അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.8 കോടി രൂപ നിക്ഷേപിച്ചത് റേറ്റിങ് ഏജന്‍സിയുടെ മുന്നറിയിപ്പ് അവഗണിച്ച്. റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിനും പിതൃകമ്പനിയായ റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡിനും എ.എ പ്ലസ് റേറ്റിങ് നല്‍കിയത് മുന്നറിയിപ്പോടെ. അനുബന്ധകമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഡി-റേറ്റിങ് നല്‍കിയ പശ്ചാത്തലത്തിലാണ് റേറ്റിങ്ങില്‍ മാറ്റം വരാമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പ്.
നിക്ഷേപ സമയത്ത് റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ക്രെഡിറ്റ് ഏജന്‍സിയായ കെയര്‍ നല്‍കിയ എഎ പ്ലസ്റേറ്റിങ്ങ് ആയിരുന്നുെവെന്നുമാണ് നിലവിലെ ധനമന്ത്രിയുടെയും മുന്‍ ധനമന്ത്രിയുടെയും ന്യായീകരണം. എന്നാല്‍ ഇത് അര്‍ധ സത്യം മാത്രമാണ്. കെയര്‍ നല്‍കിയ എ.എ റേറ്റിങിനൊപ്പം ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു. ക്രഡിറ്റ് വാച്ച് വിത്ത് ഡെവലപിങ് ഇംപ്ലിക്കേഷന്‍. അതായത്, ഈ റേറ്റിങ് മാറാനുള്ള സാധ്യതയുണ്ടെന്നും സൂക്ഷമമായി നിരീക്ഷിക്കണമെന്നം അര്‍ത്ഥം. ഇതിന്‍റെ കാരണവും റേറ്റിങ്ങ് റിപ്പോര്‍ട്ടിലുണ്ട്. റിലയന്‍സ് കൊമേഴസ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെ മാതൃ കമ്പനിയായ റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡിനും ഈ മുന്നറിയിപ്പുണ്ട്.
ആര്‍.സി.എലിന്‍റെ അനുബന്ധ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ്. ആ വര്‍ഷം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് കിട്ടിയ റേറ്റങ് ഡിയായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാധ്യതകള്‍ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് കൈമാറിയത് കൂടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് റേറ്റിങ് മാറാനുള്ള സാധ്യത മുന്നറിയിപ്പായി കൊടുത്തത്. കെ.എഫ്.സിയിലെ സാമ്പത്തിക വിദഗ്ദര്‍ ഇതൊന്നും പരിഗണിക്കാതെയാണ് ബോര്‍ഡ് യോഗം പോലും ചേരും മുമ്പ് 60.8 കോടി രൂപയുടെ നിക്ഷേപം തിടുക്കപ്പെട്ട് നടത്തിയത്. ബോര്‍ഡ് യോഗം ചേര്‍ന്ന് അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ നിക്ഷേപം നടത്തിയെന്ന് തെളിയിക്കുന്ന രേഖയും പുറത്തുവന്നു.