upi-transaction-fees

TOPICS COVERED

പണമിടപാടുകള്‍ക്ക് യു.പി.ഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കോവിഡിന്ശേഷമുണ്ടായത്. പണത്തിന്‍റെ കൈമാറ്റം ഇത്ര എളുപ്പമാക്കിയൊരു നടപടി  സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. നിലവിൽ സൗജന്യമായി തുടരുന്ന യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയാൽ എന്താകും സ്ഥിതി? അത്തരമൊരു ആലോചനയിലേക്ക് കമ്പനികള്‍ കടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആമസോൺ പേ ഇന്ത്യ സിഇഒ വികാസ് ബൻസാലും ഈ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. 

നിലവിൽ ഭൂരിഭാഗം യുപിഐ ഇടപാടുകൾക്കും ഇടപാട് ചാർജ് ( മെർച്ചൻറ് ഡിസ്ക്കൗണ്ട് റേറ്റ്) ഈടാക്കുന്നില്ല. ഡിജിറ്റൽ ഇടപാടുകൾ പ്രോസസ് ചെയ്യുന്നിന് ബാങ്കുകൾ വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ചാർജാണ് മെർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ്. യുപിഐ കവറേജ് വർധിപ്പിക്കുന്നതിനും സാധാരണക്കാർക്കിടയിൽ യുപിഐ ഉപയോഗം ശീലമാക്കുന്നതിനുമാണ് ഈ നീക്കം. അതേസമയം, കമ്പനികൾ പേയ്മെൻറ് ഇക്കോസിസ്റ്റത്തിലേക്ക് നടത്തിയ നിക്ഷേപത്തിന്‍റെ വിഹിതം ലഭിക്കാൻ ചാർജ് ഈടാക്കണമെന്നാണ് ആമസോൺ പേ ഇന്ത്യയുടെ നിലപാട്. 

മെര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റിന് എതിരാണ് സർക്കാർ നിലപാട്. ഡിജിറ്റൽ ഇടപാട് വർധിപ്പിക്കാൻ 2020 തിൽ കേന്ദ്ര സർക്കാർ മെർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് എടുത്തുകളഞ്ഞിരുന്നു. ഇതുവഴി ബാങ്കുകൾക്കും ഫിൻടെക്കുകൾക്കും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി 2021 ലെ യൂണിയൻ ബജറ്റിൽ 150 കോടി രൂപയുടെ സ്കീം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെയാണ് ബാങ്കുകളുടെ മെർച്ചൻറ് ഡിസ്ക്കൗണ്ട് റേറ്റ് നഷ്ടം സർക്കാർ നികത്തിയിരുന്നത്. 

2022 ഓഗസ്റ്റിൽ യുപിഐ ഇടപാടുകളുടെ നിരക്ക് ഘടന പരിഷ്കരിക്കാൻ ആർബിഐ ഡിസ്കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. വ്യത്യസ്ത ഇടപാട് തുകയ്ക്ക് അനുസരിച്ച് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്. യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ യാതൊരു പ്ലാനുമില്ലെന്ന് ഈ സമയം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 

എന്നാൽ ഇടപാടുകൾ വർധിക്കുന്നതും യുപിഐ സർവ സ്വീകാര്യവുമായതോടെ ചാർജ് ഈടാക്കുമോ എന്നാണ് ആശങ്ക. നാല് വർഷത്തിനിടെ പത്ത് മടങ്ങാണ് യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായ വർധനവ്. 2020 മേയിൽ 2.18 ലക്ഷം കോടി ഇടപാടുകളിൽ നിന്ന് 2024 മേയിൽ 20.45 ലക്ഷം കോടി ഇടപാടകളിലേക്ക് വർധനവുണ്ടായി. 2020 തിൽ യുപിഐയിൽ 155 ബാങ്കുകൾ സജീവമായിരുന്നിടത്ത് നിന്ന് 598 ബാങ്കുകളിലേക്കും യുപിഐ വളർന്നു. 

ENGLISH SUMMARY:

UPI transactions jumping ten- fold in last four years. Will government charge fees for transactions.