ഇസ്രയേൽ- ഇറാന് മേൽ നടത്തിയ സംഘർഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുകയാണ്. ഇസ്രയേൽ ആക്രമണം ഇറാന്‍റെ എണ്ണ കേന്ദ്രങ്ങളിലേക്ക് പടർന്നില്ല എന്നതാണ് ക്രൂഡ് വിലയിൽ കണ്ട ആശ്വാസത്തിന് കാരണം.

വിതരണത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്ന് വ്യക്തമായതോടെ തിങ്കളാഴ്ച വ്യാപാരത്തിൽ ബ്രെന്‍റ് ക്രൂഡ് ആറു ശതമാനം വരെ ഇടിഞ്ഞിരുന്നു. രണ്ട് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന നഷ്ടം. നിലവിൽ 71.50 ഡോളറിന് അടുത്താണ് ഒരു ബാരൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില. 

അമേരിക്കൻ തിരഞ്ഞെടപ്പ് അനിശ്ചിതത്വവും ഇസ്രയേൽ- ഇറാൻ സംഘർഷവും ചാഞ്ചാട്ടമുണ്ടാക്കിയ വിപണിയിൽ കഴിഞ്ഞാഴ്ച നാലു ശതമാനമാണ് എണ്ണ വില ഉയർന്നത്. വിലയിലെ ഇടിവ് ഇന്ത്യയെ പോലെ എണ്ണ ഇറക്കുമതി രാജ്യത്തിന് അനുകൂലമാണ്. എന്നാൽ വിലയിടിവ് സാധാരണക്കാരിലേക്ക് എത്തിക്കാൻ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ. സാധ്യത നോക്കാം. 

വില ഇടിവ് ഇന്ത്യയ്ക്ക് അനുകൂലം

സർക്കാർ നിലപാട് എന്ത്

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ, ഡീസൽ വിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നത്. 2021 നവംബറിലും 2022 മേയിലും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സൈസ് ഡ്യൂട്ടി കുറച്ചതിനാലാണിതെന്നും അദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

ക്രൂഡ് ഓയിലിന്‍റെ വില രാജ്യാന്തരതലത്തിൽ കുറഞ്ഞിരുന്നാൽ മാത്രം പെട്രോൾ, ഡീസൽ വില കുറയ്ക്കാമെന്ന നിലപാടാണ് സർക്കാറിന്‍റേത്. അതും നീണ്ടകാലയളവിൽ ക്രൂഡ് വില കുറഞ്ഞു നിൽക്കുകയും വേണമെന്ന് സെക്രട്ടറി പങ്കജ് ജെയിൻ സെപ്റ്റംബറിൽ വ്യക്തമാക്കിയത്. 

ഇന്ധന വില കുറഞ്ഞ രാജ്യം ഇന്ത്യയെന്ന് സര്‍ക്കാര്‍

വില കുറയ്ക്കാൻ തിരിച്ചടി എണ്ണ കമ്പനികൾ

രാജ്യാന്തര തലത്തിൽ എണ്ണ വില ചാഞ്ചാടി നിൽക്കുകയാണെങ്കിലും രാജ്യത്തെ എണ്ണ വിപണിയെ നിയന്ത്രിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളുടെ ലാഭം ഇടിയുകയാണ്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവയുടെ ജൂലായ്- സെപ്റ്റംബർ പാദഫലം പ്രകാരം ലാഭത്തിൽ 100 ശതമാനത്തിന് അടുത്താണ് ഇടിവ്. ​

ഗ്രോസ് റിഫൈനിങ് മാർജിനും മാർക്കറ്റിങ് മാർജിനും ഇടിഞ്ഞതാണ് കമ്പനികൾക്ക് തിരിച്ചടിയായത്. ഓരോ ബാരൽ അസംസ്‌കൃത എണ്ണയും പെട്രോളും ഡീസലും പോലുള്ള ഇന്ധനങ്ങളാക്കി മാറ്റുന്നതിലൂടെ വിപണിയിലെത്തിക്കുമ്പോൾ കമ്പനി നേടുന്ന ലാഭമാണ് മാർക്കറ്റിങ് മാർജിൻ. ലാഭം ഇടിഞ്ഞതോടെ എണ്ണ വില കുറയ്ക്കാനുള്ള സാധ്യതയും ഇടിഞ്ഞു. 

എണ്ണ കമ്പനികളുടെ ലാഭം കുറഞ്ഞു

ഭാരത് പെട്രോളിയത്തിന്റെ ലാഭം 72 ശതമാനം ഇടിഞ്ഞു. മുൻ സാമ്പത്തിക വർഷത്തിൽ 8,243.5 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനിയുടെ നിലവിലെ ലാഭം 2,297 കോടി രൂപ. ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 2,841.55 കോടിയേക്കാളും ഇടിവിലാണ് സെപ്റ്റംബർ പാ​ദത്തിലെ ലാഭം. കമ്പനിയുടെ ഗ്രോസ് റിഫൈനിങ് മാർജിൻ ബാരലിന് 15.4 ഡോളറുണ്ടായിരുന്നിടത്ത് നിന്ന് 6.15 ഡോളറായി കുറഞ്ഞു. 

എച്ച്പിസിഎല്ലിന്റെ ലാഭം 97 ശതമാനം ഇടിഞ്ഞു. മുൻ സാമ്പത്തിക വർഷം 5,826 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനിയുടെ ലാഭം ഈ വർഷത്തിൽ 142.67 കോടി രൂപയായി ഇടിഞ്ഞു. ​ഗ്രോസ് മാർക്കറ്റിങ് മാർജിൻ 13.3 ഡോളറിൽ നിന്നും 3.10 ഡോളറിലേക്ക് ഇടിഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ലാഭം 98 ശതമാനം ഇടിഞ്ഞ് 182 കോടി രൂപയിലേക്ക് എത്തി. മുൻവർഷത്തെ സെപ്റ്റംബർ പാ​ദത്തിൽ ലാഭം 12,967 കോടി രൂപയായിരുന്നു.ഗ്രോസ് മാർക്കറ്റിങ് മാർജിനിലെ ഇടിവ് 13.12 ഡോളറിൽ നിന്നും 4.08 ഡോളർ. കഴിഞ്ഞ വർഷം റീട്ടെയിൽ വിലയിൽ മാറ്റമില്ലാതെ നിർത്തയതിനാൽ എണ്ണ കമ്പനികൾ വലിയ ലാഭമുണ്ടാക്കിയിരുന്നു. 

അവസാനം കുറച്ചത് 2 രൂപ

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 14 ന് രണ്ട് രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്.  ആഗോള വിലയെ ആശ്രയിച്ചാണ് രാജ്യത്ത് എണ്ണ വില തീരുമാനിക്കുന്നത്. 2010 മുതൽ പെട്രോൾ വിലയും 2014 മുതൽ ഡീസൽ വിലയും ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.

രാജ്യാന്തര വില ഇടിഞ്ഞെങ്കിലും രാജ്യത്തെ പെട്രോൾ, ഡീസൽ വില ഇടിവ് നാമമാത്രമാണ്. കൊച്ചിയിൽ ചൊവ്വാഴ്ച ഒരു ലിറ്റർ പെട്രോളിന് 105.61 രൂപയും ഡീസലിന് 94.60 രൂപയും നൽകണം. 

ENGLISH SUMMARY:

Crude oil price drop, will petrol, diesel price decrease in india; Possibilities explanied