സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റം. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 320 രൂപ വര്‍ധിച്ച് 57000ന് മുകളില്‍ എത്തി.
57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കേരളത്തിൽ ഇന്ന് ഗ്രാമിന് വില 40 രൂപ ഉയർന്ന് 7,130 രൂപയായി.
കൂടിയും കുറഞ്ഞും നിന്നതിനുശേഷം കഴിഞ്ഞ ദിവസം സ്വർണത്തിന് 560 രൂപ വർധിച്ചിരുന്നു. പിന്നീട് രണ്ടു ദിവസങ്ങളായി വിലയിൽ ചെറിയ ഇടിവുകൾ സംഭവിച്ചതിനു ശേഷമാണ് ഇന്ന് വീണ്ടും കയറിയത്. നവംബർ 28 ന് ശേഷം ഇന്നലെയാണ് സ്വർണവില 56000 രൂപയിൽ എത്തിയിരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിട്ടും കേരളത്തിൽ സ്വർണവില വർധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് ഇടിയുകയും സ്വർണം ഇറക്കുമതിച്ചെലവ് വർധിക്കുകയും ചെയ്തതാണ് സ്വർണവിലയുടെ വർധനയ്ക്ക് കാരണം.
യുഎസിൽ ഈ മാസം കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിലും സ്വർണവില കൂടാനിടയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 30 രൂപ ഉയർന്ന് വില 5,890 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.