PARAYATHE-VAYYA-modi

പാര്‍ട്ടിയിലും സര്‍ക്കാരിലും അജയ്യനായ മോദി എന്ന ബ്രാന്‍ഡിന് ഇളക്കം തട്ടുകയാണോ? അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ തിരിച്ചടിയോടെ പാര്‍ട്ടിയുടെ കടിഞ്ഞാണും   മോദി–ഷാ കൂട്ടുകെട്ടിന്റെ കൈയില്‍ നിന്നു വഴുതുകയാണോ? . സമഗ്രാധിപത്യം സര്‍ക്കാരിലും പാര്‍ട്ടിയിലും എന്ന പത്തു വര്‍ഷചിത്രമല്ല ഇപ്പോള്‍ രാജ്യം കാണുന്നത്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി തന്നെ പടയൊരുക്കം നടത്തുന്നു. തല്‍സമയം യോഗി ആദിത്യനാഥ് എന്തു ചെയ്യുകയാണ്. അദ്ദേഹം  കാന്‍വര്‍ യാത്രയുെട പേരില്‍ വംശവിവേചനവും വര്‍ഗീയവിഭജനവും സൃഷ്ടിക്കാനുള്ള തിരക്കിലാണ്. ജമ്മുവില്‍ നിരന്തര ഭീകരാക്രമണങ്ങള്‍ തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു ചെയ്യുകയാണ്? അദ്ദേഹം ദൈവമാകാനുള്ള ശ്രമത്തിലാണെന്ന് പരിഹസിക്കുന്നത് മറ്റാരുമല്ല, ആര്‍.എസ്.എസ് മേധാവിയാണ്. പാര്‍ട്ടിയിലും പുറത്തും  ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന പ്രതിഛായ തിരിച്ചുപിടിക്കാന്‍ നരേന്ദ്രമോദിക്കു കഴിയുമോ? അതിനു വഴിയൊരുക്കാന്‍ ഇനിയും അമിത്‍ഷായുടെ പക്കല്‍ തന്ത്രങ്ങളുണ്ടോ? 

 

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട പരസ്യമായി തന്നെയാണ് മുന്നേറുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയുമാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ബി.ജെ.പി. കാലങ്ങളായി മറ്റു പാര്‍ട്ടികളില്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന അട്ടിമറി രാഷ്ട്രീയം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ പ്രയോഗത്തിലായിരിക്കുന്നുവെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു.  തല്‍സമയം യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്തു ചെയ്യുകയാണ്? കാവഡ് യാത്ര കടന്നു പോകുന്ന വഴിയില്‍ വര്‍ഗീയ വിഭജനം ഉറപ്പാക്കാന്‍ എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ്. ഭക്ഷണശാലകളിലെല്ലാം ഉടമകളുടെയും ജീവനക്കാരുടെയും പേരുവിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ആദ്യം പൊലീസ് ഒരു നിര്‍ദേശം നല്‍കി. അതും പോരാഞ്ഞെന്നു തോന്നിയപ്പോള്‍ യാത്ര കടന്നു പോകുന്ന വഴികളില്‍ ഹലാല്‍ എന്ന ബോര്‍ഡ് എവിടെയും കണ്ടു പോകരുതെന്നാണ് ഇപ്പോള്‍ യോഗി ആദിത്യനാഥ് നേരിട്ടു കൊണ്ടു വന്നിരിക്കുന്ന പരിഷ്കാരം. ചുരുക്കത്തില്‍ മുസ്‍ലിങ്ങള്‍ക്കെതിരെ വംശവിവേചനം തന്നെ. അണിയറയില്‍ സ്വന്തം പാര്‍്ട്ടിയില്‍ നിന്നു തന്നെ വന്‍ അട്ടിമറി ഭീഷണി നേരിടുമ്പോള്‍ പെട്ടെന്നൊരു ധ്രുവീകരണ നീക്കത്തിലൂടെ ശ്രദ്ധ തിരിക്കാമെന്നായിരിക്കാം മുഖ്യമന്ത്രി കരുതുന്നത്. സംസ്ഥാന അധ്യക്ഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് അടിസ്ഥാന ജനകീയ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷേ മോദിയെപ്പോലെ യോഗിയും ഒരു പ്രശ്നം വരുമ്പോള്‍ ആദ്യമെടുക്കുന്ന പരിച വിഭജനരാഷ്ട്രീയമാണ്. 

