TOPICS COVERED

നിങ്ങള്‍ ഹിന്ദുവല്ല എന്ന് നരേന്ദ്രമോദിക്കു മുഖാമുഖം നിന്ന് വിരല്‍ ചൂണ്ടി സംസാരിച്ചു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളങ്ങനെ ഹിന്ദുക്കളുടെ കുത്തകാവകാശം ഏറ്റെടുക്കേണ്ട എന്ന് പാര്‍ലമെന്റില്‍ പറയാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിച്ചു.  ഹിന്ദു എന്ന വാക്കിന്റെ അര്‍ഥമേ മാറ്റി മറിച്ച പത്തു വര്‍ഷമാണ് കടന്നു പോയത്.  ബിജെപിക്കൊപ്പം നില്‍ക്കുന്നവര്‍ മാത്രം ഹിന്ദുക്കളും മോദിയെ ചോദ്യം ചെയ്യുന്നവരെല്ലാം ഹിന്ദു വിരുദ്ധരെന്നും ചാപ്പ കുത്തപ്പെട്ട പത്തു വര്‍ഷം. ഹിന്ദുമതത്തില്‍ ജനിച്ചവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും പോലും ബി.ജെ.പിക്കു മുന്നില്‍ വിശ്വാസം തെളിയിക്കേണ്ടി വന്ന പത്തു വര്‍ഷം. ഹിന്ദു എന്ന വാക്ക് ഹിന്ദുക്കള്‍ക്കു നേരെ പോലും ഭീഷണിയായി ഉയര്‍ത്തിയ പത്തു വര്‍ഷം. അത് ഇനി നടക്കില്ലെന്നൊരു സുധീരമായ പ്രഖ്യാപനമാണ് പാര്‍ലമെന്റില്‍ കണ്ടത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നില്‍ ആദ്യമായാണ് ഇങ്ങനെയൊരു ചോദ്യവും ചൂണ്ടുവിരലും ഉയര്‍ന്നത്. അതും അദ്ദേഹത്തിന്റെ ഏറ്റവും വലിയ തുറുപ്പുചീട്ടായ വിശ്വാസത്തിനു നേരെ.  സാധാരണഗതിയില്‍ പ്രധാനമന്ത്രി ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നു പറഞ്ഞാല്‍ അതൊരു രാഷ്ട്രീയഅജന്‍ഡയുടെ ചോദ്യം ചെയ്യപ്പെടാത്ത തറക്കല്ലാണ്. പക്ഷേ രാഹുല്‍ ഗാന്ധി പിന്‍മാറിയില്ല.  ഇത് കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു സന്ദര്‍ഭമാണ്. ഹിന്ദു എന്നുച്ചരിക്കാനുള്ള സമ്പൂര്‍ണാവകാശം ഞങ്ങള്‍ക്കാണെന്ന് മോദിയും ബി.ജെ.പിയും സ്ഥാപിച്ചിരുന്നു. ആരാണ് ഹിന്ദു എന്ന് ബി.ജെ.പിക്കാര്‍ തീരുമാനിക്കുന്ന സാമൂഹ്യാന്തരീക്ഷത്തെയാണ് രാഹുല്‍ ഗാന്ധി വലിച്ചു കീറിയത്. 

 പ്രതിപക്ഷനേതാവായുള്ള രാഹുല്‍ഗാന്ധിയുടെ അരങ്ങേറ്റത്തില്‍ പ്രധാനമന്ത്രി ഇത്രയും കാലമായി സൂക്ഷ്മമായ പരിപാലിച്ചു വളര്‍ത്തിയ ഹിന്ദു സംരക്ഷകന്‍ എന്ന പടച്ചട്ടയാണ് ചോദ്യം ചെയ്യപ്പെട്ടത്. ജനതയുടെ എല്ലാ ജീവല്‍പ്രശ്നങ്ങളെയും ആ പടച്ചട്ട കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാലമത്രയും തടുത്തത്.  ആ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞു. ഇനി രാജ്യത്തിന്റെ യഥാര്‍ഥ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും പാര്‍ലമെന്റ് ഉയരണം. ജനതയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസം കാക്കണം.

