22 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ നിന്ന് വെറും 2 ബില്യൺ ഡോളറിലേക്കുള്ള ചുരുക്കം, ഒടുക്കം പാപ്പരത്ത നടപടിയിലേക്ക്. ഒരിക്കൽ ഇന്ത്യയ്ക്ക് അഭിമാനമായ മലയാളി സംരംഭകന്റെ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസാണ് അകാലചരമത്തിലേക്ക് കടക്കുന്നത്. ബിസിസസിഐ ദേശിയ കമ്പനി നിയമ ട്രൈബ്യൂണലിന് നൽകിയ അപേക്ഷയിലാണ് നടപടി. പാപ്പരത്വ നടപടികൾ ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി മൊത്തത്തിൽ അടച്ചുപൂട്ടാൻ ഇടയാക്കുമെന്നും സിഇഒ ബൈജു രവീന്ദ്രൻ കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്താണ് ബൈജൂസിനെ പാപ്പരത്വത്തിലേക്ക് നയിച്ചത് എന്ന് നോക്കാം.
ബിസിസിഐ vs ബൈജൂസ്
സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപകരുമായുള്ള പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും ബിസിസിഐ നൽകിയ പരാതിയിലാണ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (NCLT) ബൈജൂസിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട് 158 കോടി രൂപ (19 മില്യൺ ഡോളർ) കുടിശ്ശിക വരുത്തിയതിനാണ് ബിസിസിഐ എൻസിടിഎല്ലിനെ സമീപിച്ചത്.
2019 ലാണ് ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും കരാറിലെത്തിയത്. 2022 സെപ്റ്റംബർ വരെ ബൈജൂസ് പണം നൽകി. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കുടിശ്ശിക ആവശ്യപ്പെട്ടാണ് ബിസിസിഐ നടപടി. തർക്ക പരിഹാരത്തിന് ബൈജൂസ് തയ്യാറായിരുന്നെങ്കിലും ട്രൈബ്യൂണൽ തീരുമാനം ബിസിസിഐയ്ക്ക് അനുകൂലമായിട്ടായിരുന്നു. ബൈജൂസ് ഡയറക്ടർ ബോർഡ് സസ്പെൻഡ് ചെയ്യുകയും ആസ്തികൾ മരവിപ്പിക്കുകയും ചെയ്ത ട്രൈബ്യൂണൽ ഇടക്കാല റെസലൂഷൻ പ്രൊഫഷണലായി പങ്കജ് ശ്രീവാസ്തവയെ നിയമിച്ചു.
കോവിഡ് തകർത്ത ബൈജൂസ്
2015 ലാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ ബൈജൂസ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എഡുക്കേഷൻ ടെക് കമ്പനിയെന്നാണ് ബൈജൂസ് അവകാശപ്പെടുന്നത്. വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ട്യൂഷൻ നൽകുന്ന കമ്പനിക്ക് 21 രാജ്യങ്ങളിൽ ബിസിനസുണ്ട്. കോവിഡ് കാലമാണ് ബൈജൂസിൻറെ രാശി തെളിയിച്ചത്. 5 ബില്യൺ ഡോളറായിരുന്ന കമ്പനി മൂല്യം 2022 ൽ 22 ബില്യൺ ഡോളറിലേക്ക് എത്തി. വിവിധ കമ്പനികളെ ഏറ്റെടുത്തു. 2018 ൽ 1 ബില്യൺ മൂല്യത്തോടെ യുനികോൺ പദവി നേടിയ കമ്പനി ഷാറൂഖ് ഖാനെ ബ്രാൻഡ് അംബാസിഡറാക്കി. ലയണൽ മെസിയായിരുന്നു ഗ്ലോബൽ അംബാസിഡർ. കമ്പനിയുടെ വിജയം ഹാർവാർഡ് ബിസിനസ് സ്കൂളിൽ പഠനവിഷയമായി. എന്നാൽ കോവിഡാനന്തരം കമ്പനിക്ക് തിരിച്ചടി നേരിട്ടു.
