്റെ തീരുമാനമാണ്  18ാം ലോക്സഭയിലെ ഭരണപ്രതിപക്ഷ ഘടനയില്‍ വ്യക്തമായി കാണുന്നത്. ജനങ്ങള്‍ ഭരണപക്ഷത്തെ പ്രഹരിച്ചു, പ്രതിപക്ഷത്തെ പ്രോല്‍സാഹിപ്പിച്ചു. എന്നിട്ടും ആ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ പഴയ അടിയന്തരാവസ്ഥയുടെ കഥ മാത്രമാണ് ഭരണപക്ഷത്തിന് ഓര്‍മിപ്പിക്കാനുള്ളത്. പ്രധാനമന്ത്രിക്കു പരിഹരിക്കാന്‍ നൂറായിരം പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നിലുണ്ട്. ജനകോടികളുടെ ജീവിതം നിര്‍ണയിക്കുന്ന ദേശീയ മല്‍സരപരീക്ഷകളൊന്നാകെ വിശ്വാസ്യത തകര്‍ന്ന് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്നു. തുടര്‍ച്ചയായ അപകടങ്ങളിലൂടെ റെയില്‍വേ ആശങ്കയുടെ പടുകുഴിയില്‍ നില്‍ക്കുന്നു. മണിപ്പൂര്‍ ഇപ്പോഴും പുകയുന്നു, കത്തുന്നു. തിരഞ്ഞെടുപ്പ് വിധിയുടെ പ്രതികാരമായി പലയിടത്തും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളിലും നടപടിയില്ല. ഇപ്പോള്‍ അനുഭവിക്കുന്നത് മറന്ന് ചരിത്രത്തെ അപലപിക്കാനാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും രാജ്യത്തോടാവശ്യപ്പെടുന്നത്. അനുഭവത്തിന് ആരു മറുപടി പറയും?

വീണ്ടും അധികാരത്തിലെത്തിയെങ്കിലും കേവലഭൂരിപക്ഷം നല്‍കാത്ത ജനവിധി പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും വീണ്ടുവിചാരമുണ്ടാക്കിയെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്നാണ് പാര്‍ലമെന്റ് സമ്മേളനത്തിലെ ആദ്യദിവസങ്ങളില്‍ തന്നെ പ്രകടമാകുന്നത്. പ്രതിപക്ഷത്തെ അടിച്ചിരുത്തുക എന്നതിലാണ് ആദ്യമേ താല്‍പര്യം. അടിക്കാന്‍ കൊടുത്ത വടിയെടുത്ത് പ്രതിപക്ഷം തിരിച്ചടിച്ചെങ്കിലും അങ്ങനെയിങ്ങനെയൊന്നും പിന്‍മാറാന്‍ പ്രധാനമന്ത്രിയും  ബി.ജെ.പിയും  തയാറല്ല. സ്പീക്കറുടെ പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും തൊട്ടടുത്ത ദിവസം പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ  അഭിസംബോധന ചെയ്ത രാഷ്ട്രപതിയും അടിയന്തരാവസ്ഥ അജന്‍ഡയാക്കി. ആ പ്രകോപനത്തില്‍ വീഴാതെ ഇന്നത്തെ പ്രശ്നങ്ങള്‍ സംസാരിക്കൂവെന്നതില്‍ ഉറച്ചു നിന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സൂക്ഷ്മത ശ്രദ്ധേയമാണ്.

കഴിഞ്ഞ പത്തു വര്‍ഷവും പുലര്‍ത്താന്‍ തയാറാകാത്ത പ്രതിപക്ഷബഹുമാനം ഇനിയും പ്രതീക്ഷിക്കേണ്ടെന്ന് വിളിച്ചോതുന്നതാണ് സര്‍ക്കാരിന്റെ സമീപനം. പ്രോടെം സ്പീക്കറുടെ കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറായില്ല. ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തില്‍ കീഴ്‍വഴക്കം പാലിക്കാനും തയാറല്ല. പ്രതിപക്ഷനേതാവ് സംസാരിക്കാന്‍ എഴുന്നേറ്റാല്‍ മൈക്ക് നല്‍കണമെന്ന മര്യാദ കാലങ്ങളായി പാലിക്കപ്പെട്ടു പോരുന്നതാണ്. പക്ഷേ രാഹുല്‍ഗാന്ധിക്കും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മൈക്ക് നല്‍കിയില്ലെന്നു മാത്രമല്ല, പത്തു മിനിറ്റ് കൈ ഉയര്‍ത്തിയിട്ടും രാജ്യസഭാചെയര്‍മാന്‍ ഗൗനിച്ചില്ല. തുടര്‍ന്ന് അത്യപൂര്‍വമായ നടപടിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കോണ്‍ഗ്രസ് എം.പിമാരും രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി. 

