കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ടതിനെതിരെയുള്ള പ്രതിഷേധം രാജ്യം മുഴുവന്‍ കത്തിപ്പടരുകയാണ്. ബംഗാള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായത് ന്യായീകരിക്കാനാകാത്ത വീഴ്ചയാണ്. ആളിപ്പടരുന്ന പ്രതിഷേധവും ഡോക്ടര്‍മാരുടെ സമരവും സ്ത്രീസുരക്ഷയില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമോ? നിര്‍ഭയയ്ക്കു ശേഷം വീണ്ടും അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന് നീതി ഉറപ്പിക്കാനുള്ള പ്രതിഷേധമാണോ ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന മമതാബാനര്‍ജിയുടെ വാദം മുഖവിലയ്ക്കെടുക്കാനാകുമോ?
വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടിക്കിടെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുമ്പോഴാണ് വിവരിക്കാനാകാത്ത വിധം ക്രൂരതകള്‍ നേരിട്ട് ഡോക്ടര്‍ ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായത് പൊലീസിനു വേണ്ടി വൊളന്റിയര്‍ ആയി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ കോളജില്‍ സര്‍വസ്വാതന്ത്ര്യവുമുണ്ടായിരുന്ന ക്രിമിനലാണ്. തുടക്കത്തില്‍ ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് കുടുംബം ആരോപിച്ചു. കൂട്ടബലാല്‍സംഗമാണ് നടന്നതെന്നും വ്യക്തിപരമായ വൈരാഗ്യം വരെ പിന്നിലുണ്ടാകാമെന്നും കുടുംബവും സുഹൃത്തുക്കളും സംശയിക്കുന്നു.
കേസില്‍ ബംഗാള്‍ പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചകളുണ്ടായി. അന്വേഷണം വൈകിപ്പിക്കുന്നതിനും ആത്മഹത്യയെന്നു ചിത്രീകരിക്കാനും തുടക്കത്തില്‍ ശ്രമമുണ്ടായി.
അതിശക്തമായ നടപടികളുണ്ടാകേണ്ട കേസില്‍ ബംഗാള്‍ പൊലീസിന്റെ വീഴ്ചകള്‍ക്കെതിരെ ഹൈക്കോടതിക്കു പോലും ആഞ്ഞടിക്കേണ്ടി വന്നു. ദേശീയ വനിതാകമ്മിഷന്റെ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരപരാമര്‍ശങ്ങളുണ്ട്. പൊലീസ് വീഴ്ചകള്‍ വ്യക്തമായതോടെയാണ് കേസ് സി.ബി.ഐയ്ക്കു വിടാമെന്ന് മുഖ്യമന്ത്രി മമതാബാനര്‍ജിക്കു നിലപാടെടുക്കേണ്ടി വന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിന് കുരെക്കൂടി മെചച്ചപ്പെട്ട പദവി നല്‍കി മമത ബാനര്‍ജി ഭരിക്കുന്ന ആരോഗ്യവകുപ്പ്. ആരോപണവിധേയനായ ഉടനെ ആര്‍ജി കാറില്‍ നിന്ന് മാറ്റി കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളജിന്‍റെ പ്രിന്‍സിപ്പലാക്കി. ആരോപണവിധേയരെ തുണച്ചുകൊണ്ടാണ് തുടക്കത്തില്‍ മമതാസര്‍ക്കാര്‍ നിലകൊണ്ടത്. തൃണമൂല്‍ ബന്ധമുള്ള റാക്കറ്റാണ് കൊലയ്ക്കു പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന വന്‍ അക്രമവും കൂടിയായതോടെ പ്രക്ഷോഭം ആളിക്കത്തി. തെളിവു നശിപ്പിക്കാനായി മനഃപൂര്‍വം ജനക്കൂട്ടത്തെ സമരക്കാര്‍ക്കു നേരെ ഇളക്കിവിട്ടുവെന്ന് ബി.ജെ.പി. ആരോപിക്കുമ്പോള്‍ ബി.ജെ.പിയും സി.പി.എമ്മുമാണ് ആസൂത്രിത സംഘര്‍ഷത്തിനു പിന്നിലെന്നാണ് മമതബാനര്‍ജി ആരോപിക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതാജനപ്രതിനിധികളുള്ള തൃണമൂല്‍കോണ്‍ഗ്രസും മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി.
പ്രതിക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മമതയുടെ പ്രതിഷേധം. പക്ഷേ മുഖ്യമന്ത്രി താങ്കളാണെന്നോര്‍ക്കൂവെന്നാവശ്യപ്പെട്ടാണ് മമതയെ പ്രതിഷേധക്കാര്‍ നേരിട്ടത്.
