യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെ ചുറ്റിയാണ് ലോക സാമ്പത്തികരംഗം ചലിക്കുന്നത്. ട്രംപിന്‍റെ നയങ്ങള്‍ സ്വർണ വിലയെ ഇടിച്ചു, ഡോളറിനെ ശക്തിപ്പെടുത്തി. ക്രിപ്റ്റോകള്‍ കുതിച്ചു, അവസാനമായി ട്രംപിന്‍റെ മുനവച്ച സംസാരം ബ്രിക്സ് കറൻസിക്കെതിരെയാണ്.
ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ കറൻസിയുമായി മുന്നോട്ടു വന്നാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. എന്താണ് ബ്രിക്സ് കറൻസി, എന്തിനാണ് ഡോളറിനെതിരെ പുതിയൊരു കറൻസി, ബ്രിക്സ് കറൻസിയെ ട്രംപും യു.എസും ഭയക്കുന്നത് എന്തിനാണ്, നോക്കാം.
ബ്രിക്സ് കറൻസി
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി 2009 ലാണ് ബ്രിക്സ് നിലവിൽവന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി കൂട്ടായ്മയുടെ ഭാഗമായി. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും കയ്യാളുന്ന രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിലാണ് ബ്രിക്സ് രൂപീകരിച്ചത്. അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുഎഇ എന്നി രാജ്യങ്ങള്‍ക്ക് പിന്നീട് അംഗത്വം നല്‍കുകയും ചെയ്തു.
ഈ കൂട്ടായ്മയുടെതായി ഇതുവരെ ലോകത്ത് സ്ഥാപിക്കപ്പെടാതൊരു കറൻസിക്കെതിരായാണ് ട്രംപിന്‍റെ ഭീഷണി. 2022 ലെ 14മത് ബ്രിക്സ് സമ്മിറ്റിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ, ബ്രിക്സ് പുതിയ കരുതൽ കറൻസി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു എന്ന് പറഞ്ഞിരുന്നു. 2023 ഓഗസ്റ്റ് 23 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന ബ്രിക്സ് യോഗത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാൻസിയോ ലുല ഡി സിൽവ ബ്രിക്സ് രാജ്യങ്ങളുടെ കോമൺ കറൻസിക്കായി ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചു.
റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് സബ്മിറ്റിൽ റഷ്യന്‍ പ്രസിഡന്‍റ് സിംമ്പോളിക് ബ്രിക്സ് നോട്ട് അവതരിപ്പിച്ചിരുന്നു. ബ്രിക്സ് രാജ്യങ്ങളുടെ പതാകയുള്ളതായിരുന്നു കറന്‍സി. ഇതാണ് ലോക സമ്പദ്‍വ്യവസ്ഥയിൽ പുതിയ കറൻസി എന്ന ആശയം രൂപപ്പെട്ടത്.
ട്രംപ് പറഞ്ഞത്
അമേരിക്കൻ ഡോളറിന് വെല്ലുവിളി ഉയർത്തുന്ന കറൻസി അവതരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്താൽ 100 ശതമാനം താരിഫ് ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണി. 'പുതിയ ബ്രിക്സ് കറൻസി അവതരിപ്പിക്കുകയോ യു.എസ് ഡോളറിന് പകരമായി ഒരു ബദൽ കറൻസിയെ പിന്തുണയ്ക്കുകയോ ചെയതാല്‍ 100 ശതമാനം താരിഫ് നേരിടേണ്ടിവരും' എന്നാണ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. യു.എസ് ഡോളറിനെ വെല്ലുവിളിക്കുന്നവര്‍ക്ക് യു.എസ് വിപണി നഷ്ടമാകുമെന്ന ഭീഷണിയും ഇതിനോടൊപ്പമുണ്ട്.
യു.എസ് ഡോളര്‍ എന്ന ലോക കറൻസി ഡോളർ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1944 ലെ ബ്രെട്ടൺ വുഡ് ഉടമ്പടി പ്രകാരം ആഗോള കരുതൽ കറൻസിയായി യു.എസ് ഡോളർ അംഗീകരിക്കപ്പെടുകയായിരുന്നു. ഇന്ന് ആഗോള വിദേശനാണ്യ ശേഖരത്തിന്‍റെ 58 ശതമാനം ഡോളറിലാണ്. 1970-കളിൽ, എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി പ്രത്യേകിച്ച് സൗദി അറേബ്യയുമായി, യുഎസ് ഡോളറിൽ മാത്രം എണ്ണയുടെ വിലയും വ്യാപാരവും നടത്തുന്നതിനുള്ള കരാറിലെത്തി. ഈ 'പെട്രോഡോളർ' സമ്പ്രദായം ഡോളറിന് സ്ഥിരമായ ആഗോള ഡിമാന്‍റ് ഉണ്ടാക്കി. സ്വര്‍ണമടക്കമുള്ള മറ്റു കമ്മോഡിറ്റികളും വ്യാപാരം ചെയ്യുന്നത് ഡോളറിലാണ്.
ഡോളറിൽ ക്രോസ്-ബോർഡർ പേയ്‌മെന്‍റുകള്‍ക്കുള്ള SWIFT (സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേള്‍ഡ്‍വൈഡ് ഇൻറർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ)) നെറ്റ്‌വർക്ക് പോലുള്ള സംവിധാനങ്ങൾ യുഎസ് ഡോളർ ആധിപത്യം നല്‍കി. ഇന്‍റര്‍നാഷണൽ മോണിറ്ററി ഫണ്ടും (ഐഎംഎഫ്) ലോകബാങ്കും പോലെയുള്ള സ്ഥാപനങ്ങൾ മിക്ക പ്രവർത്തനങ്ങളും നടത്തുന്നതും ഡോളറിലാണ്, കൂടാതെ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും സുരക്ഷിതവും ലിക്വഡിറ്റിയുള്ളതുമായ നിക്ഷേപമാണ്. ഇതെല്ലാം യു.എസ് ഡോളറിന് ലോക കറൻസി പട്ടം നൽകുകയും രാജ്യത്തിന് ലോക സാമ്പത്തികത്തിൽ വലിയ സ്ഥാനവും നൽകുന്നു.
എന്തുകൊണ്ട് ഡി- ഡോളറൈസേഷൻ
ഡോളറിലുള്ള ആശ്രയത്വം കുറയ്ക്കുക എന്നതാണ് ഡി- ഡോളറൈസേഷൻ കൊണ്ട് അർഥമാക്കുന്നത്. എക്സ്ചേഞ്ചിനും റിസർവ് കറൻസിയായും രാജ്യാന്തര ഇടപാടിനും ഡോളറിന് പകരം പ്രാദേശിക കറന്‍സിയോ ബദൽ മാര്‍ഗങ്ങളോ ക്രിപ്റ്റോ പോലുള്ള ഡിജിറ്റല്‍ കറന്‍സിയോ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.
ലോക കറൻസിയായി ഡോളർ നിലനിൽക്കുന്നതിനാൽ യു.എസിന്‍റെ ചേൽപടിക്കാണ് ലോക സാമ്പത്തികക്രമം പ്രവർത്തിക്കുന്നത്. റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചപ്പോൾ, വ്യാപാര ഉപരോധം ഏർപ്പെടുത്തിയത് ഉദാഹരണം. റഷ്യൻ സര്‍ക്കാറിനും കമ്പനികൾക്കും ഉണ്ടായിരുന്ന നിക്ഷേപങ്ങളും കരുതൽ ശേഖരങ്ങളും യുഎസ് മരവിപ്പിച്ചു.
SWIFT നിന്ന് പുറത്തായതിനാൽ ഡോളറില്‍ രാജ്യാന്തര വ്യാപാരം നടത്താൻ സാധിക്കുന്നില്ല. ഉപരോധത്തിന്‍റെ ശിക്ഷ നേരത്തെ ഇറാനും ലഭിച്ചിട്ടുണ്ട്. ഡോളറിനെ ഒരു ആയുധമാക്കി ഉപയോഗിക്കുന്നു എന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറയുന്നത്. യു.എസിന്‍റെ ആധിപത്യം ചെറുക്കാന്‍ ചൈനയും ഡോളറിന്‍റെ ആഗോള സ്വാധീനത്തെ ഇല്ലാതാക്കാൻ ചൈന ശ്രമിക്കുന്നു.
ഡോളറിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന മുന്നിലുണ്ട്. ഷാങ്ഹായിൽ ബ്രിക്‌സിന്‍റെ ന്യൂ ഡെവലപ്‌മെന്‍റ് ബാങ്ക് ആസ്ഥാനം സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ചൈന ഏറ്റെടുത്തതും അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഡോളറിന് മുന്നിൽ തലകുനിക്കാതെ വളർന്നുവരുന്ന രാജ്യങ്ങൾക്ക് വായ്പകൾ കൈമാറുന്നതിനുമുള്ള ഒരു ബാങ്കായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിനൊപ്പം യു.എസിന്‍റെ സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേള്‍ഡ്‍വൈഡ് ഇൻറർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ) എന്ന രാജ്യാന്തര ഇടപാട് രീതിക്ക് പകരം ക്രോസ് ബോർഡർ ഇൻറർബാങ്ക് പേയ്മെൻറ് സിസ്റ്റം (സിഐപിഎസ്) ചൈന ആരംഭിച്ചു.