ഇതുവരെ വന്‍ഭൂരിപക്ഷത്തിന്റെ ആധികാരികത വ്യാഖ്യാനിച്ചാണ് മോദി സര്‍ക്കാര്‍ ഏകപക്ഷീയ ശൈലിയില്‍ മുന്നോട്ടു പോയത്. പക്ഷേ മൂന്നാം വരവിലെ മൂന്നാഴ്ച കൊണ്ടു തന്നെ ജനവിധിയിലെ പ്രഹരമൊന്നും വകവയ്ക്കാന്‍ തയാറല്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നു സമീപനം. ഈ മൂന്നാഴ്ചയ്ക്കിടെ തന്നെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ട ഒട്ടേറെ സംഭവപരമ്പരകളുണ്ടായി. അതിപ്പോഴും തുടരുന്നു. സമാധാനവും സഹവര്‍ത്തിത്വവുമാണോ മൂന്നാം സര്‍ക്കാരിന്റെ മുന്‍ഗണന? അതോ പ്രതിപക്ഷശബ്ദം എത്രയും വേഗം അടിച്ചമര്‍ത്തുകയെന്നതു മാത്രമാണോ?

മൂന്നാഴ്ചയ്ക്കിടെ ആറ് ആള്‍ക്കൂട്ടകൊലപാതകങ്ങളാണ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലു പേര്‍ ഛത്തിസ്ഗഢിലും 

ഉത്തര്‍പ്രദേശിലെ അലിഗഡിലും  ഗുജറാത്തിലും ഓരോരുത്തരും ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. ഛത്തിസ്ഗഢില്‍ കാലിക്കടത്ത് ആരോപിച്ച് മൂന്നു പേരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി.  ഗുജറാത്തില്‍ ക്രിക്കറ്റ് മാച്ച് കാണാന്‍ പോയപ്പോഴാണ്  ന്യൂനപക്ഷവിഭാഗക്കാരനായ 23കാരന്‍ സല്‍മാന്‍ വോഹ്റ കൊല്ലപ്പെട്ടത്. അലിഗഢില്‍ മോഷണം ആരോപിച്ചാണ് 35കാരനായ ഫരീദിനെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. മധ്യപ്രദേശില്‍ പലയിടത്തും ഗോവധമെന്ന ആരോപണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായി. ഹരിയാനയില്‍ ഖലിസ്ഥാനികളെന്നാരോപിച്ചായിരുന്നു ആക്രമണമെങ്കില്‍   ഹിമാചല്‍ പ്രദേശില്‍ ബക്രീദിന് ഗോവധം നടത്തിയെന്നായിരുന്നു ആരോപണം.  ഒഡിഷയിലും പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് വീടുകള്‍ ആക്രമിച്ച സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും തീവ്രസംഘടനകള്‍ ബക്രീദിനോടനുബന്ധിച്ച് നടത്തുന്ന ബലിക്കെതിരെ സംഘടിതരായി ആക്രമണം നടത്തി. ഇത്ര വ്യാപകമായി ആക്രമണങ്ങളുണ്ടാകുന്നത് തിരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനു കിട്ടിയ പിന്തുണയുടെ പ്രതികാരമായാണെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നത്. പക്ഷേ പാര്‍ലമെന്റിലോ പുറത്തോ എവിടെയും രാജ്യത്തെ ഭരണകക്ഷിക്ക് ഈ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കാനില്ല. ഏറ്റവുമൊടുവില്‍ അസമില്‍ വനംവകുപ്പ് വാച്ചര്‍ രണ്ട് മുസ്‍ലിം യുവാക്കളെ വെടിവച്ചുകൊന്ന സംഭവത്തിലും ചൂണ്ടുവിരല്‍ ഉയര്‍ന്നത് അസം മുഖ്യമന്ത്രിയുടെ വര്‍ഗീയ സമീപനത്തിനു നേരെയാണ്.  വേട്ടക്കാരെന്നു സംശയിച്ച് രണ്ടു സഹോദരങ്ങളെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് എഫ്.ഐ.ആര്‍. എന്നാല്‍ യുവാക്കള്‍ നിരായുധരായിരുന്നുവെന്നും മുഖ്യമന്ത്രി ഉയര്‍ത്തിവിടുന്ന ധ്രുവീകരണത്തിന്റെ ഇരകളാണ് കൊല്ലപ്പെട്ടതെന്നുമാണ് പ്രതിപക്ഷനിലപാട്. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയും പാര്‍ട്ടിയും വകവയ്ക്കാന്‍ തയാറല്ലെന്നു വ്യക്തം. പ്രതിപക്ഷബഹുമാനം പ്രധാനമന്ത്രിക്ക് ശീലമില്ല. പ്രതിപക്ഷനേതാവിനെയും നേരിട്ടു ശീലമില്ല.  പ്രതിപക്ഷം പക്ഷേ പഴയ പ്രതിപക്ഷമല്ല. മറന്നു പോയ ജനാധിപത്യപാഠങ്ങള്‍ ഭരണകൂടത്തെ ഓര്‍മിപ്പിക്കാന്‍ പ്രതിപക്ഷത്തിന് നന്നായി പണിയെടുക്കേണ്ടി വരുമെന്നുറപ്പാണ്.