ബംഗാളിലെ തെരുവുകളില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്ന് വനിതകള്‍ പ്രതിഷേധം കടുപ്പിച്ചു. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ രാജ്യവ്യാപകമായ സമരം നടത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. ഡല്‍ഹി എയിംസിന്റെ പ്രവര്‍ത്തനം പോലും സ്തംഭിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി കേന്ദ്രനിയമം വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. കേരളമടക്കം 25 സംസ്ഥാനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേകനിയമനിര്‍മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ സുശക്തമായ കേന്ദ്രനിയമത്തിന്റെ അഭാവമാണ് രാജ്യവ്യാപകമായി അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാണിക്കുന്നു.
തീര്‍ത്തും ന്യായമായ പ്രതിഷേധമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. ജോലിക്കിടെ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രനിയമം വേണമെന്നാണ് സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അക്കാര്യത്തില്‍ സത്വരനടപടിയുമുണ്ടാകണം. ബംഗാളിലെ ദാരുണസംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള സമരവും രോഷവും ന്യായമാണ്. പക്ഷേ സമാന്തരമായി ബംഗാളിലെ മമതസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് കാണാതെ പോകരുത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
കൊല്‍ക്കത്ത സംഭവത്തില്‍ തെരുവിലിറങ്ങുന്നവര്‍ ഈ ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തില്‍ വൈകാരികമായും ആത്മാര്‍ഥമായും പ്രതിഷേധമുയര്‍ത്തുന്നവരാണ്. പക്ഷേ ഇത് രാജ്യവ്യാപക രാഷ്ട്രീയസമരമായി ആസൂത്രണം ചെയ്യപ്പെടുന്നുവെന്നാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ പരാതി. ഈയാഴ്ച തന്നെ രാജ്യത്ത് എത്ര പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോയെന്ന ചോദ്യത്തില്‍ തൃണമൂല്‍ വിരല്‍ ചൂണ്ടുന്നതില്‍ വസ്തുതകളുമുണ്ട്. ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് രണ്ടാഴ്ച മുന്‍പാണ്. രാജസ്ഥാനില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതി ഉത്തര്‍പ്രദേശുകാരനായ ധര്‍മേന്ദ്രകുമാര്‍ പിടിയിലായത്.ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ നഴ്സിനെ പിന്തുടര്‍ന്ന് ആക്രമിച്ച പ്രതി കൊലയ്ക്കു ശേഷം യുവതിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കുകയും ചെയ്തു. ജൂലൈ 30ന് നടന്ന സംഭവത്തില്‍ നഴ്സിന്റെ സഹോദരി അന്നു തന്നെ പരാതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ആഗസ്റ്റ് എട്ടാം തീയതിയാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പക്ഷേ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ ഇതുപോലെ പ്രക്ഷോഭങ്ങളുണ്ടായിട്ടില്ല. കൊല്‍ക്കത്ത സംഭവത്തില്‍ വൈകാരിക പ്രചാരണത്തിനുപയോഗിക്കുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും തൃണമൂല്‍ നേതാക്കള്‍ വാദിക്കുന്നു
പക്ഷേ ഇന്ത്യ സഖ്യത്തിനുള്ളില്‍ നിന്നു തന്നെ മമതാസര്‍ക്കാരിനെതിരെ ചോദ്യങ്ങളുയര്‍ന്നു. രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ തൃണമൂലിന് പരസ്യമായി രംഗത്തു വരേണ്ടി വന്നു.
2014ലെ നിര്‍ഭയ സമരം ബി.ജെ.പിയുെട രാഷ്ട്രീയപരിപാടിയായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ നേതാക്കള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. നിര്‍ഭയ സമരത്തില്‍ ബി.ജെ.പിക്കു രാഷ്ട്രീയനേട്ടമുണ്ടായെന്നു വാദിച്ചാല്‍ പോലും അതിനിടയാക്കിയ സാഹചര്യങ്ങളുടെ രാഷ്ട്രീയഉത്തരവാദിത്തം കൈയൊഴിയാനാകില്ല. പക്ഷേ ബംഗാളില്‍ ഇപ്പോള്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത് എന്ന ബി.ജെ.പി. വാദം രാഷ്ട്രീയലക്ഷ്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളും പശ്ചാത്തലവും അവഗണിച്ചു നിയമത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്നത് യഥാര്‍ഥ പരിഹാരമാകില്ല.
കൊല്‍ക്കത്തയിലെ അതിക്രൂരകൊലപാതകം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, സ്ത്രീസമൂഹത്തിനാകെ ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയും കര്‍ശന നടപടി വേണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയഅവസരമായല്ല സ്ത്രീസുരക്ഷയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാടെടുക്കേണ്ടത്.