share-market

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ കുതിപ്പ് തുടരുകയാണ്. റിസര്‍വ് ബാങ്കിന്‍റെ കണക്കുപ്രകാരം 14 വർഷത്തിനിടെ ഏറ്റവും കൂടുതൽ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നടന്ന മാസമാണ് സെപ്റ്റംബർ. 28 ലധികം കമ്പനികൾ ഈ മാസത്തിൽ വിപണിയിലെത്തി. ഐപിഒ പൂരം ഈ ആഴ്ചയും തുടരും. 10 ഐപിഒകളാണ് ഈ ആഴ്ച വിപണിയിലെത്താന്‍ പോകുന്നത്. രണ്ട് മെയിന്‍ ബോര്‍ഡ് ഐപിഒകളും എട്ട് എസ്എംഇ ഐപിഒകളുമാണ് ഈ ആഴ്ച സബ്സ്ക്രിപ്ഷനായി തുറക്കുക. സബ്സ്ക്രിപ്ഷൻ അവസാനിച്ച 14 ഐപിഒകൾ ഈ ആഴ്ച വിപണിയില്‍ ലിസ്റ്റ് ചെയ്യും. 

മെയിൻബോർഡ് ഇഷ്യൂകളിൽ മാൻബ ഫിനാൻസ്, കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ എന്നിവയാണുള്ളത്. രണ്ട് കമ്പനികളും ചേർന്ന് ആകെ 482 കോടി രൂപ സമാഹരിക്കും. 

മൻബ ഫിനാൻസ് ഐപിഒ

മുംബൈ കേന്ദ്രീകരിച്ചുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മന്‍ബ ഫിനാന്‍സ്. കമ്പനിയുടെ 151 കോടി രൂപയുടെ ഐപിഒ സെപ്റ്റംബര്‍ 23 ന് ആരംഭിച്ച് 25 ന് അവസാനിക്കും. 1.25 കോടി പുതിയ ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്. ഓഹരി ഒന്നിന് 114-120 രൂപ വരെയാണ് കമ്പനി നിശ്ചയിച്ച പ്രൈസ് ബാന്‍ഡ്. ടുവീലര്‍, 3 വീലര്‍ വാഹനങ്ങള്‍ക്കുള്ള വായ്പ, ചെറു ബിസിനസ് വായ്പ. വ്യക്തഗിത വായ്പ എന്നിവ നല്‍കുന്ന കമ്പനി 2024 മാര്‍ച്ച് വരെ 937 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. ഭാവി മൂലധന ആവശ്യങ്ങള്‍ക്കായാണ് മന്‍ബ ഫിനാന്‍സ് ഐപിഐ വഴി സമാഹരിക്കുന്ന പണം ചെലവാക്കുക.   

125 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാൻ നിക്ഷേപകന് കുറഞ്ഞത് 15,000 രൂപ വേണം. 125 ഓഹരിയുടെ ​ഗുണിതങ്ങളായി അപേക്ഷിക്കാം. 26 നാണ് ഓഹരി അലോട്ട്മെന്‍റ് പ്രതീക്ഷിക്കുന്നത്. 30ന്  ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കമ്പനിയുടെ ഓഹരികൾ ​ഗ്രേ മാർക്കറ്റിൽ ലഭ്യമായിട്ടുണ്ട്. സെപ്റ്റംബർ 20തിന് 60 രൂപ പ്രീമിയത്തിലാണ് ഓഹരികൾ വ്യാപാരം നടന്നത്. 

മികച്ച വളർച്ച കൈവരിക്കുന്ന മൻബ ഫിനാന്‍സിന്‍റെ അറ്റാദായം 2024 സാമ്പത്തിക വർഷത്തിൽ 31.42 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷമിത് 16.58 കോടി രൂപയായിരുന്നു. വരുമാനത്തിലും വർധനവുണ്ട്. 2023ൽ 133.31 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 191.6 കോടി രൂപയായി വരുമാനം ഉയർന്നു.

കെആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ ഐപിഒ

ഹീറ്റ് എക്സ്ചേഞ്ചര്‍ നിര്‍മാതാക്കളാണ് കെആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ ആന്‍ഡ് റെഫ്രിഡ്ജറേഷന്‍. ഹീറ്റ് വെൻ്റിലേഷൻ എയർ കണ്ടീഷനിങ്, റഫ്രിജറേഷൻ ഇൻഡസ്ട്രിക്കായി ഫിൻ, ട്യൂബ് ഹീറ്റ് എക്സ്ചേഞ്ചറുകളാണ് കമ്പനി നിർമിക്കുന്നത്. സെപ്റ്റംബര്‍ 25 ന് ആരംഭിച്ച് 27 ന് അവസാനിക്കുന്ന ഐപിഒ വഴി 341.95 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ഉദ്യേശിക്കുന്നത്. 1.55 കോടി പുതിയ ഓഹരികള്‍ കമ്പനി വിറ്റഴിക്കും.

209-220 രൂപയാണ് കമ്പനി ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാൻഡ്. 65 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. ശേഷം 65 ന്‍റെ ഗുണിതങ്ങളായി അപേക്ഷിക്കാം. ഒരു ലോട്ടിന് കുറഞ്ഞത് 14,300 രൂപ വേണം. പരമാവധി 2 ലക്ഷം രൂപ വരെ 13 ലോട്ട് അപേക്ഷിക്കാം. പബ്ലിക്ക് ഇഷ്യുവിന്‍റെ 35 ശതമാനാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവച്ചിട്ടുള്ളത്. 30 നാണ് അലോട്ട്മെന്‍റ് പ്രതീക്ഷിക്കുന്നത്. ​ഗ്രേ മാർക്കറ്റിൽ 223 രൂപ പ്രീമിയത്തിലാണ് വെള്ളിയാഴ്ച ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ സബ്സിഡറിയായ കെആർഎൻ എച്ച്‍വിഎസി പ്രൊഡക്ടിൽ നിക്ഷേപിച്ച് രാജസ്ഥാനിലെ അൽവാറിൽ  പുതിയ ഫാക്ടറി സ്ഥാപിക്കും. ബാക്കി തുക പൊതു കോർപ്പറേറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കും. 

എസ്എംഇ ഐപിഒ

എസ്എംഇ വിഭാ​ഗത്തിൽ എട്ട് ഐപിഒകളാണ് ഈ ആഴ്ച സബ്സ്ക്രിപ്ഷന് തുറക്കുന്നത്. റാപ്പിഡ് വാൽവ്‌സ്, ഡബ്ല്യുഒഎൽ 3ഡി ഇന്ത്യ, യുണിലെക്‌സ് കളേഴ്‌സ്, ടെക്എറ, ഫോർജ് ഓട്ടോ, സഹസ്ര ഇലക്‌ട്രോണിക്‌സ്, ദിവ്യധൻ റീസൈക്ലിംഗ് ആൻഡ് തിങ്കിംഗ് ഹാറ്റ്‌സ് എന്നിവയാണിവ.  ഈ വർഷത്തെ വലിയ എസ്എംഇ ഐപിഒയിൽ ഒന്നാണ് സഹസ്ര ഇലക്‌ട്രോണിക്‌സ്. 186 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. സെപ്റ്റംബർ 26ന് ആരംഭിച്ച് 30തിന് സഹസ്ര ഇലക്‌ട്രോണിക്‌സ് ഐപിഒ അവസാനിക്കും.

ENGLISH SUMMARY:

10 new IPO opens this week including two Main board IPO and eight SME IPO