നമ്മുടെ നാട്ടിലെ മതേതരത്വത്തെക്കുറിച്ച് ഏറ്റവുമധികം കരുതലുള്ള പാര്‍ട്ടി ഏതാണ്? ആരു സംശയിച്ചാലും സി.പി.എമ്മിനു സംശയമുണ്ടാകില്ല. കേരളത്തില്‍ വര്‍ഗീയതയുണ്ടാകാതിരിക്കാന്‍, വിഭജനശ്രമങ്ങളുണ്ടാകാതിരിക്കാന്‍ ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന പാര്‍ട്ടി സി.പി.എമ്മാണ്. എന്നാണ് സി.പി.എം പറയുന്നത്. ആ സി.പി.എമ്മിനോട് ഒരു ലോക്സഭാതിരഞ്ഞെടുപ്പില്‍ ഒരേയൊരു മണ്ഡലത്തില്‍ ജയിച്ചു കയറാന്‍ വേണ്ടി വ്യാജവര്‍ഗീയപ്രചാരണം നടത്തിയോ  എന്നൊക്കെ ചോദിക്കുന്നവരെ എന്തു ചെയ്യണം?  പശ്ചാത്തലം വടകരയിലെ കാഫിര്‍ പ്രയോഗവിവാദമാണ്. ആരാണ് കാഫിര്‍ പോസ്റ്റ് ഉണ്ടാക്കിയത്? ആ പോസ്റ്റിന്റെ പേരില്‍ ആരാണ് സി.പി.എമ്മിനെ കുരുക്കിലാക്കിയത്? ആ കുരുക്കഴിക്കാന്‍ എന്തുകൊണ്ടാണ് സി.പി.എം തയാറാകാത്തത്? വിചിത്രമാണ് കാഫിര്‍ വിവാദത്തിലെ വാദ‌പ്രതിവാദങ്ങള്‍ 

സ്വാഭാവികമായും വര്‍ഗീയധ്രുവീകരണമുണ്ടാക്കുന്ന പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയായി. സി.പി.എം തന്നെ വര്‍ഗീയപോസ്റ്റിനെതിരെ പൊലീസില്‍ പരാതി നല്‍കി.  പക്ഷേ  യു.ഡി.എഫിന്  കാഫിര്‍ പോസ്റ്റ് പിടിവള്ളിയായി. ആരോപണവിധേയനായ കാസിം തന്നെ ആരാണീ പോസ്റ്റ് സൃഷ്ടിച്ചതെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചു. പിന്നീടിങ്ങോട്ടു നടന്നതെല്ലാം ട്വിസ്റ്റോട് ട്വിസ്റ്റാണ്.

കാഫിര്‍ സ്ക്രീന്‍ഷോട്ട് എവിടെ നിന്നു വന്നു  എന്ന ചോദ്യം ഇപ്പോള്‍ ഡിവൈഎഫ്ഐ വടകര യൂണിറ്റ് പ്രസിഡന്റിന്റെ മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. സി.പി.എം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ച സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം ചോയ്ച്ചു ചോയ്ച്ചു വന്ന പൊലീസ് ഇപ്പോള്‍ ഈ റിബേഷ് രാമകൃഷ്ണന്റെ മുന്നില്‍ നിസഹായരായി നില്‍ക്കുന്നു. സ്ക്രീന്‍ഷോട്ടുണ്ടാക്കിയത് റിബേഷാണെന്നു പൊലീസ് കരുതുന്നില്ല, പക്ഷേ എവിടെ നിന്നു കിട്ടിയതാണെന്നു റിബേഷ് പറയില്ല. അതെന്തായിരിക്കും യു.ഡി.എഫിന്റെ വര്‍ഗീയപ്രചാരണപോസ്റ്റ് എവിടെ നിന്നാണ് കിട്ടിയത് എന്നു പറയാന്‍ ഡിവൈഎഫ്ഐ നേതാവ് തയാറാകാത്തത്? ഡിവൈഎഫ്ഐയോ സി.പി.എമ്മോ അതങ്ങോട്ടു തുറന്നു പറഞ്ഞ് യു.ഡി.എഫിനെ തീര്‍ത്തേക്ക് എന്ന് റിബേഷിനോടു പറയാത്തതും എന്തുകൊണ്ടായിരിക്കും?

പക്ഷേ പൊലീസ് റിപ്പോര്‍ട്ടിനോട് സി.പി.എം ആദ്യമൊന്നും പ്രതികരിക്കാനേ കൂട്ടാക്കിയില്ല. തമാശയെന്താണെന്നു വച്ചാല്‍ ഈ കേസിലെ പരാതിക്കാര്‍ സി.പി.എമ്മാണ്. പൊലീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് സി.പി.എമ്മിനു നേരെയാണ്.  സി.പി.എം നേതാവ് തുറന്നു പറഞ്ഞാല്‍ ലോകത്തിനു സത്യവുമറിയാം. പക്ഷേ സി.പി.എം നേതാവ് പറയുകയുമില്ല. പാര്‍ട്ടി ചോദിക്കുകയുമില്ല. കുറ്റം പക്ഷേ ഈ നിലപാടിലൊരു പ്രശ്നമുണ്ടല്ലോ എന്നു ചിന്തിക്കുന്നവര്‍ക്കാണ്. സി.പി.എം പ്രതിരോധത്തില്‍ എന്ന തലക്കെട്ടുകളെല്ലാം ഇപ്പോള്‍ തന്നെ സി.പി.എം വിചാരിച്ചാല്‍ തകര്‍ത്തെറിയാം. പക്ഷെ അതു സി.പി.എം ചെയ്യില്ല. പകരം ക്ഷമയോടെ പൊലീസിന്റെ അന്തിമറിപ്പോര്‍ട്ടിനായി കാത്തിരിക്കാനാണ് തീരുമാനം. സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുമ്പോള്‍ ഈ ക്ഷമയൊന്നും കണ്ടില്ലല്ലോയെന്നു ചോദിച്ചാല്‍ അത് കേരളത്തിന്റെ മതനിരപേക്ഷത തകരുന്നതു കാണുമ്പോള്‍ അങ്ങനെ നോക്കിയിരിക്കാന്‍ പറ്റുമോ എന്നാണ് മറുപടി. 