ഉത്തര്‍പ്രദേശില്‍ യോഗിക്കെതിരായ പടയൊരുക്കത്തിന് മോദിയുടെയും അമിത് ഷായുടെയും മൗനാനുവാദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ഭീഷണി വര്‍ഗീയരാഷ്ട്രീയം കൊണ്ടു തന്നെ നേരിടാനാകുമോ എന്നു നോക്കുകയാണ് യോഗി. പത്തുകൊല്ലത്തെ മോദി ഭരണത്തില്‍ നിന്ന്   മറ്റു ബി.ജെ.പി. നേതാക്കള്‍ പഠിച്ചതും വിഭജനതന്ത്രങ്ങളാണല്ലോ. പക്ഷേ  പടപ്പുറപ്പാട് രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെല്ലാമുണ്ട്. അവിടെയൊക്കെ സംസ്ഥാനനേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ ലക്ഷ്യം   മോദി–അമിത് ഷാ കൂട്ടുകെട്ടിനെ തന്നെയാണ് ലക്ഷ്യം വയ്്ക്കുന്നത്.  ഒരു പതിറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം എന്ന മോദി–ഷാ ആത്മവിശ്വാസവും വീണുടയുകയാണോ?  രാജസ്ഥാനിലും  മഹാരാഷ്ട്രയിലും മാത്രമല്ല, ഓരോ സംസ്ഥാനത്തും  ആര് ബി.ജെ.പിയെ  നയിക്കണം, സര്‍ക്കാരിനെ നയിക്കണം എന്ന തീരുമാനങ്ങള്‍ പൂര്‍ണമായും മോദി–ഷാ കൂട്ടുകെട്ടിന്റേതായിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് സംസ്ഥാനത്തെ പാര്‍ട്ടിയെ പഴിക്കേണ്ടെന്ന് രാജസ്ഥാനിലും മഹാരാഷ്ട്രയിലും നേതാക്കള്‍ വിരല്‍ ചൂണ്ടുന്നതും ഈ കൂട്ടുകെട്ടിനു നേരെ തന്നെയാണ്. ഘടകകക്ഷികളും ഏറെക്കാലമായി അടക്കിവച്ചിരുന്ന ശബ്ദം ഉയര്‍ത്തിത്തുടങ്ങി. നേരിട്ടും അല്ലാതെയും അമിതആത്മവിശ്വാസ്ത്തിനു നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് ആഞ്ഞടിക്കുന്ന പരിഹാസവുമായി ആര്‍.എസ്.എസ്. അധ്യക്ഷന്‍ വീണ്ടുമെത്തിയിരിക്കുന്നത്. 

ചിലര്‍ക്ക് അതിമാനുഷനാകണം, പിന്നെ ദൈവവുമാകണം എന്ന് ഇപ്പോള്‍ ആരു പറഞ്ഞാലും ആരെക്കുറിച്ചാണെന്ന് ആരും അന്വേഷിച്ചു നടക്കില്ല. ദൈവം നേരിട്ടയച്ചതാണെന്ന മോദിയുടെ പ്രചാരണകാലത്തെ പ്രസ്താവന പ്രതിപക്ഷമൊക്കെ അത്രയും വിമര്‍ശിച്ചതാണ്. ഇപ്പോള്‍ ആര്‍.എസ്.എസ്. മേധാവി വീണ്ടും ആഞ്ഞടിക്കുമ്പോള്‍ ഘടകക്ഷികളില്‍ നിന്നു പോലും സമാനവിമര്‍ശനം അന്തരീക്ഷത്തിലുണ്ട്. മോദിയോടു താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തത്ര അകലത്തില്‍ മറ്റു നേതാക്കളെ നിര്‍ത്തുക എന്ന തന്ത്രത്തിന് ഇതുവരെ ചുക്കാന്‍ പിടിച്ചിരുന്നത് അമിത് ഷായാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം അന്തരീക്ഷത്തില്‍ നിന്നുതിര്‍ന്നു വീണതു പോലെ മുഖ്യമന്ത്രിക്കസേരയിലേക്ക് ആളുകളെത്തിയത് ആ നീക്കത്തിലാണ്. യോഗി ആദിത്യനാഥ് പക്ഷേ മോദി–ഷാ അച്ചുതണ്ടിന്റെ നിയന്ത്രണത്തിനും പുറത്താണെന്നതു തന്നെ തിരഞ്ഞെടുപ്പു പരാജയം ഒരവസരമാക്കി കസേര തെറിപ്പിക്കാന്‍ കാരണമാക്കാം. പക്ഷേ മോദി–ഷാ കൂട്ടുകെട്ട് അധികാരം നിലനിര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെയും പരിവാര്‍ സംഘടനകളുടെയും കരുത്തു വര്‍ധിപ്പിക്കുന്നതിലല്ല താല്‍പര്യം കാണിക്കുന്നതെന്നത് പാര്‍ട്ടിയും പരിവാറും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതാണ് വ്യക്തമാകുന്നത്. ജെ.പി.നഡ്ഢയുടെ കാലാവധി കഴിഞ്ഞ് കാലമേറെ കഴിഞ്ഞിട്ടും ബി.ജെ.പി. ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയൊരാളെ തീരുമാനിക്കാത്തത് ബി.ജെ.പിയുടെ ഭാവി ശോഭനമാക്കുന്നതിനു വേണ്ടിയല്ലെന്ന് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതു തന്നെയാണ്. 

പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വെല്ലുവിളികള്‍ സംഘടനയിലെ പിടി ദുര്‍ബലമാകുന്നതിന്റെ ലക്ഷണമാണെങ്കില്‍ ഭരണതലത്തില്‍ മോദി നേരിടുന്ന വെല്ലുവിളികളോ? ദേശീയ പ്രവേശനപരീക്ഷയുടെ വിശ്വാസ്യത എങ്ങനെ തിരിച്ചുപിടിക്കും? ജമ്മുവില്‍ തുടരുന്ന നിരന്തരഭീകരാക്രമണങ്ങളുടെ ഉന്നമെന്താണ്? അതു നേരിടാന്‍ മോദി സര്‍ക്കാരിന്റെ പരിപാടിയെന്താണ്?  നീറ്റ് കേസില്‍ മുങ്ങിത്താഴുകയാണ് കേന്ദ്രസര്‍ക്കാര്‍.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാരിന്റെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന് വിശ്വാസ്യത ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോടതി. ഈ വര്‍ഷത്തെ പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി വഴികള്‍ തേടുമ്പോള്‍ ദേശീയ പ്രവേശനപരീക്ഷയുടെ വിശ്വാസ്യതയ്ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . മണിപ്പൂരില്‍ ആഭ്യന്തരസംഘര്‍ഷം മാത്രമല്ല, അതിര്‍ത്തികളിലും അശാന്തി പുകയുകയാണ്. ജമ്മുവില്‍ രണ്ടു മാസത്തിനിടെയുണ്ടായത് ആറു ഭീകരാക്രമണങ്ങളാണ്. അതിന്റെ പശ്ചാത്തലമാണ് ഗുരുതരം. ലഡാക്കിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈനയുടെ ഭീഷണി കൂടിയിരിക്കുന്നു. ജമ്മുവിലെ സൈനിക യൂണിറ്റുകള്‍ ചൈനയുടെ ഭീഷണി നേരിടാനായി മാറ്റേണ്ടി വന്നത് ജമ്മുവില്‍ ഭീകരര്‍ക്ക് സാധ്യതയൊരുക്കി. നിയമസഭാതിരഞ്ഞെടുപ്പ് നടത്തുമെന്ന അറിയിപ്പിനു പിന്നാലെ ജമ്മുവില്‍ അശാന്തി വിതയ്ക്കുമെന്ന ഛിദ്രശക്തികളുടെ തീരുമാനമാണ് ഓരോ ദിവസവും ഇന്ത്യന്‍ സൈനികരുടെ ജീവനെടുക്കുന്നത്. ജീവന്‍ കൊടുത്തുള്ള സൈനികരുടെ  ചെറുത്തുനില്‍പ് മാത്രമാണ് ഇപ്പോള്‍ ജമ്മുവില്‍ സമാധാനം നിലനിര്‍ത്തുന്നത്. ജമ്മുവിലെ പുതിയ സാഹചര്യം വിലയിരുത്തി സര്‍ക്കാര്‍ നയം മാറ്റണമെന്ന്  പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആവശ്യപ്പെട്ടു. വ്യാജ അവകാശവാദങ്ങളല്ല, സൈനികരുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള അടിയന്തരഇടപെടലാണ് മോദി സര്‍ക്കാര്‍ നടത്തേണ്ടതെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നു. പക്ഷേ ജമ്മുവില്‍ അശാന്തി തുടരുകയാണ്. ലോക്സഭാതിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ നിയമസഭാഉപതിരഞ്ഞെടുപ്പുകളില്‍ ഇന്ത്യാസഖ്യം വിജയം തൂത്തുവാരിയതും  എന്‍.ഡി.എയുടെ ഏകപക്ഷീയ നേതൃശൈലിയെ പിടിച്ചു കുലുക്കുന്നുണ്ട്. 

മൂന്നാമൂഴത്തില്‍ മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് വരുന്നു. ജനതയുടെ വികാരം തിരിച്ചറ‍ിഞ്ഞുള്ള ആശ്വാസനടപടികള്‍ ബജറ്റിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ലെന്നു ഭാവിക്കുന്ന  മോദിയും അമിത് ഷായും അജന്‍ഡകള്‍ അതേ പടി  തുടര്‍ന്നാലും അല്‍ഭുതം വേണ്ടെന്ന് നമുക്കറിയാം. പാര്‍ട്ടിക്കുള്ളിലും പുറത്തുമുയരുന്ന ചൂണ്ടുവിരലുകള്‍ കണക്കിലെടുക്കുമെന്ന ഒരു സൂചനയും എവിടെയും കാണുന്നുമില്ല. പക്ഷേ പാര്‍ട്ടിക്കകത്തെ വടംവലികള്‍ തീര്‍ക്കാനും വര്‍ഗീയധ്രുവീകരണത്തെയാണ് ബി.ജെ.പി. പ്രാദേശിക നേതാക്കളും ആശ്രയിക്കുന്നതെങ്കില്‍ രാജ്യം ഇനിയും ഇനിയും കരുതലെടുക്കേണ്ടി വരും. 

Can Narendra Modi regain his image as an unquestioned leader inside and outside the party?: