ഇന്ദ്രനും ചന്ദ്രനും തടയാനാവില്ലെന്ന് പ്രഖ്യാപിച്ച സൂര്യതേജസ് സ്വയം പരിഹാസ്യനാകുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ദയനീയമായ തിരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍ പാര്‍ട്ടി കമ്മിറ്റികളില്‍ അടിമുടി വിമര്‍ശനം നേരിടുന്ന പിണറായി വിജയന്‍ താന്‍ തിരുത്തില്ലെന്ന് പരസ്യമായങ്ങ് പ്രഖ്യാപിക്കുന്നു.  പിണറായി ഹീറോ ആടാ ഹീറോ എന്ന സീനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. പക്ഷേ നമ്മള്‍ കാണുന്നത് പരിഹാസ്യമായ പിടിവാശി മാത്രമാണ്.  പക്ഷേ അതിന് പഴി കേള്‍ക്കേണ്ടത് പിണറായി അല്ല. സൂര്യതേജസും കാരണഭൂതവുമായി  വാഴ്ത്തിപ്പാടിയ സി.പി.എമ്മാണ്. കേരളത്തിലെ സി.പി.എമ്മിന്റെ ഇന്നത്തെ  അവസ്ഥയ്ക്ക് വാഴ്ത്തുപാട്ടുകള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. മുഖ്യമന്ത്രി എന്തായാലും തിരുത്തില്ല എന്നു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തിരുത്തിയില്ലെങ്കില്‍ കേരളം തിരുത്തണ്ടേ?

ജനങ്ങളെ നിര്‍ത്തിയങ്ങ് അപമാനിക്കുകയാണ്. തുടര്‍ഭരണമെന്ന ചരിത്രനേട്ടം ഏതു ധാര്‍ഷ്ട്യത്തിനും  വെല്ലുവിളിക്കുമുള്ള ലൈസന്‍സാണെന്ന് പിണറായി വിജയന്‍ ധരിച്ചിരിക്കുന്നു. താന്‍ പറയുമ്പോഴാണ് കേരളത്തില്‍ നേരം വെളുക്കുന്നതെന്നും ഇപ്പോള്‍ രാത്രിയാണെന്നു പറഞ്ഞാല്‍ കേരളം അതും അംഗീകരിക്കണമെന്നും ഒരു നേതാവ് കരുതിയാല്‍ ഒന്നുകില്‍ പാര്‍ട്ടി തിരുത്തണം, അല്ലെങ്കില്‍ കേരളം തിരുത്തണം. പരിഹാസ്യമായ വാദങ്ങളാണ് വിളിച്ചു പറയുന്നതെന്ന് തിരിച്ചറിയാനാകാത്ത ഒരു മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് തിരുത്താനാകുക? അന്നു നടന്നതെന്താണെന്നു ഒന്നുകൂടി കാണാം. ഈ ക്രൂരമായ ആക്രമണത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് അഭിനന്ദിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. ഇനിയും ഇത് തുടരണമെന്ന് ആഹ്വാനവും ചെയ്തു.  എന്നിട്ടോ, മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ പൊലീസ് ഈ ജീവന്‍രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് വധശ്രമത്തിനാണ്. 14 DYFI പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുക മാത്രമല്ല, അറസ്റ്റ് ചെയ്ത് കോടതിയില്‍ നിന്ന് റിമാന്‍‍‍ഡും വാങ്ങി ജയിലിലടയ്ക്കുകയും ചെയ്തു. അങ്ങനെ  പിണറായിയുടെ പൊലീസ് തന്നെ ഇപ്പോഴും നിയമനടപടികള്‍ മുന്നോട്ടു കൊണ്ടു പോകുന്ന കുറ്റകൃത്യത്തെയാണ് ആഭ്യന്തരമന്ത്രി ഇപ്പോഴും ജീവന്‍രക്ഷാപ്രവര്‍ത്തനമെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്നത്. കേരളത്തിലെ മനുഷ്യരുടെ സാമാന്യബോധത്തെ വെല്ലുവിളിച്ച്  പിന്നെയും പറയുകയാണ്. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില‍്ക്കുന്നു, ഇനിയും പറയുമെന്ന്. 

