mangoreliance

പെട്രോളിയം, ടെലികമ്മ്യൂണിക്കേഷന്‍സ്, റീട്ടെയില്‍ രംഗത്ത് അതികായരാണ് റിലയന്‍സ് ഗ്രൂപ്.  റിലയന്‍സ് ജിയോയെക്കുറിച്ചും റിലയന്‍സ് ഡിജിറ്റലിനെക്കുറിച്ചും കേള്‍ക്കാത്തവരായും സേവനം ഉപയോഗിക്കാത്തവരായും ആരും കാണില്ല. എന്നാല്‍ റിലയന്‍സ് മാമ്പഴത്തെക്കുറിച്ച് എത്ര പേര്‍ക്കറിയാം? ഇത് കേള്‍ക്കുമ്പോള്‍ മാമ്പഴ വ്യവസായവും റിലയന്‍സും തമ്മിലെന്ത് എന്ന് ചിന്തിക്കും. എന്നാല്‍ ആ ചിന്തയ്ക്ക് ഉത്തരം കണ്ടെത്താന്‍ അല്‍പം പിറകോട്ട് സഞ്ചരിക്കേണ്ടി വരും. റിലയന്‍സ് പെട്രോളിയം കമ്പനിയുടെ ചുറ്റുമുണ്ടായിരുന്ന തരിശുഭൂമി ചുമന്ന് തുടുത്ത മാമ്പഴം വിളയുന്ന സ്വര്‍ണഭൂമിയാക്കിയ കഥ. 

relianceindustry

90കളുടെ അവസാനകാലത്ത്,  കൃത്യമായി പറഞ്ഞാല്‍ 1997ല്‍ ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറി കമ്പനികള്‍ വലിയ തോതില്‍ പ്രതിസന്ധിയിലകപ്പെട്ടു. പെട്രോളിയം റിഫൈനറി കമ്പനികള്‍ നാട്ടുകാര്‍ക്ക് വലിയ തലവേദനയായി തുടങ്ങിയ കാലമായിരുന്നു അത്. പ്രദേശത്ത് കമ്പനി പരത്തിയ മലിനീകരണമായിരുന്നു വില്ലനായി മാറിയത്. മലിനീകരണത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ വെറുതെയിരിക്കാന്‍ തയ്യാറല്ലായിരുന്നു. മേഖലയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതിനെതിരെ കടുത്ത തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു.  ഇന്ത്യന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും പലതവണ മുന്നറിയിപ്പ് കിട്ടി. കമ്പനിയുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലെത്തി കാര്യങ്ങള്‍. 

ഈ പ്രശ്നപരിഹാരത്തിനായി ധിരുബായ് അംബാനിയുടെ പേരിലുള്ള കമ്പനി അധികൃതര്‍ കുത്തിയിരുന്ന് തലപുകച്ചു. അങ്ങനെ വലിയൊരു ബാരിയര്‍ കമ്പനിക്ക് ചുറ്റും നിര്‍മിച്ചാല്‍ ഒരു പരിധിവരെ പരിഹാരമാകുമെന്ന് ചര്‍ച്ചകളില്‍ കണ്ടെത്തി. എന്നാല്‍ വെറുമൊരു പ്രതിരോധം എന്നതിനപ്പുറം എന്തുചെയ്യാമെന്നതായിരുന്നു അടുത്ത ചിന്ത. മലിനീകരണം നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നില്ല മറിച്ച് റിഫൈനറിക്കു ചുറ്റും ഒരു ഹരിതമതില്‍ സ്ഥാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. അങ്ങനെയാണ് റിഫൈനറിക്കു ചുറ്റും മാമ്പഴക്കാലം തീര്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒട്ടും സമയം കളയാതെ 600ഓളം ഏക്കര്‍ സ്ഥലത്തേക്ക് മാവിന്‍ തൈകളെത്തിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം മാവിന്‍തൈകള്‍ നട്ടു. 

