shein-amabi

TOPICS COVERED

നാല് വർഷം മുൻപ് ചൈനീസ് ആപ്പുകൾക്കുണ്ടായ നിരോധനത്തിൽ രാജ്യം വിടേണ്ടി വന്നതാണ് ഷിഇൻ എന്ന ചൈനീസ് ബ്രാൻഡിന്. കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ വിൽക്കുന്നതിൽ പേരുകേട്ട ബ്രാൻഡ് വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ഇത്തവണ കൈപിടിക്കുന്നത് അംബാനിയുടേതാണ്. റിലയൻസ് റീട്ടെയിൽ വഴി ഷിഇൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഷിഇൻ ഉത്പ്പന്നങ്ങൾ റിലയൻസ് റീട്ടെയിൽ ആപ്പ് വഴിയും ഓഫ്‍ ലൈൻ സ്റ്റോറുകൾ വഴിയും വിറ്റഴിക്കും. 

ഇത്തവണ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഷിഇൻ ബ്രാൻഡിന് സുഗമമാകുമെന്നാണ് കണക്കാക്കുന്നത്. പ്ലാറ്റഫോമിൻറെ ഉടമസ്ഥാവകാശവും നിയന്ത്രണവും റിലയൻസ് റീട്ടെയിലൻറെ സബ്സിഡറിയിലായിരിക്കും. പ്ലാറ്റ്ഫോം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഹോസ്റ്റുചെയ്യും. കൂടാതെ എല്ലാ പ്ലാറ്റ്‌ഫോം ഡാറ്റയും ഇന്ത്യയിൽ തന്നെ നിലനിൽക്കും. ഷെയ്‌നിന് ഡാറ്റയിലേക്ക് അവകാശമുണ്ടായിരിക്കില്ല.

അമേരിക്കയിലും യൂറോപ്പിലുംവലിയ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, ആഗോള ഫാഷൻ വിപണിയിൽ ഷിഇന്നിൻറെ സ്ഥാനം നിലനിർത്താൻ സഹായിക്കും. കുറഞ്ഞ വിലയിൽ വസ്ത്രങ്ങളും ആഭരണങ്ങളും വിൽക്കുന്നതിനാൽ ഷിഇൻ സാറ, എച്ചആൻഡ്എം എന്നിവയ്ക്ക് ഭീഷണിയാണ്. ഇന്ത്യയിൽ മിന്ത്രയോടും സുഡിയോടുമായിരിക്കും ഷെയിന്റെ മൽസരം. 

2012 ൽ ചൈനീസ് സംരംഭകനായ ക്രിസ് സ്കു ആണ് ഷിഇൻ ആരംഭിച്ചത്. 150 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് ഇന്ന് ലോകത്തെമ്പാടും ഉപഭോക്താക്കളുണ്ട്.  2023 സാമ്പത്തിക വർഷത്തിൽ 2 ബില്യൺ ഡോളറാണ് കമ്പനിയുടെ ലാഭം. യുഎസ്, യൂറോപ്പ്, ഏഷ്യൻ വിപണികളിൽ ഓൺലൈനിലാണ് ഷിഇൻ വിൽപ്പന നടത്തുന്നത്. സ്വന്തമായി നിർമാണ സൗകര്യങ്ങളൊന്നുമില്ലാത്ത കമ്പനി ചൈനയിൽ തേഡ് പാർട്ടികൾ വഴിയാണ് നിർമാണം. ഇതിനായി 5,400 കമ്പനികളുമായി ഷിഇൻ കാരറുണ്ട്.