hardeep-singh-puri

ഇന്ധന വില കുറയ്ക്കുന്നതിലും പെട്രോളിയം ഉൽപ്പന്നങ്ങളെ ചരക്കുസേവനനികുതിയിൽ ഉൾപ്പെടുത്തുന്നതിലും നിലപാട് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെ തുടർച്ചയായി തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാമെന്ന് മന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാറിൽ മൂന്നാം തവണയും പെട്രോളിയം മന്ത്രിയായി തുടരുകയാണ് പുരി. പെട്രോളിയം വകുപ്പിന്റെ കൂടി സഹമന്ത്രിയാണ് സുരേഷ് ​ഗോപി.

നിലവിൽ സർക്കാർ പെട്രോൾ- ഡീസൽ വില കുറയ്ക്കാൻ ഉദ്യേശിക്കുന്നില്ല, എന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 70-80 ഡോളറിലേക്ക് വരുകയാണെങ്കിൽ പരി​ഗണിക്കാം എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഗതാഗത ചെലവ്, ഇൻഷൂറൻസ് ചെലവ് എന്നിവ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്. ചെങ്കടലിലെ സംഘർഷങ്ങൾ പോലുള്ള കാര്യങ്ങൾ ഗതാഗത ചെലവിനെയും ഇൻഷൂറൻസ് ചെലവിനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 സെപ്തംബർ വരെ വിതരണ വെട്ടിക്കുറവ് തുടരാൻ ഒപെക് തീരുമാനിച്ചിട്ടും ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെയാണ്.

പൊതുമേഖലാ എണ്ണ കമ്പനികൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മാർച്ചിലാണ് ഡീസലിനും പെട്രോളിനും ലിറ്ററിന് രണ്ട് രൂപ കുറച്ചത്. അതേസമയം കമ്പനികൾ ഇതുവരെ ഇന്ധനവില പ്രതിദിന പുതുക്കലിലേക്ക് കടന്നിട്ടില്ല. റഷ്യ- യുക്രൈൻ യുദ്ധം അടക്കമുള്ള അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടയിലും ഇന്ധനവില കുറ​ഞ്ഞ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി അവകാശപ്പെട്ടു. 

പെട്രോൾ, ഡീസൽ, പ്രകൃതി വാതകം എന്നിവയെ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇന്ധന വില വാറ്റ്, കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സെൻട്രൽ വിൽപ്പന നികുതി എന്നിവയാണ് ഈടാക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കുന്നത് സർക്കാർ താൽപര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Petroleum Minister Hardeep Singh Puri Says Will Cut Fuel Price If Crude Come Under And Sustain 80 Dollar Per Barrel