സുദീര്‍ഘമായ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും നിശിതമായ വിമര്‍ശനത്തിനു വിധേയനാക്കി.  മറുപടിക്കായി ലോക്സഭയിലും രാജ്യസഭയിലും ലഭിച്ച അവസരത്തില്‍ രാഹുല്‍ഗാന്ധിക്കു ലഭിച്ചതിന്റെ ഇരട്ടിയിലേറെ സമയമെടുത്ത് പ്രധാനമന്ത്രിയും തിരിച്ചടിച്ചു. പക്ഷേ വ്യക്തിപരമായി രാഹുല്‍ഗാന്ധിയെ അധിക്ഷേപിക്കാനും കോണ്‍ഗ്രസിന്റെ ചരിത്രത്തെ ആക്ഷേപിക്കാനുമാണ് പ്രധാനമന്ത്രി കൂടുതല്‍ സമയവും ചെലവഴിച്ചത്. മാത്രമല്ല, 14 മാസമായി മൗനം പുലര്‍ത്തിയ മണിപ്പൂരിനെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തേണ്ടിയും വന്നു. 

പ്രധാനമന്ത്രി ജയിച്ചത് ഞങ്ങളാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നപ്പോള്‍, ആ ജയം പരാജയത്തിനു സമമാണെന്നാണ് പ്രതിപക്ഷം വാദിച്ചത്. പതിനെട്ടാം ലോക്സഭയെ കാത്തിരിക്കുന്നത് സംഭവബഹുലവും സജീവവുമായ സംവാദമാണെന്ന് ഉറപ്പാക്കുന്ന സാഹചര്യമാണ് ആദ്യസമ്മേളനത്തില്‍ തന്നെ കണ്ടത്. ഹിന്ദുക്കളെയാകെ അക്രമികളാക്കി എന്ന് പ്രധാനമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിച്ച് ആരോപിച്ചിട്ടും അത് അജന്‍ഡയാക്കാന്‍ കഴിഞ്ഞില്ലെന്നത് രാജ്യത്തെ മാറിയ രാഷ്ട്രീയസാഹചര്യം കൂടി വ്യക്തമാക്കുന്നു. 

മതത്തെ ശരിയായി മനസിലാക്കുന്ന ഒരു  വിശ്വാസിയും  മറ്റൊരു മതസ്ഥനെതിരെ വെറുപ്പ് പടര്‍ത്തില്ല. വിദ്വേഷം പ്രചരിപ്പിക്കില്ല. ഒരു  മതവിശ്വാസിയും ജനിച്ചു വീണുവെന്നത് കൊണ്ടു മാത്രം സ്വന്തമാകുന്ന മതത്തിന്റെ പേരില്‍  അഹങ്കരിക്കില്ല.  ദൈവങ്ങളെ  സംരക്ഷിക്കുമെന്ന് വീമ്പു പറയില്ല. രാമനെയും കൃഷ്ണനെയും ശിവനെയും ഇസ്‍ലാമിനെയും ക്രിസ്തുവിനെയും സംരക്ഷിക്കുന്നത് ഞങ്ങളാണ് എന്നു പറയുന്നതിനേക്കാള്‍ വലിയ അപമാനം ദൈവങ്ങള്‍ക്കില്ല.  തൊട്ടാല്‍ പൊട്ടുന്ന വികാരത്തിന്റെ കുമിളയിലല്ല  മതവും വിശ്വാസങ്ങളും നിലനില്‍ക്കുന്നത്.   വിശ്വാസത്തെയും ദൈവങ്ങളെയും മതങ്ങള്‍ക്കു തിരിച്ചു കൊടുക്കണം . വോട്ടുബാങ്കിന്റെ അപമാനങ്ങളില്‍ നിന്ന് ദൈവങ്ങളെ മോചിപ്പിക്കണം.  മതം മനുഷ്യന്റെ  സമാധാനവും ആശ്രയവും മാത്രമായി നിലനില്‍ക്കണം. മതത്തെ അധികാരത്തിന്റെ മത്തില്‍ നിന്നു മോചിപ്പിക്കണം. എന്നിട്ടു നമുക്ക് രാഷ്ട്രീയം സംസാരിക്കാം. ഇന്ത്യയെക്കുറിച്ചും ജനതയുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കാം. 

Parayathe vayya bjp alleges Rahul Gandhi insulted hindus portions of his speech: