gold-price-rise

TOPICS COVERED

പവന് 60,000 രൂപയിലേക്ക് കുതിച്ചിടത്ത് നിന്നാണ് കേരളത്തിലെ സ്വര്‍ണ വില താഴേക്ക് വീണത്. തിങ്കളാഴ്ച വര്‍ധനയുണ്ടെങ്കിലും 55,960 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില.

പൊതുവെ കേരളത്തേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം ലഭിക്കുമായിരുന്ന യുഎഇ, ഒമാന്‍, സിംഗപ്പൂര്‍, ഖത്തര്‍ വിപണികളെ പ്രവാസി മലയാളികള്‍ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടങ്ങളേക്കാള്‍ സ്വര്‍ണ വില കുറവാണ് കേരളത്തില്‍ എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. 

Also Read: സ്വര്‍ണം ട്രാക്ക് മാറ്റിയോ ‌; കേരളത്തില്‍ സ്വര്‍ണ വില പവന് 480 രൂപ വര്‍ധിച്ചു

യുഎഇയില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 307 ദിര്‍ഹമാണ്. രൂപയിലേക്ക് മാറ്റിയാല്‍ 7053 രൂപ വരും. ഇന്ന് 230 രൂപയോളം വര്‍ധിച്ചു.   ഒമാനില്‍ 32.45 റിയാലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. 7119 രൂപയോളം വരുമിത്. 110 സിംഗപ്പൂര്‍ ഡോളറാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാം വില. ഇന്ത്യന്‍ വിലയിലേക്ക് മാറ്റിയാല്‍ 6970 രൂപ നല്‍കണം.

308 ഖത്തര് റിയാലാണ് ഖത്തറില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ നല്‍കേണ്ടത്. 7106 രൂപയോളം വരുമിത്. കേരളത്തില്‍ ഇന്നത്തെ നിലവാരത്തില്‍ 6,995 രൂപയാണ് വില. 22 കാരറ്റ് കൂടാതെ 24 കാരറ്റ് സ്വര്‍ണത്തിലും കാര്യമായ വര്‍ധന കാണാം. 

Also Read: ഹൊ..എന്തൊരു ഇടിവ്; ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില കുറഞ്ഞ് 2,640 രൂപ; 51,000 രൂപയിലെത്തുമോ?

എന്താണ് വില വ്യത്യാസത്തിന് കാരണം

മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണം. ഇസ്രയേല്‍ കേന്ദ്രീകൃതമായ സംഘര്‍ഷങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍റ് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ആഗോള ട്രെന്‍ഡിന് അനുസൃതമായി കേരളത്തില്‍ സ്വര്‍ണ വില ഇടിയുകയാണ്.

ട്രംപിന്‍റെ വിജയത്തിന് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ ഇടിവ് കേരളത്തിലും വില കുറയാന്‍ സഹായിച്ചു. രണ്ട് മാസത്തെ ഇടിവിലേക്ക് വീണ് ട്രോയ് ഔൺസിന് 2,563.25 ഡോളറിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. 

രാജ്യത്ത് ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച സമയത്തും മറ്റു രാജ്യങ്ങളിലെ വിലയില്‍ നിന്ന് കേരളത്തിലെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. ഇതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസം, പ്രാദേശിക വിപണി സാഹചര്യങ്ങൾ, നികുതികൾ, ലോജിസ്റ്റിക്സ് എന്നിവയാണ് സ്വര്‍ണ വിലയിലെ വ്യത്യാസത്തിന് കാരണം. 

ENGLISH SUMMARY:

Geopolitical tension, regional demand and currency rate are the factors for falling gold prices in Kerala and rising rates in Gulf nations