gold-jewellery

TOPICS COVERED

സ്വർണ വിലയിൽ നേരിയ വർധനവ്. വ്യാഴാഴ്ച കേരള വിപണിയിൽ പവന് 160 രൂപ വർധിച്ച് 53,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 6,640 രൂപയാണ് ഇന്നത്തെ വില. ഈ ആഴ്ച കനത്ത ചാഞ്ചാട്ടം കണ്ട സ്വർണ വില രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വർധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും ചാഞ്ചാട്ടത്തിന് കാരണം. 

പണപ്പെരുപ്പം കുറയുന്നതിന്റെ സൂചന നൽകുന്ന സാമ്പത്തിക ഡാറ്റയാണ് അമേരിക്കയിൽ നിന്നും പുറത്ത് വരുന്നത്. ഇത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലുകൾക്ക് ഊർജം നൽകുന്നുണ്ട്. ഈ വർഷം രണ്ട് നിരക്ക് കുറയ്ക്കലാണ് വിപണി പ്രതീക്ഷിക്കുന്നത്.  ഈ കണക്കുകൂട്ടലുകളാണ് സ്വർണ വിലയെ മുന്നോട്ട് നയിക്കുന്നത്. യൂറോപ്പിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ​ഗോൾഡ് ഓൺസിന് 0.44 ശതമാനം ഉയർന്ന് 2,339.68 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

ഈ ആഴ്ച മുതൽ താഴോട്ടിറങ്ങിയ സ്വർണ വില ആദ്യമായാണ് വർധിക്കുന്നത്. തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് പവന് 53040 രൂപയിലായിരുന്നു സ്വർണ വില. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 52,960 രൂപയിലേക്ക് എത്തി. ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വ്യാഴാഴ്ച 160 രൂപ വർധിച്ചത്. അതേസമയം മാസത്തിലെ ഉയർന്ന നിലവാരമായ 54,080 രൂപയിൽ നിന്ന് 960 രൂപ താഴെയാണ് ഇന്നത്തെ വില. ജൂൺ പത്തിന് രേഖപ്പെടുത്തിയ 52,560 രൂപയാണ് മാസത്തിലെ താഴ്ന്ന വില

ENGLISH SUMMARY:

Gold Price Rise 160 Per Pavan In Kerala Market And Cross 53,000 Rupees