കാഫിര്‍ പ്രയോഗം ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യത്തിനു തന്നെയാണ് ഉത്തരം വേണ്ടത്. പക്ഷേ ഇപ്പോള്‍ ആ ചോദ്യം ചോദിക്കുമ്പോള്‍ സി.പി.എമ്മിനു കലി കയറുന്നു. പൊലീസ് അന്വേഷണം തീരുന്നതുവരെ കാത്തിരിക്കണമെന്ന ക്ഷമാപൂര്‍വമായ സമീപനം മാതൃകാപരമാകുമായിരുന്നു, വര്‍ഗീയപോസ്റ്റ് പ്രചരിപ്പിക്കുന്നതിനു മുന്‍പ് സ്വീകരിച്ചിരുന്നെങ്കില്‍. ഇനിയിപ്പോള്‍ കാഫിര്‍ പോസ്റ്റ് ആരുണ്ടാക്കിയതാണെന്നു കണ്ടെത്തിയാലും ഒരു വിശ്വാസ്യതയും ഉറപ്പില്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടി പ്രചാരണമായി ഏറ്റെടുക്കുന്നതെന്ന തിരിച്ചറിവ് ഗൗരവമുള്ളതാണ്. 

കാഫിര്‍ പോസ്റ്റ് സൃഷ്ടിച്ചതാരാണ് എന്നറിയേണ്ടത് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യമാണ്.  സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും മാത്രം ആവശ്യമല്ല.  ഒരു തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ തീര്‍ത്തും ഇല്ലാത്ത ഒരു ആരോപണം വ്യാജമായി സൃഷ്ടിച്ചതാണോ, ആണെങ്കില്‍ അതാരു ചെയ്തു? ആ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ പൊലീസിനോടും പാര്‍ട്ടി നേതാവിനോടും സി.പി.എം തന്നെ ആവശ്യപ്പെടണം. വടകരയിലുണ്ടായ വിഷലിപ്തമായ പ്രചാരണത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ കാഫിര്‍ പോസ്റ്റ്, സി.പി.എം തന്നെ പറയുന്നതുപോലെ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ പോന്നതായിരുന്നു. മതസ്പര്‍ധയുണ്ടാക്കാന്‍ കഴിയുന്ന ധ്രുവീകരണശ്രമങ്ങള്‍ക്കു പിന്നിലാരായിരുന്നുവെന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിയും വെല്ലുവിളിയായി ഏറ്റെടുക്കണം. മതേതരത്വത്തോടുള്ള പ്രതിബദ്ധത തെളിയിക്കണം

കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ടതിനെതിരെയുള്ള പ്രതിഷേധം രാജ്യം മുഴുവന്‍ കത്തിപ്പടരുകയാണ്. ബംഗാള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായത് ന്യായീകരിക്കാനാകാത്ത വീഴ്ചയാണ്. ആളിപ്പടരുന്ന പ്രതിഷേധവും ഡോക്ടര്‍മാരുടെ സമരവും സ്ത്രീസുരക്ഷയില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമോ? നിര്‍ഭയയ്ക്കു ശേഷം വീണ്ടും അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന് നീതി ഉറപ്പിക്കാനുള്ള പ്രതിഷേധമാണോ ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന മമതാബാനര്‍ജിയുടെ വാദം മുഖവിലയ്ക്കെടുക്കാനാകുമോ?

തീര്‍ത്തും ന്യായമായ പ്രതിഷേധമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. ജോലിക്കിടെ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രനിയമം വേണമെന്നാണ് സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അക്കാര്യത്തില്‍ സത്വരനടപടിയുമുണ്ടാകണം. ബംഗാളിലെ ദാരുണസംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള സമരവും രോഷവും ന്യായമാണ്. പക്ഷേ സമാന്തരമായി ബംഗാളിലെ മമതസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് കാണാതെ പോകരുത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. 

കൊല്‍ക്കത്തയിലെ അതിക്രൂരകൊലപാതകം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, സ്ത്രീസമൂഹത്തിനാകെ ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയും കര്‍ശന നടപടി വേണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയഅവസരമായല്ല   സ്ത്രീസുരക്ഷയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാടെടുക്കേണ്ടത്. പക്ഷേ സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ പ്രക്ഷോഭം വരുന്നതുവരെ ഒളിച്ചുകളച്ചല്ല സര്‍ക്കാര്‍ നീതി നടപ്പാക്കേണ്ടത്.