തിരിച്ചടിത്തീരുവയിലൂടെ  വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്‍റെ വിമോചനദിനം എന്ന് ട്രംപ് വിശേഷിപ്പിച്ച ഏപ്രില്‍ 2നാണ് ലോകത്തിന്‍റെ സാമ്പത്തിക വ്യാപാരക്രമത്തെയാകെ ഉലയ്ക്കാന്‍ ശേഷിയുളള ആ പ്രഖ്യാപനമുണ്ടായത്. ഇന്ത്യയടക്കം  നൂറ്റി എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക ഇറക്കുമതിച്ചുങ്കം കുത്തനെ  ഉയര്‍ത്തിയത്. ട്രംപിന്‍റെ ഈ നടപടിയില്‍ കടുത്ത രോഷത്തിലും ആശങ്കയിലുമാണ്‌ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ പോലും. എന്നാല്‍ വലിയ ശുഭാപ്തിവിശ്വാസത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപെന്ന് പറയാം. അമേരിക്ക സുവര്‍ണ കാലഘട്ടത്തിലേക്ക് മടങ്ങുകയാണെന്നും രാജ്യം അഭിവൃദ്ധി പ്രാപിക്കാന്‍ പോകുകയാണെന്നുമായിരുന്നു പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്രംപിന്‍റെ പ്രതികരണം. സത്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനിത് പകരച്ചുങ്കമോ? പ്രതികാരച്ചുങ്കമോ? ട്രംപിന്‍റെ ഈ നിലപാട് ഇന്ത്യയുടെ വ്യാപാരമേഖലയെ അടിതെറ്റിക്കുമോ?

ഇറക്കുമതി തീരുവ ഉയര്‍ത്തിയ  ട്രംപിന്‍റെ നടപടി ആഗോളവിപണിയെ ആകമാനം പിടിച്ചുലച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത ശുഭാപ്തി വിശ്വാസത്തോടെയാണ് ട്രംപ് ഈയൊരു ഇടിവിനെ നോക്കിക്കണ്ടത്. 'വിപണികൾ കുതിച്ചുയരാൻ പോകുന്നു, ഓഹരികൾ കുതിച്ചുയരാൻ പോകുന്നു, രാജ്യം കുതിച്ചുയരാൻ പോകുന്നു' എന്നായിരുന്നു വിപണി തകർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യാന്തര മാധ്യമത്തിന് ട്രംപിന്‍റെ മറുപടി. 

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്‌ക്കാനെന്ന പേരിലാണ്‌ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയത്‌. പകരത്തിന് പകരമെന്നോണമായിരുന്നു ട്രംപിന്‍റെ നീക്കം. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി മറ്റുരാജ്യങ്ങള്‍ ദ്രോഹിക്കുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനുളള തിരിച്ചടി കൂടിയാണ് ട്രംപിന്‍റെ പ്രതികാരച്ചുങ്കം. ട്രംപിന്‍റെ തിരിച്ചടി തീരുവയുടെ  ഏറ്റവും വലിയ ഇരകള്‍ കംബോഡിയ, ബോട്സ്വാന, തായ്​ലന്‍ഡ്, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളാണ്. 

കംബോഡിയയ്ക്ക് 49 ശതമാനമാണ് പകരം തീരുവ. ഭൂകമ്പത്തിന്‍റെ കെടുതിയിൽ വലയുന്ന മ്യാൻമാറിന് 44 ശതമാനവും സിറിയയ്ക്ക് 41 ശതമാനവും ശ്രീലങ്കയ്ക്ക് 44 ശതമാനവും തായ്​ലന്‍ഡിന് 36 ശതമാനവും ബോട്സ്വാനയ്ക്ക് 37 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ്   തീരുവ ഉയര്‍ത്തിയത്. തിരിച്ചടി തീരുവയുടെ കാര്യത്തില്‍ വ്യാപാരരംഗത്തെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഭേദമാണ് ഇന്ത്യയുടെ അവസ്ഥയെന്ന് പറയാം. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനവും പാക്കിസ്ഥാനുമേല്‍ 29% ശതമാനവുമാണ് തീരുവ. ആഗോള വ്യാപാരരംഗത്ത് കനത്ത വെല്ലുവിളിയായ ചൈനയ്ക്ക് 34 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. 

