AI Generated Image

TOPICS COVERED

കേരളത്തിൽ കുതിച്ചുകയറുകയാണ് സ്വർണ വില. ഓഗസ്റ്റ് മാസത്തിൽ മാത്രം 2,920 രൂപയോളം വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ബജറ്റിലെ വിലയിടിവിന് ശേഷം ഏറ്റവും വലിയ വിലയായ പവന് 53,720 രൂപയിലേക്ക് എത്തിയ ശേഷം വില ഇടിഞ്ഞാണ് ഓഗസ്റ്റിലെ വ്യാപാരം അവസാനിച്ചത്. ശനിയാഴ്ച 53,560 രൂപയാണ് പവന് രേഖപ്പെടുത്തിയ വില. 6,695 രൂപയാണ് ​ഗ്രാമിന്റെ വില.

സെപ്റ്റംബർ മാസത്തിൽ ചരിത്രപരമായി സ്വർണത്തിന് വില കുറയുന്നതാണ് ട്രെൻഡ്. 2017 മുതൽ സെപ്റ്റംബർ മാസത്തിൽ ശരാശരി 3.20 ശതമാനം സ്വർണ വിലയിൽ ഇടിവുണ്ടാകാറുണ്ട്. ഈ ട്രെൻഡ് 2024 ലും തുടരുമോ എന്നതിനെ സ്വാധീനിക്കുന്ന വിഷയമാണ് അമേരിക്കയിലെ പലിശ നിരക്ക്. സെപ്റ്റംബറിൽ സ്വർണ വിലയെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം. 

22 ശതമാനാണ് 2024 ൽ സ്വർണ വിലയിലുണ്ടായ വർധനവ്. ജൂലൈ മുതൽ എട്ട് ശതമാനത്തിൻറെ വർധനവ് രേഖപ്പെടുത്തി. അമേരിക്കയിലെ പലിശ നിരക്ക് വെട്ടിച്ചുരുക്കൽ പ്രതീക്ഷയും ഇസ്രയേൽ– ഹമാസ് സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലും ഇതിന് സഹായമായി. എന്നാൽ സ്വർണ വില വീണ്ടും ഉയരാൻ പലിശ നിരക്ക് എത്രത്തോളം കുറയ്ക്കും എന്നതിനെ സ്വാധീനിച്ചിരിക്കും.

കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്ക്  ഫെഡിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനെ പിന്തുണയ്ക്കുന്നതാണ്. എന്നാൽ എത്ര അളവിൽ പലിശ നിരക്ക് കുറയ്ക്കുമെന്നതിലാണ് ആശയകുഴപ്പമുള്ളത്. 0.25 ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണ വിലയിൽ നേരത്തെ തന്നെ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഇനി സ്വർണ വില വലിയൊരു മുന്നേറ്റം നടത്താൻ 0.50 ശതമാനത്തിൻറെ പലിശ കുറയ്ക്കലോ ഭാവിയിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ നടത്തുമെന്ന സൂചനയോ ആവശ്യമാണെന്ന് വിദഗധർ നിരീക്ഷിക്കുന്നു. അല്ലാത്ത പക്ഷം സ്വർണ വിലയിൽ ചാഞ്ചാട്ടം കാണാമെന്നാണ് വിലയിരുത്തൽ. 

സ്വർണ വില രാജ്യാന്തര വിപണിയിൽ 2,500 ഡോളറിന് താഴേക്ക് പോയാൽ 2,470 ഡോളർ വരെ വിലയിടിയാൻ സാധ്യതയുണ്ടെന്നാണ് വി​ദ​ഗ്ധ നിരീക്ഷണം. ഇത് കേരളത്തിലും വിലയെ സ്വാധീനിക്കും. 2,500 ഡോളറിന് മുകളിൽ വില തുടരുന്നത് വില സർവകാല ഉയരത്തിലേക്ക് എത്താൻ കാരണമാകും. കുതിപ്പുണ്ടായാൽ 2,550 ഡോളർ നിലവാരം തൊടാമെന്നാണ് വിലയിരുത്തൽ. ഇത് വിവാഹ സീസണിൽ പൊന്നിന് വില കൂട്ടും.