ഓഹരി വിപണി പുതിയ ഉയരം കുറിച്ച ആഴ്ചയാണ് കടന്നുപോയത്. പുതിയ നിക്ഷേപകരുടെ കടന്നുവരവിൽ പ്രാഥമിക വിപണിയും കരുത്തിലാണ്. മിക്ക ആഴ്ചയിലെയും പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)യുടെ പങ്കാളിത്തത്തിൽ ഇത് കാണിക്കുന്നുണ്ട്. സെപ്റ്റംബർ ഒൻപതിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ 13 ഐപിഒകളാണ് എത്തുന്നത്. ബജാജ് ഹൗസിങ് ഫിനാൻസ് അടക്കം നാല് മെയിൻ ബോർഡ് ഐപിഒകളും(ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നവ) ഒൻപത് എസ്എംഇ (ചെറുകിട ഇടത്തരം കമ്പനികൾ) ഐപിഒകളും അടക്കമാണിത്. ആകെ 8,644 കോടി രൂപയാണ് ഈ വാരം വിപണിയിൽ നിന്ന് കമ്പനികൾ സമാഹരിക്കുന്നത്. ഇതിനൊപ്പം എട്ട് കമ്പനികളാണ് വരുന്നാഴ്ച വിപണിയെലത്തുക.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവ പ്രമോട്ടറായുള്ള ബജാജ് ഹൗസിങ് ഫിനാൻസിൻറെ ഐപിഒ ആണ് ഇതിൽ പ്രധാനം.
6,560 കോടി രൂപ സമാഹരിക്കുന്ന ബജാജ് ഹൗസിങ് ഫിനാൻസിൻറെ ഐപിഒ സെപ്റ്റംബർ 9 മുതൽ11 വരെയാണ്. 3560 കോടി രൂപയുടെ പുതിയ ഓഹരികളും 3000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (പ്രൊമോട്ടര്മാര് ഓഹരി വിറ്റഴിക്കുന്നത്) ഉൾപ്പെടുന്നതാണ് ഐപിഒ. 66-70 രൂപ നിലവരത്തിലാണ് ഐപിഒ പ്രൈസ് ബാൻഡ്. ഈ നിലവരത്തിനുള്ളിൽ ഓഹരിക്കായി അപേക്ഷിക്കാം.
ഐപിഒയുടെ 35 ശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവച്ചിട്ടുള്ളത്.
ജംഷദ്പൂർ ആസ്ഥാനമായ ക്രോസ് ലിമിറ്റഡ് 500 കോടി രൂപയാണ് സമാഹരിക്കാന്നത്. സെപ്റ്റംബർ 9 മുതൽ 11 വരെയാണ് ഐപിഒ. 250 കോടി രൂപയുടെ പുതിയ ഓഹരികളും 250 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഇഷ്യു. പ്രൈസ് ബാൻഡ് 228-240 രൂപ.
കേരളത്തിലെ കാലടി ആസ്ഥാനമായ ടോളിൻസ് ടയറിന്റെ ഐപിഒയും സെപ്റ്റംബർ 9മുതൽ 11 വരെയാണ്. 230 കോടി രൂപയുടേതാണ് ഐപിഒ 200 കോടി രൂപയുടെ പുതിയ ഓഹരികളും 30 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ്. 215-226 രൂപ നിലവാരത്തിലാണ് ഇഷ്യു വില.
മഹാരാഷ്ട്രയിലെ പ്രമുഖ ജുവലറി കമ്പനിയായ പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സിൻറെ ഐപിഒ സെപ്റ്റംബർ 10 മുതൽ 12 വരെ നടക്കും. പ്രൈസ് ബാൻഡ് ഓഹരിയൊന്നിന് 456-480 രൂപയാണ്. 850 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർ SVG എസ്.വി.ജി. ബിസിനസ് ട്രസ്റ്റ് പാർട്ട് വിറ്റഴിക്കുന്ന 250 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐപിഒ.
എസ്എംഇ
എസ്എംഇ വിഭാഗത്തിൽ 9 കമ്പനികളുടെ ഐപിഒ ആണ് ഈ ആഴ്ച നടക്കുന്നത്. ഗജാനന്ദ് ഇൻ്റർനാഷണൽ, ഷെയർ സമാധാന്, ശുഭശ്രീ ബയോഫ്യൂവൽസ്, ട്രാഫിക്സോൾ ഐടിഎസ് ടെക്നോളജീസ്, എസ്.പി.പി പോളിമർ, ഇന്നോമെറ്റ് അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, എക്സലൻറ് വയേർസ്, എൻവിറോടെക് സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടെയാണ് 9 കമ്പനികൾ.
എട്ട് കമ്പനികളുടെ ഓഹരികൾ ഈ ആഴ്ച വിപണിയിൽ ആരംഭം കുറിക്കും. ഗല പ്രിസിഷൻ എൻജിനീയറിങ്, ശ്രീ തിരുപ്പതി ബാലാജി അഗ്രോ എന്നിവ ലിസ്റ്റ് ചെയ്യും. ബാക്കി 6 കമ്പനികൾ എസ്.എം.ഇ എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക.