അമേരിക്കയുടെ 248ാം സ്വാതന്ത്രദിനം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്‌ഫോംസ് മേധാവിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 'ഹാപ്പി ബെര്‍ത്ത് ഡേ അമേരിക്ക' എന്ന അടിക്കുറിപ്പോടെയാണ് സക്കര്‍ബര്‍ഗ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വലതുകയ്യില്‍ ഒരു കാന്‍ ബിയറും ഇടതുകയ്യില്‍ അമേരിക്കന്‍ പതാകയുമേന്തി സര്‍ഫ് ബോര്‍ഡില്‍ സര്‍ഫിങ് ചെയ്തുകൊണ്ടാണ് സക്കര്‍ബര്‍ഗ് അമേരിക്കയുടെ 248ാം സ്വാതന്ത്രദിനം ആഘോഷമാക്കിയിരിക്കുന്നത്. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സര്‍ക്കര്‍ബര്‍ഗിന്‍റെ ഈ വെറൈറ്റി ആഘോഷം ശ്രദ്ധനേടി.
തന്‍റെ പതിവ് വേഷമായ ഗ്രേ ടീഷര്‍ട്ടിന് പകരം കറുത്ത കോട്ടും പാന്‍റസും വെളള ഷര്‍ട്ടും ധരിച്ചാണ് വിഡിയോയില്‍ സക്കര്‍ബര്‍ഗ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ധരിച്ചിരിക്കുന്ന സ്വര്‍ണ ചെയിനും സോഷ്യലിടത്ത് ശ്രദ്ധയാകര്‍ഷിച്ചു. വിഡിയോയില്‍ സക്കര്‍ബര്‍ഗ് ധരിച്ചിരിക്കുന്നത് മെറ്റ റെയ്ബാന്‍ ഗ്ലാസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതിന് മുന്‍പ് മെയ് 24ന് മെറ്റ റെയ്ബാന്‍ ഗ്ലാസ് ധരിച്ച കൊണ്ട് ഹൈഡ്രോഫോയിലിങ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സക്കര്‍ബര്‍ഗ് പങ്കുവച്ചിരുന്നു. ഇതേ ഗ്ലാസ് തന്നെയാകാം അമേരിക്കയുടെ 248ാം സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സര്‍ഫിങിലും ധരിച്ചിരിക്കുന്നതെന്നാണ് കമന്‍റുകള്‍.
ഏതൊരു സാഹചര്യലും സുഗമമായി ചിത്രങ്ങളും വിഡിയോയും ചിത്രീകരിക്കാം എന്നതാണ് മെറ്റ റെയ്ബാന്‍ ഗ്ലാസിന്‍റെ പ്രത്യേകത. സര്‍ഫിങ് ഹൈഡ്രോഫോയിലിങ് അടക്കമുളള വാട്ടര്‍ ആക്ടിവിറ്റികളില്‍ വളരെ പ്രയോജനകരമാണ് മെറ്റ റെയ്ബാന്‍ ഗ്ലാസ്. സര്‍ജറി കഴിഞ്ഞ് ആറുമാസത്തിന് ശേഷം തന്‍റെ ഇഷ്ടവിനോദമായ ഹൈഡ്രോഫോയിലിങിലേക്ക് തിരിച്ചെത്തിയെന്ന വിശേഷം പങ്കുവച്ച പോസ്റ്റിലായിരുന്നു സക്കര്‍ബര്‍ഗ് മെറ്റ റെയ്ബാന്‍ ഗ്ലാസിനെ കുറിച്ച് പരാമര്‍ശിച്ചത്.
അമേരിക്കയുടെ 248ാം സ്വാതന്ത്രദിനമായിരുന്നു ജൂലൈ നാലിന്. 1776 ജൂലൈ നാലിനാണ് 13 അമേരിക്കൻ കോളനികള്‍ ചേർന്ന് ബ്രിട്ടന്റെ നിയന്ത്രണ ഉടമസ്ഥാവകാശത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്്സ് ഓഫ് അമേരിക്കയായി മാറിയത്. ഇതാദ്യമയല്ല സക്കര്‍ബര്‍ഗ് ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ അമേരിക്കയ്ക്ക് സ്വാതന്ത്രദിനാശംസ നേരുന്നത്. ഇതിന് മുന്‍പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 ജൂലൈ നാലിന് സമാനരീതിയില്‍ ഒരു വിഡിയോ സക്കര്‍ബര്‍ഗ് പങ്കുവച്ചിരുന്നു. കയ്യില്‍ അമേരിക്കന്‍ പതാകയുമേന്തി ഇലക്ട്രിക് ഫോയില്‍ സര്‍ഫ് ബോര്‍ഡില്‍ സര്‍ഫിങ് ചെയ്യുന്ന വിഡിയോയാണ് അന്ന് സക്കര്‍ബര്‍ഗ് പങ്കുവച്ചത്. ഹാപ്പി ജൂലൈ ഫോര്‍ത്ത് എന്ന അടിക്കുറിപ്പോടെയാണ് സക്കര്‍ബര്‍ഗ് 2021ല്‍ വിഡിയോ പങ്കുവച്ചത്.