ലക്ഷദ്വീപില്‍ ആശങ്ക വിതച്ച് പണ്ടാരം ഭൂമി പിടിച്ചെടുക്കാന്‍ സര്‍വേ ആരംഭിച്ചു. ഹൈക്കോടതിയിലെ നിയമപോരാട്ടത്തിനിടെയാണ് പണ്ടാരം ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂടത്തിന്‍റെ തിരക്കിട്ട നീക്കം. നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനാല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചാണ് സര്‍വേ നടപടി പുരോഗമിക്കുന്നത്.
ലക്ഷദ്വീപില്‍ വീണ്ടും വിവാദങ്ങള്‍ പുകയുന്നു. രാജാവ് വരുമാനത്തിന് ഏറ്റെടുത്ത് 1890കളില്‍ ജനങ്ങള്‍ക്ക് തിരികെ നല്‍കിയ സ്ഥലങ്ങളാണ് പണ്ടാരം ഭൂമി. ദ്വീപുകാര്‍ തലമുറകളായി കൃഷി ചെയ്ത് ഉപയോഗിച്ചുവരികയാണിവിടം. അഞ്ചു ദ്വീപുകളിലായി 575.75 ഹെക്ടറാണ് പണ്ടാരം ഭൂമിയില്‍ ഉള്‍പ്പെടുന്നത്. ഭൂമി പിടിച്ചെടുക്കാന്‍ ലക്ഷദ്വീപ് കലക്ടര്‍ ജൂണ്‍ 27നാണ് ഉത്തരവിട്ടത്. അഗത്തി, കല്‍പേനി, മിനിക്കോയ്, ആന്ത്രോത്ത് ദ്വീപുകളിലാണ് ഭൂമി പിടിച്ചെടുക്കുന്നതിന് സര്‍വേ ആരംഭിച്ചത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് സര്‍വേ. നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനാല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചാണ് സര്‍വേ നടപടി പുരോഗമിക്കുന്നത്.
3117 വീടുകളും 431 വ്യാപാര സ്ഥാപനങ്ങളും പണ്ടാരം ഭൂമിയിലുണ്ട്. ഭൂമി കൈവശമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിക്കാതെ സര്‍വേ ആരംഭിച്ചത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.