തുടർച്ചയായി മൂന്നാം ദിവസത്തിലും മാറ്റമില്ലാതെ സ്വർണ വില. തിങ്കളാഴ്ച രേഖപ്പെടുത്തിയ 53,360 രൂപയിലാണ് ഇന്നും ഒരു പവൻ വ്യാപാരം നടക്കുന്നത്. ഗ്രാമിന് വില 6670 രൂപയും. തിങ്കളാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞാണ് ഈ വിലയിലെത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ലാത്തതാണ് കേരളത്തിൽ സ്വർണ വിലയെ സ്വാധീനിച്ചത്. 2,495.04 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വില.
അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കലിന്റെ ചുവട് പിടിച്ചാണ് കുറച്ചു മാസങ്ങളായി സ്വർണ വില ചലിക്കുന്നത്. സെപ്റ്റംബർ 17-18 തീയതികളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ എത്ര തോതിൽ പലിശ നിരക്ക് കുറയ്ക്കും എന്നതിനെ സ്വാധീനിക്കുന്ന, യുഎസ് തൊഴിൽ കണക്കിന് വിപണി കാത്തിരിക്കുകയാണ്. അതിനാല്‍ രാജ്യാന്തര വിലയില്‍ കാര്യമായ മുന്നേറ്റമില്ല. വെള്ളിയാഴ്ചയാണ് ഡാറ്റ പുറത്ത് വരുന്നത്.
തൊഴിൽ കണക്ക് മോശമായാൽ വളർച്ച മന്ദഗതിയിലെന്ന സൂചന നൽകുകയും 0.50 ശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യത ഉയരും ചെയ്യും. ഇത് സ്വർണ വിലയിൽ മുന്നേറ്റമുണ്ടാക്കും. തൊഴിൽ കണക്ക് ജൂലൈയിലേക്കാൾ വർധിക്കാനും തൊഴിലില്ലായ്മ നിരക്ക് കുറയാനുമുള്ള സാധ്യതയാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
വില കുറഞ്ഞു നിൽക്കുന്ന സാഹചര്യമായതിനാൽ സ്വർണം വാങ്ങാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരമാണ്. ഇന്ന് ഏകദേശം 60,000 രൂപയ്ക്ക് മുകളിൽ ചെലവാക്കിയാലാണ് പത്ത് ശതമാനം പണിക്കൂലിയുള്ളൊരു ആഭരണം വാങ്ങാനാവുക. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുക. പവന് 53,360 രൂപയുള്ളിടത്ത് 10 ശതമാനം പണിക്കൂലി 5,336 രൂപ, ഹാൾമാർക്ക് ചാർജ് 45+18% ജിഎസ്ടി) 53.10 രൂപ എന്നിവ ചേർന്നാൽ 58,749 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അടക്കം 60,511 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.