petrol-price

TOPICS COVERED

പെട്രോൾ വില ഇന്ത്യയിൽ എന്നും വലിയ ചർച്ചയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെ തുടർച്ചയായി തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്. ആവശ്യമായതിന്റെ 86 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വില അടിസ്ഥാനമാക്കിയെ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. ഡോളർ ശക്തിപ്പെടുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. 

ഇന്ന് ഡൽഹിയിൽ 94.72 രൂപയാണ് ഒരു ലീറ്റർ പെട്രോളിന് വരുന്ന വില. 105.48 യാണ് കൊച്ചിയിൽ പെട്രോളിന് ഈടാക്കുന്ന വില. അതേസമയം, ലോകത്തിലെ വിവിധ നഗരങ്ങളിലെ പെട്രോൾ വില താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പോലും ഇന്ധനവില കുറവാണെന്ന് കാണാം. 

കൂടിയ വില ഹോങ്കോങിൽ

2024-ലെ മെർസറിൻ്റെ ജീവിതച്ചെലവ് സർവേ പ്രകാരം വിദേശ തൊഴിലാളികൾക്ക് ജീവിക്കാൻ ചെലവേറിയ നഗരങ്ങളെ പട്ടികപ്പെടുത്തുന്നുണ്ട്.ഇതിൽ വിവിധ നഗരങ്ങളിലെ പെട്രോൾ വില താരതമ്യം ചെയ്യുന്നു. ഹോങ്കോങ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ചെലവ് കൂടിയ രാജ്യങ്ങൾ. ഇവിടങ്ങളിലെ ഇന്ധന വില പരിഗണിക്കുമ്പോൾ ചെലവ് കൂടാനുള്ള കാരണം മനസിലാകും. ലോകത്ത് പെട്രോൾ വില ഏറ്റവും ഉയർന്ന പെട്രോൾ വിലയുള്ള ഇടമാണ് ഹോങ്കോങ്. ഒരു ലീറ്റർ പെട്രോളിന് 24 ഹോങ്കോങ് ഡോളറാണ് ചെലവാക്കേണ്ടി വരുന്നത്. ഏകദേശം 257 ഇന്ത്യൻ രൂപ ഹോങ്കോങിൽ ഒരു ലീറ്റർ പെട്രോളടിക്കാൻ ചെലവാക്കണം. 

തൊട്ടുപിന്നാലെ ഏഷ്യൻ രാജ്യമായ സിംഗപ്പൂരാണ്. 2.87 സിംഗപ്പൂർ ഡോളറാണ് ഒരു ലീറ്റർ പെട്രോളിന് വില. 177 രൂപ ചെലവാക്കണം. സ്വിറ്റ്സർലൻഡി‌ലെ സൂറിച്ചിൽ 1.86 സ്വിസ് ഫ്രാങ്കാണ് ഒരു ലീറ്റർ പെട്രോളിന് നൽകേണ്ടത്. ഏകദേശം 173 രൂപയാണിത്. ലണ്ടനിൽ 1.45 പൗണ്ടാണ് ഒരു ലീറ്റർ പെട്രോളിന് വില. ഏകദേശം 153 രൂപ കാണണം. അമേരിക്കയിൽ എണ്ണ വില ഓരോ കമ്പനി അനുസരിച്ചും വ്യത്യാസപ്പെടും. എങ്കിലും ലോകത്തിലെ വിവിധ ഇടങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട വിലയിൽ എണ്ണ ലഭിക്കും. ഏകദേശം ഒരു ഡോളറാണ് അമേരിക്കയിലെ വില. ഒരു ലീറ്റർ പെട്രോളടിക്കാൻ ചെലവാകുന്നത് ഏകദേശം 83.50 രൂപ

കുറഞ്ഞ നഗരങ്ങൾ ഇതാ

പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്താനിൽ റോക്കറ്റ് പോലെ ഉയർന്ന ഇന്ധന വില വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരക്കുയർത്തുകയും താഴ്ത്തുകയും ചെയ്ത ശേഷം നിലവിൽ 265 പാകിസ്താൻ റുപ്പിക്ക് ഒരു ലീറ്റർ പെട്രോൾ ലഭിക്കും. ഇന്ത്യയിലെ 80 രൂപ മാത്രമെ വരുകയുള്ളൂ. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്നൊരിടമാണ് നൈജീരിയ. തലസ്ഥാനമായ അബുജയിൽ ഒരു ലീറ്റർ പെട്രോളിന് 670 നൈജീരിയൻ നിയാരയാണ് ചെലവ്. ഇത് ഏകദേശം 36.50 രൂപ മാത്രം മതിയാകും 

2022 ൽ ബാങ്ക് ഓഫ് ബറോഡയുടെ ഇക്കണോമിക്സ് റിസർച്ച് വിഭാഗം പുറത്തിറക്കിയ പഠന റിപ്പോർട്ടിലും സമാന വിവരമണുള്ളത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇന്ത്യയേക്കാൾ നിരക്ക് കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം വികസിത രാജ്യങ്ങളായ യുകെ, ജർമനി, ഫ്രാൻസ് എന്നി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് കുറഞ്ഞ നിരക്ക്.

ENGLISH SUMMARY:

Petrol Price In Pakistan Is Lesser Than India