ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ട്രംപിന്റെ താരിഫിന് മറുപടിയായി ചൈന യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫ് വർധിപ്പിച്ചതോടെയാണ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന ഏപ്രിൽ 10 മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരയുദ്ധം രൂക്ഷമായതും ആഗോള സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത വർധിച്ചതുമാണ് ക്രൂഡ് ഓയില്‍ വിലയില്‍ പ്രതിഫലിച്ചത്.
വാഷിങ്ടണിലെ അനാകോര്‍ട്സിലുള്ള മാരത്തോണ്‍ പെട്രോളിയും ഓയില്‍ റിഫൈനറി
കഴിഞ്ഞ ദിവസം മാത്രം ഏഴുശതമാനമാണ് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 6.5 ശതമാനം കുറഞ്ഞ് ബാരലിന് 65.58 ഡോളർ എന്ന നിലയിലെത്തി. ഈയാഴ്ചത്തെ വിലയിടിവ് 10.9 ശതമാനം. ഒന്നര വർഷത്തിനിടെ ഒരാഴ്ച ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഡബ്ല്യുടിഐ ക്രൂഡ് 7.4 ശതമാനം ഇടിഞ്ഞ് 61.99 ഡോളർ എന്ന നിലയിലാണ്. ഈയാഴ്ച ഡബ്ല്യുടിഐ ക്രൂഡിന് 10.6 ശതമാനം വില കുറഞ്ഞു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്.
ക്രൂഡ് ഓയില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ വില അന്‍പത് ഡോളറിന് അടുത്തുവരെയെത്തിയേക്കുമെന്നാണ് നിഗമനം. നിലവിലെ വിപണി സാഹചര്യങ്ങളിൽ ക്രൂഡ് ഓയിലിന് ആവശ്യം കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.
കസാഖിസ്ഥാനിലെ ഴെത്തിബേയിലെ എണ്ണക്കിണര്‍
ട്രംപിന്റെ പുതിയ താരിഫുകൾ പ്രതീക്ഷിച്ചതിലും വലുതാണെന്നും അതിന്റെ ഫലമായി വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. വളര്‍ച്ച മന്ദഗതിയിലാകുമെന്നും അദ്ദേഹം കരുതുന്നു. സമീപഭാവിയിൽ യുഎസ് സെൻട്രൽ ബാങ്കിന് ഒട്ടേറെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൂഡ് ഓയില്‍ വില കുറയുകയാണെങ്കിലും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ തീരുമാനം. ഏപ്രിലിൽ പ്രതിദിനം 4,11,000 ബാരൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ഒപെക് പ്രഖ്യാപിച്ചു. മാന്ദ്യസാധ്യത വർദ്ധിച്ചതും ഒപെക് ഉത്പാദനം വർദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും മൂലം എണ്ണവില താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളായ ഗോൾഡ്‌മാൻ സാക്‌സിന്റെ നിഗമനം.
വിയന്നയിലെ ഒപെക് ആസ്ഥാനം
ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഇന്ത്യ പോലെ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അനുകൂലമായേക്കും. ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ എണ്ണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയിടിവിന് ആനുപാതികമായി പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറച്ചാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍ വിലകുറയ്ക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ തയാറാകുമോ എന്നാണ് അറിയേണ്ടത്.