gold-ornament

സ്വർണ വില മാറ്റമില്ലാതെ തുടരുന്നത് മൂന്നാം ദിവസമാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 57,720 രൂപ തന്നെയാണ് തിങ്കളാഴ്ചയിലെയും വില. പുതുവർഷത്തിൽ ജനുവരി മൂന്നിന് 58,080 രൂപ വരെ കുതിച്ച സ്വർണ വിലയാണ് താഴോട്ടേക്ക് എത്തുന്നത്. സ്വർണം വാങ്ങാനിരിക്കുന്നവർ വില ഇനിയും താഴേക്ക് എത്തുന്നത് പ്രതീക്ഷിക്കുകയാണ്. ഇത്തരക്കാർക്ക് 2025 നല്ല വർഷമായിരിക്കും. സ്വർണ വിലയിൽ കാര്യമായ കുതിപ്പ് ഈ വർഷമുണ്ടാകില്ലെന്നാണ് യുഎസ് ധനകാര്യ സ്ഥാപനമായ ​ഗോൾഡ്മാൻ സാക്സിന്‍റെ പ്രവചനം. 

സ്വർണ വില സംബന്ധിച്ച് നേരത്തെയുള്ള പ്രവചനം തിരുത്തുകയാണ് ഗോൾഡ്മാൻ സാക്സ്. 2025 ന്‍റെ അവസാനത്തോടെ രാജ്യാന്തര സ്വർണ വില ട്രോയ് ഓൺസിന് 3,000 ഡോളർ കടക്കും എന്നായിരുന്നു ​ഗോൾഡ്മാൻ സാക്സിന്‍റെ നേരത്തെയുള്ള പ്രവചനം. ഇത് 2026 ലേക്ക് നീട്ടുകയാണ് കമ്പനി. രാജ്യാന്തര വില 3,000 ഡോളർ കടന്നാൽ കേരളത്തിൽ സ്വർണ വില 70,000 രൂപ കടക്കും. 

2025 ൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിൽ വേഗം കുറയ്ക്കുമെന്ന നിരീക്ഷണമാണ് വില കുറവിലേക്ക് നയിക്കുന്നത്. ഒരു ശതമാനം പലിശ കുറയ്ക്കുമെന്ന നേരത്തെയുള്ള വിലയിരുത്തലിൽ നിന്ന് 75 അടിസഥാന നിരക്ക് കുറവാണ് ​ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നത്. ​ഗോൾഡ് ഇടിഎഫുകളുടെ വാങ്ങലുകൾ കുറയാനുള്ള സാധ്യതയും നിരീക്ഷണത്തിന് പിന്നിലുണ്ട്. 

2026 രണ്ടാം പാദത്തോടെയാണ് രാജ്യാന്തര വില 3,000 ഡോളറിലെത്താനുള്ള സാധ്യത കാണുന്നത്. ഈ വർഷാവസാനം 2,910 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. ഈ സാഹചര്യത്തിലും കേന്ദ്ര ബാങ്കുകളുടെ വാങ്ങലാണ് വിലയെ ചലിപ്പിക്കുന്ന ഘടകമെന്നും ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു. 

സ്വർണ വിലയിൽ മാറ്റമില്ല

രാജ്യാന്തര വില 2,625 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ വെള്ളിയാഴ്ചയോടെ പുറത്തുവരുന്ന യുഎസ് സാമ്പത്തിക ഡാറ്റ ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് നീക്കത്തെ സംബന്ധിച്ച വ്യക്തത നൽകും. ഇതാണ് വില മാറ്റമില്ലാതെ തുടരാൻ കാരണം. ജനുവരി 20 തിനാണ് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാര കസേരയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്‍റെ നയങ്ങൾ പണപ്പെരുപ്പത്തിന് കാരണമായേക്കാം എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നതിന്‍റെ വേ​ഗം കുറയ്ക്കും. 2024ൽ മൂന്ന് തവണ പലിശ കുറച്ച ഫെഡറൽ റിസർന് 2025 ൽ രണ്ട് തവണ പലിശ കുറയ്ക്കുമെന്ന സൂചനയാണ് നൽകിയിട്ടുള്ളത്. 

ENGLISH SUMMARY:

Gold Prices Unlikely to Surge in 2025; A Golden Opportunity for Buyers