gold-3

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. കേരള വിപണിയിൽ ശനിയാഴ്ച പവന് 480 രൂപ വർധിച്ച് 53,200 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6650 രൂപയായി. പവന് മാസത്തിലെ താഴ്ന്ന നിലവാരമായ 52,560 രൂപയിൽ വ്യാപാരം ആരംഭിച്ച സ്വർണം 640 രൂപ വർധനവോടെയാണ് ഈ ആഴ്ച അവസാനിപ്പിക്കുന്നത്. ആഗോള സാഹചര്യത്തിൽ ഉണ്ടായ മാറ്റങ്ങളാണ് സ്വർണ വിലയെ മുന്നോട്ട് നയിച്ചത്.

അമേരിക്കയിൽ കുറഞ്ഞു വരുന്ന പണപ്പെരുപ്പവും യൂറോപ്യൻ ഓഹരി വിപണിയിൽ കാണുന്ന തിരിച്ചടിയും സ്വർണത്തിന് നേട്ടമായി. സ്പോട്ട് ഗോൾഡ്‌ നാലാഴ്ചയ്ക്കിടെ നേട്ടത്തോടെ അവസാനിച്ചു. വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്ന സ്പോട്ട് ഗോൾഡ് ഔണ്‍സിന് 2,331.69 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 1.6 ശതമാനം നേട്ടം.

പണപ്പെരുപ്പം കുറയുന്നതോടെ ഈ വർഷം തന്നെ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ ഉണ്ടാകുമെന്ന വിലയിരുത്തലില്‍ നിക്ഷേപകർ എത്തിയതാണ് സ്വർണത്തിന് കരുത്ത് കൂട്ടിയത്. ഇതിനുപുറമേ ഇക്വിറ്റി വിപണിയിലെ തിരിച്ചടിയും സ്വർണത്തോടുള്ള താൽപര്യം വർധിപ്പിച്ചു.

ഫ്രാൻസിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് യൂറോപ്യൻ ഓഹരി വിപണിയിലെ ഇടിവിന് കാരണം. അമേരിക്കൻ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ട്രഷറി ബോണ്ടുകൾ പോലെയുള്ള മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ പലിശ നിരക്കുകൾ സ്വർണത്തെ കൂടുതൽ ആകർഷകമായ നിക്ഷേപമാക്കി മാറ്റിയേക്കാം. ജൂണ്‍ ഏഴിന് പവന് 54,080 രൂപ എന്ന മാസത്തിലെ ഉയർന്ന നിലയിൽ എത്തിയ സ്വര്‍ണവില തൊട്ടടുത്ത ദിവസം 1520 രൂപ കുറഞ്ഞത് നിക്ഷേപകരെ ഞെട്ടിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്തയായിരുന്നു ഈ വിലയിടിവിന് കാരണം.

ENGLISH SUMMARY:

How Fluctuations in international market affects Gold price in India. Article explains the trends and future of gold as investment.