യു.എസിന് ബദല്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ട്രേഡ് സെറ്റിൽമെൻറ് വെറും ആറു ശതമാനം മാത്രമാണ് യുവാനിൽ. ക്രോസ്-ബോർഡർ ഇന്‍റർബാങ്ക് പേയ്‌മെന്‍റ് സിസ്റ്റം നിർമിച്ചിട്ടുണ്ടെങ്കിലും, ചൈനീസ് ബാങ്കുകൾ പ്രതിദിന ഇടപാടുകളുടെ 3 ശതമാനം മാത്രമേ നടത്തുന്നുള്ളൂ.
എന്തുകൊണ്ട് ട്രംപ് എതിർക്കുന്നു
കരുതൽ ധനമായും വിദേശ ഇടപാടുകള്‍ക്കുമാണ് രാജ്യങ്ങള്‍ യു.എസ് ഡോളർ സ്വരൂപിക്കുന്നത്. ഉയർന്ന ഡോളർ ഡിമാൻഡ് യു.എസിനെ കുറഞ്ഞ ചിലവിൽ പണം കടം വാങ്ങാൻ സഹായിക്കുന്നുണ്ട്. യു.എസ് ബോണ്ടുകളുടെ ഉയർന്ന ഡിമാൻഡ് കാരണം വലിയ പലിശ നൽകേണ്ടതില്ല. അതിനാൽ കടത്തിന്‍റെ ചിലവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഡോളർ ഗ്ലോബൽ പെയ്മെൻറ് സിസ്റ്റത്തിന്‍റെ ഭാഗമാകുന്നതിനാല്‍ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ യുഎസിനാകും. ലോക വ്യാപരത്തിന്‍റെ 36 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്ത്യ, ചൈന, റഷ്യ എന്നിവ അടങ്ങുന്ന ബ്രിക്സ് രാജ്യങ്ങൾ പുതിയ കറൻസി ആരംഭിക്കുമ്പോള്‍ അത് യുഎസ് ഡോളറിനെ സാരമായി ബാധിക്കും. യുഎസിന്‍റെ ഉപരോധ ശക്തിയെ ദുർബലപ്പെടുത്തും. ഡോളറിന്‍റെ മൂല്യം ഇടിയുന്നതും ഡിമാൻഡ് കുറയുന്നതിനും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
2000 ത്തിന്‍റെ തുടക്കത്തില്‍ ലോകത്തെ വിദേശ നാണ്യശേഖരത്തിന്‍റെ 70 ശതമാനവും ഡോളറിലായിരുന്നു. 2022 ന്‍റെ അവസാന പാദത്തിലെ കണക്ക് പ്രകാരം വിദേശ നാണ്യശേഖരത്തില്‍ യുഎസ് ഡോളറിനുള്ള പങ്ക് 58 ശതമാനം മാത്രമാണ്. ഇക്കാരണങ്ങളാല്‍ യുഎസിന്‍റെ പ്രഥമ സ്ഥാനം നഷ്ടപ്പെടുത്തുമോ എന്ന ചിന്ത ട്രംപിനെ അലോസരപ്പെടുത്തുന്നുണ്ട്.
ബ്രിക്സ് രാജ്യങ്ങളുടെ നിലപാട്
ബ്രിക്സ് കറന്‍സിയില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന നിലപാടാണ് ഇന്ത്യ ബ്രിക്സ് വേദികളില്‍ നിരന്തരം ഉയര്‍ത്തുന്നത്. ബ്രസീലും റഷ്യയുമാണ് നിലവില്‍ പൊതുവേദിയില്‍ ബ്രിക്സ് കറന്‍സിക്കായി വാദിച്ചിട്ടുള്ളത്. എന്നാല്‍ പൂര്‍ണമായും ഡോളറിനെ ഒഴിവാക്കാമില്ലെന്ന് പുടിനും വ്യക്തമാക്കിയിരുന്നു. ഡോളറിനെതിരെ ബ്രിക്സ് രാജ്യങ്ങളുടെ പൊതു കറന്‍സി ആലോചിക്കുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്ക പറഞ്ഞത്. ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.