gold

വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുടെയും വര്‍ധന. വെള്ളിയാഴ്ച കേരളത്തിലെ സ്വര്‍ണ വില പവന് 55,560 രൂപയും ഗ്രാമിന് 6,945 രൂപയുമാണ്.

നവംബര്‍ മാസത്തിലേക്ക് സ്വര്‍ണ വില കടന്നത് സര്‍വകാല റെക്കോര്‍ഡുമായാണ്. ഒക്ടോബര്‍ 31 ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വില. ട്രംപിന്‍റെ വിജയ ശേഷം ഇടിവിലാണ് സ്വര്‍ണ വില. 

ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 2,640 രൂപയാണ്. ഈ മാസത്തില്‍ ഇതുവരെ ഇടിവ് 4,080 രൂപ. കേരളത്തിലുണ്ടായ ഈ ഇടിവിന് കാരണം ആഗോള വിലയിലെ കാര്യമായ ഇടിവാണ്.

അതിന് നന്ദി പറയേണ്ടത് യുഎസിലെ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോടും.  ട്രംപ് വിജയിച്ച നവംബര്‍ നാലിന് ശേഷം  ഇന്ത്യയിലെ കമ്മോഡിറ്റി എക്സ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വിലയില്‍ ആറു ശതമാനം ഇടിവാണ് ഉണ്ടായത്. 

എന്തുകൊണ്ട് വില കുറയുന്നു

ട്രംപിന്‍റെ വിജയത്തിന് പിന്നാലെ സ്വര്‍ണ വില താഴേക്കാണ്. ശക്തമായ ഡോളര്‍ സ്വര്‍ണ വിലയെ താഴേക്ക് എത്തിക്കുകയാണ്. പ്രധാനപ്പെട്ട ആറു വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ ശക്തി സൂചിപ്പിക്കുന്ന ഡോളര്‍ സൂചിക 106 നിലവാരത്തിലേക്ക് എത്തി. ട്രംപിന്‍റെ  നയങ്ങൾ ശക്തമായ യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്കും കാരണമാകുമെന്ന വിലയിരുത്തലിലാണ് ഡോളര്‍ കരുത്താകുന്നത്.  

ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് നിലവില്‍ ഡോളര്‍. ഇത് മറ്റു മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. ട്രഷറി യീല്‍ഡ് ജൂലൈയ്ക്ക് ശേഷം ഉയര്‍ന്ന നിലവാരത്തിലാണ്. ഈ രണ്ട് ഘടകങ്ങളും സ്വര്‍ണ വിലയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. 

സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് ഫെഡറല്‍ റിസര്‍വി‍ന്‍റെ പലിശ നിരക്ക് സംബന്ധിച്ച നിലപാട്. ഈയിടെ വന്ന ഉയര്‍ന്ന പണപ്പെരുപ്പ കണക്ക്, വരുന്ന മാസത്തിൽ ഫെഡറൽ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കി.

വലിയ രീതിയിലുള്ള പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകില്ലെന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ നിലപാട് സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഉയര്‍ന്ന പലിശ നിരക്ക് സ്വര്‍ണത്തിന്  തിരച്ചടിയാണ് . ഉയര്‍ന്ന ഡോളര്‍, ശക്തമായ ഡോളര്‍ ഉയര്‍ന്ന ട്രഷറി ബോണ്ട് യീല്‍ഡ് എന്നിവ സ്വര്‍ണത്തിനുള്ള ഡിമാന്‍റ് കുറയ്ക്കും. 

അതോടൊപ്പം ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികളുടെ മുന്നേറ്റം സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപ താല്‍പര്യം കുറച്ചു. ക്രിപ്റ്റോ കറന്‍സിയോടുള്ള ട്രംപിന്‍റെ നിലപാടാണ് ഇതിന് കാരണം. യുഎസിനെ ക്രിപ്‌റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന ട്രംപിന്‍റെ നിലപാട് ക്രിപ്റ്റോയിലെ മുന്നേറ്റത്തിന് കാരണമാണ്. 

ഇനിയെത്ര ഇടിയും

രാജ്യാന്തര വില 39 തവണയാണ് ഈ വര്‍ഷം റെക്കോര്‍ഡ് തകര്‍ത്തത്. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ, ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാൻഡ്, യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം വിലയെ സ്വാധീനിച്ചു. എന്നാല്‍ ട്രംപിന്‍റെ വിജയത്തിന് പിന്നാലെയുള്ള വില ഇടിവ് താല്‍ക്കാലികമെന്ന വിലയിരുത്തലുണ്ട്. 

രാജ്യാന്തര സ്വര്‍ണ വിലയില്‍ 60 ഡോളറിന്‍റെ ഇടിവ് കൂടി വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇതോടെ ഡിസംബറില്‍ സ്വര്‍ണ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. അതേസമയം ഈ വില ഇടിവ് താല്‍ക്കാലികമാണെന്നും ജനുവരിയില്‍ അധികാരമേറ്റ ശേഷം ട്രംപ് തന്‍റെ സാമ്പത്തിക വ്യാപാര നയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ സ്വര്‍ണ വില 3,000 ഡോളറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു. 

51,000 രൂപയിലേക്ക് എത്തുമോ?

രാജ്യാന്തര സ്വര്‍ണ വില നിലവില്‍ 2,572 ഡോളറിലാണ്. വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഔൺസിന് 2,540–2,520 ഡോളറിനും ഇടയില്‍ സ്വര്‍ണത്തിന് പിന്തുണയുണ്ട്. ഈ പിന്തുണയില്‍ നിന്ന് താഴേക്കാണെങ്കില്‍ 2,470 ഡോളറിലേക്ക് സ്വര്‍ണ വില എത്തും. അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില 50,000-51,000 രൂപ നിലവാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ENGLISH SUMMARY:

Gold price in Kerala drop by Rs 2,640 in a week, will it reach Rs 51,000