mangoorchard

ഈ മേഖലയിലെ ഉയർന്ന ലവണാംശത്തിലും വരണ്ട കാലാവസ്ഥയിലും മാമ്പഴത്തോട്ടം അഭിവൃദ്ധിപ്പെടുത്തുക എന്നതായിരുന്നു അടുത്ത ടാര്‍ഗറ്റ്. അതിനായി റിലയൻസ് അത്യാധുനിക സാങ്കേതികവിദ്യകൾ ഇവിടെ നടപ്പിലാക്കി. മലിനീകരണ തോത് ഗണ്യമായി കുറയ്ക്കാനും, ശുദ്ധജലം നൽകാനും ഉതകുന്ന ഒരു ഡസലൈനേഷൻ പ്ലാന്റും ഇവിടെ നിര്‍മിച്ചു.  ജലസംഭരണി, ഡ്രിപ്പ് ഇറിഗേഷൻ, ഒരേസമയം വളപ്രയോഗം തുടങ്ങിയ നൂതന കാർഷിക സാങ്കേതിക വിദ്യകൾ തോട്ടത്തിന്റെ വലിയതോതിലുള്ള വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കി.

ഇന്ന് 200 ഇനങ്ങള്‍ക്കുമേലെ വിവിധയിനം മാമ്പഴങ്ങള്‍  നിറഞ്ഞാടുന്ന തോട്ടമായി ഇത് മാറിക്കഴിഞ്ഞു. ചുമ്മാ കണ്ട ഇനങ്ങളല്ല, മറിച്ച് ആഗോള മാമ്പഴവ്യവസായ രംഗത്ത് അതികായരാക്കി റിലയന്‍സിനെ മാറ്റാന്‍ പോന്ന മാമ്പഴക്കൂട്ടങ്ങള്‍ തന്നെ. വ്യവസായിക രംഗത്തുനിന്നും കാര്‍ഷികരംഗത്തേക്കും  റിലയന്‍സ് ടീമെത്തിയത് ഏറ്റവുമധികം കയറ്റുമതി ചെയ്യാന്‍ പറ്റുന്ന ഉത്പന്നങ്ങളുമായിട്ടായിരുന്നു.  ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ ഇസ്രയേലിനേയും ബ്രസീലിനേയും കടത്തിവെട്ടി റിലയന്‍സ് മാമ്പഴത്തോട്ടങ്ങള്‍. 2019ല്‍ 17.5ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഉണ്ടായിരുന്നത്  2025ഓടെ 25.5ബില്യണ്‍ വ്യവസായമാണ് പ്രതീക്ഷിക്കുന്നത്. 

mukeshambani

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ലഖിബാഗ് പൂന്തോട്ടത്തിന്റെ പേരാണ് മാമ്പഴ തോട്ടത്തിനോട് ചേര്‍ന്നുനില്‍ക്കുന്നത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ എന്നാണ് മാമ്പഴത്തോട്ടം അറിയപ്പെടുന്നത്. 

mangoorchardone

ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെൻ്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയ്‌ക്കൊപ്പം പ്രശസ്ത ഇന്ത്യൻ ഇനങ്ങളായ കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മാമ്പഴങ്ങൾ ഈ തോട്ടത്തിൽ കാണാം. പ്രതിവർഷം ഏകദേശം 600 ടൺ പ്രീമിയം മാമ്പഴം ഉത്പാദിപ്പിക്കുന്ന റിലയൻസ് ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഏഷ്യയിലെ മുൻനിര മാമ്പഴ കയറ്റുമതിക്കാരായി ഉയർന്നു.

സ്വന്തം കൃഷിക്കൊപ്പം പ്രാദേശിക കർഷകരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനരീതിയാണ് ഇപ്പോള്‍ നടക്കുന്നത്.   കമ്പനി പ്രതിവർഷം ഒരു ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. നൂതന കാർഷിക രീതികളെക്കുറിച്ചുള്ള പരിശീലന ക്ലാസുകളും കര്‍ഷകര്‍ക്കായി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  മുകേഷ് അംബാനിയുടെ മാമ്പഴ കൃഷിയിലേക്കുള്ള ചുവടുവെപ്പും വളര്‍ച്ചയും  സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ വ്യവസായ ഭീമന്മാർക്ക് സ്വന്തം വിഭവങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഉദാഹരണം കൂടിയാണ്. 

Reliance Mango Empire:

Reliance Group is a giant in petroleum, telecommunications and retail. But how many people know about Reliance Mango? When you hear this, you will think what is the difference between the mango industry and Reliance..This is the story of Reliance Mango