അമേരിക്കയെ സുഹൃത് രാജ്യമായി കാണുന്ന മോദിസർക്കാരിന്‌ കനത്ത പ്രഹരമാണ് ട്രംപിന്‍റെ ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരത്തിനുപകരമായി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിൽ 20 ശതമാനം ചുങ്കമാണ്‌ ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്‌. യുഎസ് ശരാശരി 10 ശതമാനം നിരക്കില്‍ തീരുവ ഏര്‍പ്പെടുത്തിയാല്‍ തന്നെ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയ്ക്ക് 600 കോടി ഡോളറിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ 27 ശതമാനം തീരുവ വരുന്നതോടുകൂടി കനത്ത ആഘാതമായിരിക്കും ഇന്ത്യന്‍ വിപണി നേരിടാന്‍ പോകുന്നതാണ് സൂചന. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. അതുകൊണ്ടുതന്നെ യുഎസുമായുളള വ്യാപാരഇടപാടിലുണ്ടാകാന്‍ പോകുന്ന ഇടിവ് നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കാനും സാധ്യയയേറെയാണ്

പ്രതികാരച്ചുങ്ക നടപടിക്കെതിരെ അമേരിക്കയുടെ സഖ്യകക്ഷികൾ പോലും പ്രതിഷേധമുയർത്തുന്ന സാഹചര്യത്തില്‍ വിധേയത്വം തുടരുകയാണ് കേന്ദ്ര സർക്കാർ. തല്‍ക്കാലം ട്രംപിനെ പ്രകോപിപ്പിക്കാനോ  പ്രീതിപ്പെടുത്താനോ ശ്രമിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം ട്രംപിന്‍റെ പകരത്തീരുവയില്‍ ഇന്ത്യ ശ്രദ്ധയോടെ നീങ്ങിയാല്‍ രാജ്യത്തിന്‍റെ വ്യാപാരഇടപാടുകളില്‍ വലിയ ആഘാതമേല്‍ക്കാതിരിക്കുകയും തീരുവഭാരമുള്ള രാജ്യങ്ങളില്‍ നിന്നും വിപണി പങ്കാളിത്തം പിടിച്ചെടുക്കാന്‍ സാധിച്ചെന്നും വരാമെന്നാണ് വിധഗ്ദരുടെ അഭിപ്രായം. ട്രംപിന്‍റെ നടപടി വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വസ്ത്രകയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളായ ചൈന, കംബോഡിയ,ബംഗ്ലദേശ്,വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കെല്ലാം ഇന്ത്യയെക്കാള്‍ കൂടുതലാണ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ. അതിനാല്‍ തന്നെ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് അമേരിക്കന്‍ ഇറക്കുമതി ലാഭകരമാകുമെന്നും വിധഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

മല്‍സ്യകയറ്റുമതിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 10 ശതമാനം മാത്രം തീരുവയുളള ഇക്വഡോറാണ് ഇവിടെ ഇന്ത്യയുടെ എതിരാളി. പകരത്തീരുവ ഐടി മേഖലയെ കാര്യമായി ബാധിക്കില്ലെന്ന് പറയുമ്പോള്‍ സ്വര്‍ണാഭരണ നിര്‍മാണ മേഖയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും പറയപ്പെടുന്നുണ്ട്. ട്രംപിന്‍റെ നടപടി യുഎസിലേക്കുളള ഇന്ത്യന്‍ കയറ്റുമതിക്ക് ആഘാതമാകുമെന്ന് പറയുമ്പോഴും ചില ഉല്‍പന്നങ്ങള്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ ഇന്ത്യ–അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍ സാധ്യമായാല്‍ തീരുവകള്‍ കുറഞ്ഞേക്കും. വരാനിരിക്കുന്ന പ്രതിസന്ധിയെ നേരിടാന്‍ ദൃഢമായ നിലപാടുതന്നെ ഇന്ത്യ സ്വീകരിക്കണം. ഇന്ത്യയെടുക്കുന്ന നിര്‍ണായക തീരുമാനങ്ങളാണ് ട്രംപിന്‍റെ പ്രതികാരച്ചുങ്കം ഇന്ത്യയ്ക്ക് ആഘാതമാണോ ആശ്വാസമാണോ സമ്മാനിക്കുന്നതെന്ന് തീരുമാനിക്കാനുന്നത്.

ENGLISH SUMMARY:

Explore the effects of Trump's reciprocal tariffs on India, analyzing how these trade policies are reshaping the economic landscape between the two nations.