കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി കുറച്ചതോടെ സ്വർണത്തിന് വില കുറയുമെന്നായിരുന്നു പ്രതീക്ഷക്കപ്പെട്ടിരുന്നത്. ബജറ്റ് പ്രഖ്യാപനത്തിലെ ഇംപാക്ട് ഒരാഴ്ചയോളമാണ് നീണ്ടുനിന്നത്. ജൂലൈ 26 ന് ലഭിച്ച 50,400 രൂപ നിലവാരമാണ് സമീപകാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ ലഭിച്ച അവസരം. പിന്നീട് സ്വർണ വില ഉയരുകയും ഇന്ന് 52,520 രൂപയിലെത്തി മാസത്തിലെ ഉയർന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. ബജറ്റിന് ശേഷം പ്രതീക്ഷിച്ച വില ഇടിവ് ഉണ്ടാകാത്തതിന് കാരണമെന്താണ് എന്ന് നോക്കാം.
സ്വർണ വില 52,000 ത്തിന് മുകളിൽ
ചൊവ്വാഴ്ച ഒറ്റയടിത്ത് 760 രൂപ വർധിച്ച് സ്വർണ വില ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എത്തിയത്. 52,520 രൂപയാണ് ഇന്ന് കേരള വിപണിയിൽ ഒരു പവൻറെ വില. ഗ്രാമിന് 6,565 രൂപ നൽകണം. ഓഗസ്റ്റ് ഏഴിന് രേഖപ്പെടുത്തിയ താഴ്ന്ന 50,800 രപയിൽ നിന്ന്
1720 രൂപയുടെ വർധനവ് ഉണ്ടായി. കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള ബജറ്റ് തീരുമാനത്തിന് പിന്നാലെ സ്വർണ വില 50,400 രൂപയിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നുണ്ടായത് 2,120 രൂപയുടെ വർധനവ്.
എന്താണ് കാരണം
സ്വർണ വില ഉയരാനുള്ള രണ്ട് കാരണങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ പണപ്പെരുപ്പവുമാണ്. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൻറെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഹമാസ് നേതാവിനെ ഇറാനിൽ കൊലപ്പെടുത്തിയതാണ് ഇസ്രയേലുമായി പുതിയ പോർമുഖം ഉണ്ടാകാൻ കാരണം. ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാൻറ് നൽകുന്നു.
ഒപ്പം ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കയിലെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരപ്പ ഡാറ്റ, പലിശ നിരക്ക് കുറയ്ക്കുന്നതിൻറെ സൂചനകൾ നൽകും. കുറയുന്ന പണപ്പെരുപ്പ നിരക്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയർത്തുമെന്നതിനാൽ സ്വർണ വില ഉയർത്തുകയാണ്. ജൂലൈയിൽ പണപ്പെരുപ്പം നേരിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിേക്ക് എന്ന ആശങ്ക ഉയരുന്നതിനാൽ സെപ്റ്റംബറിൽ പലിശ നിരക്ക് 25-50 അടിസ്ഥാന നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിൽ 0.5 ശതമാനം ഇടിഞ്ഞ് 2,462.34 ഡോളറിലാണ് ഔൺസ് ഗോൾഡ് വ്യാപാരം നടക്കുന്നത്.