file photo (REUTERS/Andrew Boyers)
ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിക്കുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളോടെയാകുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് കാറ്റഗറിയില്‍ നിന്നും ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവരും ട്വന്‍റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതോടെടെയാണ് തരംതാഴ്ത്തലെന്നും കരാറില്‍ നിതിഷ് റെഡ്ഡിയുടെ അഭിഷേക് ശര്‍മയും ഇടം പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഐപിഎല്ലിന് ശേഷം വരുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനായി ഈ മാസം 29ന് ഗുവാഹട്ടിയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കരാറുകള്‍ സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കരാര്‍ പ്രഖ്യാപനത്തില്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും വെട്ടിയാണ് അജിത് അഗാര്‍ക്കറും സംഘവും ഞെട്ടിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് നിര്‍ദാക്ഷിണ്യം ബിസിസിഐ ഈ തീരുമാനം അന്ന് കൈക്കൊണ്ടത്. ഇക്കുറിയും ബിസിസിഐ നിലപാടില്‍ മാറ്റമുണ്ടാകില്ലെങ്കിലും ശ്രേയസ് അയ്യര്‍ കരാറിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. അതേസമയം, ഇഷാന്‍ കിഷന്‍റെ കാര്യത്തില്‍ തീരുമാനം ബിസിസിഐ വ്യക്തമാക്കുന്നതുമില്ല.
കോലിയും രോഹിതുമുള്‍പ്പടെയുള്ളവരുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരുടെയും പേരുകള്‍ ബിസിസിഐ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രോഹിതും കോലിയും ജഡേജയുമാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. വാര്‍ഷിക കരാര്‍ സംവിധാനത്തില്‍ എ പ്ലസ് കാറ്റഗറിയിലാണ് മൂവരും ഇപ്പോള്‍ ഉള്ളത്. സാധാരണയായി എല്ലാ ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങളെയാണ് എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ട്വന്‍റി20യില്‍ നിന്ന് വിരമിച്ചതോടെ എ കാറ്റഗറിയിലേക്ക് മൂവരെയും മാറ്റിയേക്കുമെന്നാണ് ആരാധകരും കരുതുന്നത്. എന്നാല്‍ അതിനുമപ്പുറത്തേക്കുള്ള കടുത്ത തീരുമാനങ്ങള്‍ ബോര്‍ഡില്‍ നിന്നുണ്ടായാലും അതിശയിക്കേണ്ടതില്ലെന്നും ബിസിസഐയോട് അടുത്തവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
കരാറിനുമപ്പുറം, രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയിലും മാറ്റമുണ്ടായേക്കാമെന്നും അതേസമയം, പരുക്കിനെ തുടര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുക്കാനാവാത്ത ബുംറയെ പകരം ക്യാപ്റ്റനാക്കുന്നതിലും പകരം ആരെന്നതിലും ബോര്‍ഡ് തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസീസീനെതിരായ പരമ്പരയിലെ തോല്‍വിയോടെ പരുങ്ങലിലായ രോഹിത് ശര്‍മയ്ക്ക് ചാംപ്യന്‍സ് ട്രോഫിയാണ് ആശ്വാസമായത്. എന്നാല്‍ ഭാവി മുന്നില്‍ കണ്ട് ബോര്‍ഡ് കൈക്കൊണ്ടേക്കാവുന്ന തീരുമാനങ്ങള്‍ കടുത്തതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെസ്റ്റില്‍ കോലിയും അത്ര സുരക്ഷിതമായ സ്ഥിതിയിലല്ല.