 ഇനി ഈ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇരയായവരുടെ ഇപ്പോഴത്തെ അവസ്ഥ കൂടി  ഒന്നു കാണണം.  ഈ മനുഷ്യരിങ്ങനെ പാതിജീവനുമായി പണിക്കു പോലും പോകാനാകാതെ നരകിച്ചു ജീവിക്കുമ്പോഴാണ് ഞാന്‍ ഹീറോയാടാ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നെഞ്ചു വിരിക്കുന്നത്.  പിണറായി വിജയനായാലും ദാസനായാലും ഈ പോക്ക് പോയാല്‍ കേരളം തിരുത്തേണ്ടി വരും. സ്വന്തം അസംബന്ധവാദങ്ങളില്‍ മാത്രമല്ല മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നത്. നാടുനീളെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ട്ടി കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനമുന്നയിക്കുമ്പോഴും വീഴ്ചയേതെങ്കിലുമൊന്നു സമ്മതിച്ചു കൊടുത്താല്‍ മൊത്തം തീര്‍ന്നു എന്ന അതേ ഭാവത്തില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയാണ്. തന്നെ വിമര്‍ശിക്കുന്നവരെ മാത്രമല്ല, സര്‍ക്കാരിനെതിരെ പരസ്യമായി പരാതി പറയുന്ന ഭരണപക്ഷ എം.എല്‍.എമാരെ വരെ യോഗം വിളിച്ച് ശാസിക്കുന്നു പിണറായി വിജയന്‍. എസ്.എഫ്.ഐ എന്തതിക്രമത്തിനു മുതിര്‍ന്നാലും ഇനിയും നിന്ന് ന്യായീകരിക്കുമെന്ന് വെല്ലുവിളിക്കുന്നു മുഖ്യമന്ത്രി. എസ്.എഫ്.ഐ തിരുത്തണമെന്ന് പറയുന്നത് മുന്നണി നേതാവാണെങ്കിലും ചോര കുടിക്കാന്‍ സമ്മതിക്കില്ലെന്ന് വെല്ലുവിളിക്കുന്നു പിണറായി ആരാധകരായ പാര്‍ട്ടി നേതാക്കള്‍. 

ഈ സമ്മേളനത്തില്‍ തന്നെ ഭരണപക്ഷത്തു നിന്നു തന്നെ സഭയില്‍ സര്‍ക്കാരിന് രണ്ടു നിശിത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.  വാഴൂര്‍ സോമന്‍ വനം മന്ത്രിയെ പേരെടുത്താണ് വിമര്‍ശിച്ചതെങ്കില്‍ കടകംപള്ളി ഉന്നം വച്ചത് മന്ത്രി മുഹമ്മദ് റിയാസിനെയാണ്. മുഖ്യമന്ത്രി നോക്കിയിരിക്കുമോ? അസാധാരണമാം വിധം LDF പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് മുഖ്യമന്ത്രി തന്നെ ഇരുവരെയും ശാസിച്ചു. വിമര്‍ശിച്ച എം.എല്‍.എമാരെ മുഖ്യമന്ത്രി തിരുത്തിയെന്നു സ്ഥിരീകരിച്ചത് വനംമന്ത്രി തന്നെയാണ്. ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അടുത്ത ഉദാഹരണം വീണ്ടും വിമര്‍ശനക്കുരുക്കില്‍ പെട്ട എസ്.എഫ്.ഐയെ  മുഖ്യമന്ത്രി ന്യായീകരിക്കുന്ന രീതിയാണ്. മുഖ്യമന്ത്രി നിയമസഭയില്‍ എസ്.എഫ്.ഐയെ ന്യായീകരിക്കുന്നതിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്തായിരുന്നുവെന്നു നോക്കാം.  തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം പ്രശ്നം ഉന്നയിക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ ഇനി എസ്.എഫ്.ഐയെ തകര്‍ക്കാന്‍ കിട്ടിയ ഏറ്റവും അവസാനത്തെ അവസരം നമുക്കൊന്നു കാണാം.  ആ തല്ലുകൊള്ളുന്നത് ഒരു  കോളജിന്റെ പ്രിന്‍സിപ്പലാണ്. പ്രിന്‍സിപ്പല്‍ തിരിച്ചും തല്ലിയിട്ടുണ്ടെന്നാണ് SFI ന്യായം. ഇനി സി.സി.ടി.വി ഇല്ലാത്ത കാര്യവട്ടം ക്യാംപസില്‍ SFI ഏറ്റവുമൊടുവില്‍ നടത്തിയ ത്യാഗോജ്വലപ്രവര്‍ത്തനത്തെക്കുറിച്ചുള്ള സാക്ഷിമൊഴി അടുത്തത്. 

