AI Generated Image

വോയിസ്, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീചാർജ് പാക്കുകൾ അവതരിപ്പിക്കുന്ന റീചാർജ് പരിഷ്കാരത്തോട് മുഖം തിരിച്ച് ടെലികോം കമ്പനികൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ കൺസൾട്ടേഷൻ പേപ്പറിന് നൽകിയ മറുപടിയിലാണ് എയർടെൽ, ജിയോ, വിഐ എന്നിവ നിലപാട് വ്യക്തമാക്കിയത്. നിലവിലെ താരിഫ് പ്ലാൻ എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളതാണെന്നും  വോയിസ്, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേകം റീച്ചാർജ് ആരംഭിക്കേണ്ട കാര്യമില്ലെന്നും കമ്പനികൾ അറിയിച്ചു. 

നിലവിലെ പ്ലാൻ പ്രകാരം മൊബൈൽ ഉപഭോക്താക്കൾ ഉപയോഗിക്കാത്ത സേവനത്തിന് പണം നൽകുന്നതിനാലാണ് ട്രായ് പരിഷ്കാരത്തിന് മുന്നിട്ടിറങ്ങിയത്.  ആധുനിക ആശയവിനിമയത്തിന്റെ കേന്ദ്രഘടകമാണ് ഡാറ്റ എന്നാണ് കമ്പനികളുടെ നിലപാട്. നിലവിലെ ബണ്ടിൽ പാക്ക് നേരായതും എളുപ്പം മനസിലാകുന്നതുമാണ്. അതിനാലാണ് മുതിർന്ന ഉപഭോക്താക്കൾ ഇവ തിരഞ്ഞെടുക്കന്നത്. ഇവ ഒന്നിലധികം റീചാർജുകളുടെ ആവശ്യമില്ലാതാക്കുന്നു എന്നുമാണ് എയർടെലിന്റെ വാ​ദം. 

നിലവിലെ ടെലികോം ഓഫറുകൾ 91 ശതമാനം വരിക്കാർക്കും താങ്ങാവുന്നതാണെന്നും റീചാർജ് പ്ലാനുകൾക്കിടയിൽ മതിയായ ചോയ്‌സ് ഉണ്ടെന്ന് 93 ശതമാനം വരിക്കാരും വിശ്വസിക്കുന്നതായും ട്രായ് സർവെ ഉദ്ധരിച്ച് ജിയോ മറുപടി നൽകി. വോയിസ് ഓൺലി പാക്ക് കൊണ്ടുവരുന്നത് ഡിജിറ്റൽ ഡിവൈഡ് ഉണ്ടാക്കുമെന്ന് വിഐയും വ്യക്തമാക്കി. 94 ശതമാനം ഉപഭോക്താക്കളും ദിവസം ഒരു എസ്എംഎസ് മാത്രമാണ് ഉപയോ​ഗിക്കുന്നതെന്നും എയർടെൽ നൽകിയ വിവരത്തിലുണ്ട്. 

നിലവിൽ വിപണിയിലുള്ള താരിഫ് പ്ലാനുകൾ വോയിസ്, ഡാറ്റ, എസ്എംഎസ്, ഒടിടി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. എല്ലാ സേവനങ്ങളും എല്ലാ ഉപഭോക്താക്കൾക്കും ആവശ്യമില്ലാത്തതിനാൽ ഉപയോഗിക്കാത്ത സേവനത്തിനാണ് പലരും പണം ചെലവാക്കുന്നത്. ബണ്ടിൽഡ് ഓഫറുകൾ വരിക്കാർക്ക് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് ഒരു പരിമിതിയാണെന്ന് വ്യക്തമാക്കിയാണ് ട്രായ് നിർദ്ദേശങ്ങൾ തേടിയത്. 2012 ലെ ടെലികോം കൺസ്യമൂർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് ഭേദഗതി ചെയ്യുകയും നിലവിലുള്ളതിനൊപ്പം പ്രൊഡക്ട് സ്പെസിഫിക് താരിഫ് പ്ലാനുകൾ കൊണ്ടുവരണമോ എന്നുമാണ് ട്രായ് പരി​ഗണിക്കുന്നത്. 

ENGLISH SUMMARY:

Telecom companies against trais proposal about seperate recharge plan for data, call and sms