കോവിഡിന് ശേഷം ലോകം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയപ്പോഴുണ്ടായ രാജ്യാന്തര വിഷയങ്ങൾ എഡ്യുടെക് മേഖലയെ ആകെ തകർത്തു. രാജ്യാന്തര സംഘർഷങ്ങൾ, പലിശ നിരക്ക് വർധനവ് എന്നിവ ബൈജൂസിനും തിരിച്ചടിയായി. 2023 ൽ കമ്പനി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് കമ്പനി പുറത്തുവിട്ടത് 2023 നവംബറിലാണ്. ഈ റിപ്പോർട്ട് പ്രകാരം കമ്പനി 290 മില്യൺ ഡോളറിൻറെ നഷ്ടമാണ് ബൈജൂസ് നേരിടുന്നത്. ശമ്പളം നൽകാൻ കഴിഞ്ഞ വർഷം ബൈജു രവീന്ദ്രൻ വീട് പണയപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നിക്ഷേപകരുമായി ഉടക്ക്
ഇതിൻറെയൊക്കെ തുടർച്ചയാണ് നിക്ഷേപകരുമായുള്ള ഉടക്ക്. കമ്പനിയുടെ പ്രവർത്തനവും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഓഹരി ഉടമകൾ സിഇഒ ബൈജു രവീന്ദ്രനെതിരെ രംഗത്തുവന്നിരുന്നു. ടെക് നിക്ഷേപ സ്ഥാപനമായ പ്രോസസ് ഉൾപ്പെടെയുള്ള നിക്ഷേപകർ ബൈജൂസിൽ സാമ്പത്തിക ദുർഭരണമാണെന്ന് ആരോപിച്ച് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യാനും ബോർഡ് പുനഃസംഘടിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ജൂണിൽ, പ്രോസസ് ബൈജൂസിൻറെ 9.6 ശതമാനം ഓഹരികൾ എഴുതിതള്ളിയിരുന്നു. 2022 ലെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവിടാത്തതിനെ തുടർന്ന് ഡെലോയിറ്റ് ഓഡിറ്റർ സ്ഥാനത്ത് നിന്നും പിന്മാറായിരുന്നു. നിക്ഷേപകരായ പീക്ക് XV പാർട്ണേഴ്‌സ്, പ്രോസസ്, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് എന്നിവയെയുടെ അംഗങ്ങളും ബൈജൂസ് ബോർഡിൽ നിന്നും രാജിവച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെൻറ് കമ്പനിയും ബൈജൂസിലെ നിക്ഷേപരുമായ ബ്ലാക്ക് റോക്ക് ബൈജൂസിൻറെ മൂല്യം ഏകദേശം 1 ബില്യൺ ഡോളറായി കണക്കാക്കിയതിന് ശേഷം കമ്പനിയുടെ മൂല്യത്തിൽ വലിയ ഇടിവാണ് നേരിട്ടത്. 2022 ഒക്ടോബറിലെ 22 ബില്യൺ ഡോളറിൻറെ ഏറ്റവും മൂല്യത്തിൽ നിന്ന് 95 ശതമാനം ഇടിഞ്ഞു. ബൈജൂസിൻറെ മറ്റൊരു നിക്ഷേപകനായ പ്രോസസ് മൂല്യം 3 ബില്യൺ ഡോളറിൽ താഴെയാണെന്ന് കണക്കാക്കിയത്.
ഇനിയെന്ത്?
ബിസിസിഐ അപേക്ഷയിന്മേൽ പാപ്പരത്വത്തിലേക്ക് കടക്കാനുള്ള കമ്പനി ട്രൈബ്യൂണൽ വിധിക്കെതിരെ ബൈജൂസ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ട്രൈബ്യൂണലിനെ സമീപിച്ചതിനൊപ്പം കർണാടക ഹൈക്കോടതിയിലും ബൈജു രവീന്ദ്രൻ ഹർജി നൽകിയിട്ടുണ്ട്. ട്രൈബ്യൂണൽ ജൂലൈ 22 ന് ഹർജി പരിഗണിക്കും. അതേസമയം, പാപ്പരത്വ നടപടികൾ തുടർന്നാൽ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ബൈജു രവീന്ദ്രൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നും കമ്പനി സേവനങ്ങൾ അവസാനിപ്പിക്കേണ്ടതായും വരുമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ പാപ്പരത്വ നടപടിയിലേക്ക് കടന്നതോടെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റിയാണ് 330 ദിവസത്തേക്ക് കമ്പനിയെ നയിക്കുക. ഈ കാലയളവിൽ കമ്പനി വാങ്ങുന്നയാളെ കണ്ടെത്താൻ ശ്രമിക്കാം. ഈ സമയപരിധിക്കുള്ളിൽ അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടും എന്നതാണ് നിയമം.