പക്ഷേ SFIയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  കരുത്തുറ്റ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാവലാളാണ് SFI. അപ്പോള്‍ മറ്റുള്ളവര്‍ എന്തു ചെയ്യണം. SFI –ക്കാര്‍ തല്ലാന്‍ വരുമ്പോള്‍ 35 SFI പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടല്ലോ എന്നോര്‍ത്ത് ആ അടിയങ്ങു കൊള്ളണം.  സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമാണ് വലുതെന്ന് ആരും മറക്കരുത്. മറക്കുന്നത് മുന്നണിക്കകത്തു നിന്നാണെങ്കില്‍ പാഠം പഠിപ്പിക്കാനും പാര്‍ട്ടിയും എസ്.എഫ്.ഐയും ധാരാളം മതി. പാര്‍ട്ടിക്കകത്തു നിന്നുള്ള തിരുത്തല്‍ സമ്മര്‍ദങ്ങളെ ചെറുക്കാന്‍  പ്രതിരോധം കടുപ്പിക്കുകയാണ് പിണറായി വിജയന്‍. ആസന്നമായ അവസ്ഥ തിരിച്ചറിഞ്ഞ പാര്‍ട്ടി  പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ വിമര്‍ശനങ്ങളെയും കുടഞ്ഞു കളയുകയാണ് മുഖ്യമന്ത്രി. ഭരണത്തിലും സംഘടനാപ്രവര്‍ത്തനത്തിലും വീഴ്ചകളുണ്ടാകുന്നതും അതു തിരുത്തുന്നതുമൊക്കെ തീര്‍ത്തും സ്വാഭാവികമായ കാര്യമാണ്. പക്ഷേ ഓര്‍ത്തു നോക്കൂ കഴിഞ്ഞ എട്ടേകാല്‍ വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഴ്ചകള്‍ തുറന്നു സമ്മതിക്കാന്‍ തയാറായിട്ടില്ല. അധികാരവും രാഷ്ട്രീയവും വ്യക്തിയിലേക്കു ചുരുക്കേണ്ടി വന്ന സി.പി.എം ഇതുവരെ ഒരു തിരുത്തലിനും മുതിര്‍ന്നതുമില്ല. ഇപ്പോള്‍ നില്‍ക്കകള്ളിയില്ലാതായാതോടെയാണ് പിണറായി വിജയനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയത്. ജനങ്ങള്‍ നല്‍കുന്ന സന്ദേശം മനസിലാക്കാനുള്ള  ശേഷി നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അധികാരത്തില്‍ മാത്രമല്ല രാഷ്ട്രീയത്തില്‍ പോലും നേതാക്കള്‍ ബാധ്യതയാണ്. 

കേരളത്തില്‍ എന്തുകൊണ്ട് തോറ്റു എന്നതിന് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ വ്യക്തമാണ്. മുകള്‍ത്തട്ടു മുതല്‍ താഴെ വരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അഹങ്കാരം സി.പി.എമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റുകയാണെന്നാണ് കേന്ദ്രകമ്മിറ്റി  വിലയിരുത്തിയത്.  ജനങ്ങളുടെ രാഷ്ട്രീയതാല്‍പര്യം കൃത്യമായി മനസിലാക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു സാധിക്കുന്നില്ലെന്ന് കമ്മിറ്റി അവലോകനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതങ്ങനെ കേന്ദ്രകമ്മിറ്റി കണ്ടെത്തിയതല്ല, ഞങ്ങളും ചേര്‍ന്നാണ് കണ്ടെത്തിയതെന്ന് പാര്‍ട്ടി സെക്രട്ടറി. രണ്ടാം പിണറായി സര്‍ക്കാര്‍ ഏതാണ്ടെല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്ന് പറയുന്നത് പ്രതിപക്ഷവും മാധ്യമങ്ങളും സഖ്യകക്ഷികളും മാത്രമല്ല, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്.  കേന്ദ്രകമ്മിറ്റിയില്‍ മാത്രമല്ല, ഏരിയാകമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളും ജില്ലാനേതാക്കളുമടക്കം രൂക്ഷമായി ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെ  മാറ്റിയത്  മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കാനായിരുന്നു എന്നു വരെ പത്തനംതിട്ടയിലെ ഏരിയകമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ത്തിയത് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ തന്നെയാണ്.  സര്‍ക്കാരിന്റെ പാളിച്ചകളും മുഖ്യമന്ത്രിയുടെ ശൈലിയും ഒരു പോലെ സ്വാധീനിച്ച പരാജയമാണ് പാര്‍ട്ടിയെ തകര്‍ത്തിരിക്കുന്നത് എന്നത് പിണറായി  വിജയനൊഴികെ ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്നുണ്ട്.  

പിണറായി പിന്നെയും പിന്നെയും ന്യായീകരിച്ചാല്‍ തിരുത്തേണ്ട ഉത്തരവാദിത്തമുള്ള പാര്‍ട്ടി സെക്രട്ടറിയുടെ അവസ്ഥയാണ് ദയനീയം.  മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം പരുക്കേല്‍പിച്ചത് സി.പി.എമ്മിനാണ്. അന്ന് സി.പി.എമ്മിനും അത് പ്രശ്നമായിരുന്നില്ല. കേരളത്തിലുടനീളം നവകേരളസദസിനൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനവും തുടര്‍ന്നു. സമരം ഒരു കുറ്റകൃത്യമല്ല, പക്ഷേ ആക്രമണം കുറ്റമാണ്. പിണറായിയും പാര്‍ട്ടിയും അന്നു ശ്രമിച്ചത് സമരം കുറ്റമാണെന്നു വരുത്താനും ആക്രമണം രക്ഷാപ്രവര്‍ത്തനമാണെന്നു സമര്‍ഥിക്കാനുമാണ്. സാമാന്യബോധത്തെ പരിഹസിക്കുന്ന ന്യായീകരണവും നിലപാടുകളും ആവര്‍ത്തിക്കാന്‍ നേതാവിനുണ്ടാകുന്ന ധൈര്യമാണ് ധാര്‍ഷ്ട്യം. അതേറ്റു പാടി ആവര്‍ത്തിക്കുന്ന അരാഷ്ട്രീയമാണ് സി.പി.എമ്മും ഇത്രയും നാളും താലോലിച്ചു പോന്നത്. ഇപ്പോള്‍ ധാര്‍ഷ്ട്യവും അഹങ്കാരവുമൊക്കെ സി.പി.എമ്മിന് പ്രശ്നമായി തോന്നുന്നുണ്ട്.  നേതാക്കളുടെ പെരുമാറ്റവും ഭരണപരാജയവുമെല്ലാം കനത്ത പരാജയത്തിനു കാരണമായിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതൊക്കെ അപ്പപ്പോള്‍ ചൂണ്ടിക്കാണിച്ചവരെ ആക്രമിക്കാന്‍ അണികളെ ഇറക്കിവിട്ട്, അതു നോക്കിനിന്നതാണ് പാര്‍ട്ടി.  സത്യത്തില്‍ അധികാരവും വിജയവും കൈയിലുണ്ടെങ്കില്‍ ഒരു ധാര്‍ഷ്ട്യവും സി.പി.എമ്മിന് പ്രശ്നമൊന്നുമല്ല.  അധികാരം കൈയില്‍ നിന്നു പോകുമ്പോള്‍ മാത്രമാണ് പിണറായിയുടെ ധാര്‍ഷ്ട്യം സി.പി.എമ്മിനും പ്രയാസമുണ്ടാക്കുന്നത് . ഇനിയും ഒരു തുടര്‍ഭരണം കിട്ടിയാല്‍  കേരളം ധാര്‍ഷ്ട്യം  സഹിച്ചേ പറ്റൂ എന്നായിരിക്കും സി.പി.എം നിലപാട്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രമല്ല ഒരു പാര്‍ട്ടി തിരുത്തേണ്ടത്. തിരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളോടുള്ള സമീപനം നിര്‍ണയിക്കേണ്ടത്. 

Parayathe vayya about pinarayi vijayan: