രാജ്യാന്തര ചലനങ്ങളോട് പ്രതികരിച്ച് കേരളത്തിലെ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ബുധനാഴ്ച കേരളത്തില്‍ പവന് 400 രൂപ വര്‍ധിച്ച് 56,920 രൂപയിലെത്തി. ഒരു ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7115 രൂപയിലാണ് വ്യാപാരം. നവംബര്‍ 16 ന് മാസത്തിലെ താഴ്ന്ന നിലവാരമായ 55,480 രൂപയിലെത്തിയ ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില കൂടുന്നത്. മൂന്ന് ദിവസം കൊണ്ട് 1,440 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന.
ആഭരണങ്ങളുടെ വിലയിലും ഇതോടെ കുതിച്ചു ചാട്ടമാണ്. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഏകദേശം 64,450 രൂപയോളം ചെലവ് വരും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്തുള്ള വിലയാണിത്.
രാജ്യാന്തര വില കുതിക്കുന്നു
രാജ്യാന്തര വില കുത്തനെ കയറിയതാണ് കേരളത്തിലും വില കൂടാന്‍ കാരണം. രാജ്യന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2636 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2,641 ഡോളര്‍ വരെ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 2536 ഡോളറിലേക്ക് വീണ് രണ്ടു മാസത്തെ താഴ്ന്ന നിലവാരത്തിലസായിരുന്നു സ്വര്‍ണം. ഇവിടെ നിന്നാണ് സ്വര്‍ണം കുതിക്കുന്നത്. റഷ്യയ്ക്കെതിരെ യുഎസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനെ അനുവദിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നടപടിയാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്.
വില ഉയരാന്‍ കാരണം ബൈഡനും പുടിനും
യുഎസ് നിര്‍മിത മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയ്ക്കെതിരെ യുക്രൈന്‍ ഇന്നലെ ആക്രമണം നടത്തിയിരുന്നു. റഷ്യയുടെ ആണവായുധ നയം തിരുത്തി യുക്രൈന്‍ ഉത്തരവിറക്കിയതും സംഘര്‍ഷ സാധ്യത ഉയര്‍ത്തി. യുക്രൈയിനെതിരെ റഷ്യ ആണവായുധം ഉപയോഗിക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ഡിമാന്‍റ് ഉയര്‍ന്നതാണ് സ്വര്‍ണ വില വര്‍ധിപ്പിച്ചത്.
ഇതോടെ യുഎസ് ട്രഷറി യീല്‍ഡ് ഇടിഞ്ഞതും യുഎസ് ഡോളര്‍ അയഞ്ഞതും സ്വര്‍ണത്തിന് അനുകൂലമായി. ട്രംപിന്‍റെ വിജയശേഷം ഒരുവേള 107 വരെ കുതിച്ച ഡോളര്‍ സൂചിക 106.2 നിലവാരത്തിലാണുള്ളത്. യുഎസ് 10 വര്‍ഷ ട്രഷറി ബോണ്ടിന്‍റെ യീല്‍ഡ് 0.20 ശതമാനം ഇടിഞ്ഞ് 4.39 ശതമാനത്തിലേക്കും താഴ്ന്നു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഓഹരികളും നഷ്ടത്തിലാണ്. ഇതും സ്വര്‍ണം നേട്ടമാക്കി.