ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഹൗസുകളായ ടാറ്റയും റിലയൻസും പല മേഖലകളിലും നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. അത്തരത്തിലൊന്നാണ് റീട്ടെയിൽ ഫാഷൻ രംഗം. പ്രീമിയം ബ്രാൻഡുകളിൽ മാത്രം ശ്രദ്ധിച്ചിരുന്ന ടാറ്റ, സുഡിയോ വഴി സാധാരണക്കാരെ ആകർഷിക്കുമ്പോൾ മത്സരം മുറുക്കുകയാണ് റിലയൻസ്. ഫാഷൻ സെഗ്മെന്റിൽ പല ശ്രമങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ടാറ്റ ട്രെൻഡിന്റെ സുഡിയോയെ മറികടക്കാൻ റിലയൻസിനായില്ല. ഇതോടെ ചൈനീസ് ഇ-കോമേഴ്സ് ബ്രാൻഡായ ഷിഇന്നിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയാണ് റിലയൻസ് റീട്ടെയിൽ.
വളരുന്ന സുഡിയോ, വളരുന്ന ട്രെൻഡ്
ട്രെൻഡ് ലിമിറ്റഡിലെ വിൽപ്പന കോവിഡാനന്തരം മൂന്നിരട്ടിയായെന്നാണ് കണക്ക്. ലാഭമാകട്ടെ 12 മടങ്ങ് ഉയർന്നു. കുറഞ്ഞ വിലയിൽ ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ വിൽക്കുന്ന സുഡിയോ തന്നെയാണ് ട്രെൻഡ് ലിമിറ്റഡിലേക്ക് വരുമാനം കൊണ്ടുവരുന്നത്. നാല് വർഷം മുന്നെ വെറും 80 സുഡിയോ സ്റ്റോറുണ്ടായിരുന്നിടത്ത് കഴിഞ്ഞ പാദത്തിലെ കണക്ക് പ്രകാരം 164 നഗരങ്ങളിൽ 560 സ്റ്റോറുകളാണ് ആരംഭിച്ചത്. സുഡിയോയിൽ നിന്ന് വലിയ നേട്ടമാണ് ട്രെൻഡ് ലിമിറ്റഡ് ഉണ്ടാക്കുന്നത്. 2.40 ലക്ഷം കോടിക്ക് മുകളിലാണ് ഇന്ന് ട്രെൻഡിന്റെ വിപണി മൂല്യം. ഇതോടെ നാലാമത്തെ ഏറ്റവും വലിയ ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ട്രെൻഡ് മാറി. സുഡിയോ വഴി ട്രെൻഡ് വളരുന്നത് ഫാഷൻ മേഖലയിൽ റിലയൻസിന് തിരിച്ചടിയാണ്.
അംബാനിയുടെ പ്രശ്നം
ഇനി എങ്ങനെയാണ് ടാറ്റയുടെ ഈ വളർച്ച അംബാനിക്ക് പ്രശ്നമാകുന്നത് എന്ന് നോക്കാം. പെട്രോ കെമിക്കൽ, ടെലികോം, മീഡിയ ബിസിനസുകളെ പോലെ തന്നെ റീട്ടെയിൽ മേഖലയും റിലയൻസിൻറെ പ്രധാന ബിസിനസുകളിലൊന്നാണ്. സമീപകാലത്ത് 200കോടി ഡോളറിൻറെ നിക്ഷേപമാണ് റിലയൻസ് ഗ്രൂപ്പ് റിലയൻസ് റീട്ടെയിലേക്ക് നടത്തിയത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം റിലയൻസ് റീട്ടെയിലിൻറെ വാർഷിക വളർച്ച കേവലം 8 ശതമാനം മാത്രം. ഈ വളർച്ചയുണ്ടായതാകട്ടെ എയർ കണ്ടീഷനർ, റഫ്രിഡ്ജറേറ്റർ, ടിവി, ഗ്രോസറി എന്നിവയിലൂടെയും.
അതേസമയം ട്രെൻഡിന്റെ വിൽപ്പന കഴിഞ്ഞ പാദത്തിൽ 56 ശതമാനം വർധിപ്പിച്ചു. ഇതാണ് മാറ്റങ്ങളിലേക്ക് കടക്കാൻ റിലയൻസിനെ ചിന്തിപ്പിച്ചത്. 3,600 കോടി ഡോളർ വരുമാനത്തോടെ ട്രെൻഡിനേക്കാൾ വലുതാണെങ്കിലും വരാനിക്കുന്ന പ്രാഥമിക ഓഹരി വിൽപ്പനയാണ് റിലയൻസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. ഐപിഒയ്ക്ക് മുൻപ് ഫാഷൻ വിപണിയിലും ആധിപത്യം തുടരാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
യൂസ്റ്റ വിജയിച്ചില്ല, പകരം എത്തിച്ചത് ഷിഇൻ
ഒരു വർഷം മുൻപ് സുഡിയോയുമായി നേരിട്ട് ഏറ്റുമുട്ടാൻ യുസ്റ്റ എന്ന ബ്രാൻഡ് റിലയൻസ് ആരംഭിച്ചിരുന്നു. 999 രൂപയ്ക്ക് താഴെ വില വരുന്ന ഉത്പ്പന്നങ്ങൾ മാത്രം വിറ്റിരുന്ന സ്റ്റോർ കാര്യമായ ഫലം കാണാതെ വന്നതോടെയാണ് മാറ്റങ്ങൾ. 2020 ൽ ചൈനീസ് ആപ്പുകളെ പുറത്താക്കിയ കൂട്ടത്തിൽ പുറത്ത് പോയ ഇ–കോമേഴ്സ് കമ്പനിയാണ് ഷിഇൻ. ടീനേഴേജ്സിനിടയിൽ ജനപ്രീയമായ കമ്പനിയെ എത്തിക്കുന്നത് വഴി വിൽപ്പന വർധിപ്പിക്കാനാണ് റിലയൻസ് റീട്ടെയിലന്റെ ശ്രമം.
ഷിഇൻ ഉത്പ്പന്നങ്ങൾ റിലയൻസ് റീട്ടെയിൽ ആപ്പ് വഴിയും ഓഫ്‍ ലൈൻ സ്റ്റോറുകൾ വഴിയും വിറ്റഴിക്കും. പ്ലാറ്റഫോമിൻറെ ഉടമസ്ഥാവകാശവും നിയന്ത്രണവും റിലയൻസ് റീട്ടെയിലൻറെ സബ്സിഡറിയിലായിരിക്കും. പ്ലാറ്റ്ഫോം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഹോസ്റ്റുചെയ്യും. കൂടാതെ എല്ലാ പ്ലാറ്റ്‌ഫോം ഡാറ്റയും ഇന്ത്യയിൽ തന്നെ നിലനിൽക്കും. ഷെയ്‌നിന് ഡാറ്റയിലേക്ക് അവകാശമുണ്ടായിരിക്കില്ല. അങ്ങനെ ഫാഷൻ വിപണിയിൽ അടുത്ത മത്സരം തയ്യാറാവുകയാണ്. രസകരമായ കാര്യം 32 കാരിയും 67 കാരനും തമ്മിലുള്ള മത്സരമാണ് ഒരുങ്ങുന്നതെന്നാണ്. മുകേഷ് അംബാനിയുടെ മകൾ 32 കാരിയായ ഇഷ അംബാനിയാണ് റിലയൻസ് റീട്ടെയിലിനെ നയിക്കുന്നത്. ട്രെൻ്റ് ലിമിറ്റഡിനെ നയിക്കുന്ന രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റയ്ക്ക് വയസ് 67 ആണ്