പുതുവർഷം എങ്ങനെയായിരിക്കും. ഈ ചില സാമ്പത്തിക മാറ്റങ്ങളറിഞ്ഞില്ലെങ്കിൽ പെടാൻ സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകുന്നതും സ്ഥിര നിക്ഷേപങ്ങളുടെ പിൻവലിക്കൽ നിയമത്തിലും ജനുവരി ഒന്ന് മുതൽ കാര്യമായ മാറ്റമുണ്ട്. യുപിഐ ഇടപാട് പരിധി ഉയർത്തിയതാണ് നാളെ മുതൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം. മലയാളികൾ ഇന്ധമടിക്കാൻ ആശ്രയിക്കുന്ന മാഹിയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില വർധിക്കുകയും ചെയ്യും. 

ശ്രദ്ധിക്കാം ഈ ബാങ്ക് അക്കൗണ്ടുകൾ

ജനുവരി 1 മുതൽ മൂന്ന് തരം ബാങ്ക് അക്കൗണ്ടുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ബാങ്കിങ് സംവിധാനത്തിലെ സുരക്ഷ വർധിപ്പിക്കാനും തട്ടിപ്പ് കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമായി ഡോർമന്റ്, ഇൻആക്ടീവ്, സീറോ ബാലൻസ് അക്കൗണ്ടുകളുടെ ഉപയോ​ഗം അവസാനിപ്പിക്കാനാണ് ആർബിഐ തീരുമാനം. 

രണ്ട് വർഷമോ അതിലധികമോ ഇടപാടുകളൊന്നും നടത്താത്ത അക്കൗണ്ടുകളാണ് ഡോർമന്റ് അക്കൗണ്ടുകളായി കണക്കാക്കുക. 12 മാസമോ അതിൽ കൂടുതലോ ഇടപാടുകളൊന്നും നടത്താത്ത അക്കൗണ്ടുകളെയാണ് ഇൻആക്ടീവ് അക്കൗണ്ടുകൾ. ദീർഘകാലത്തേക്ക് ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളും ക്ലോസ് ചെയ്യും. 

സ്ഥിര നിക്ഷേപമുള്ളവർ ശ്രദ്ധിക്കുക 

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും ഹൗസിങ് ഫിനാൻസ് കമ്പനികളിലുമുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ജനുവരി ഒന്ന് മുതൽ ചില മാറ്റങ്ങൾ വരുന്നത്. കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം പിൻവലിക്കുന്നത് സംബന്ധിച്ചാണ് പ്രധാന മാറ്റം.

10,000 രൂപ വരെയുള്ള ചെറിയ നിക്ഷേപങ്ങൾ നിക്ഷേപം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പലിശയില്ലാതെ പൂർണമായും പിൻവലിക്കാം. വലിയ തുകയുടെ നിക്ഷേപമാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ പലിശയില്ലാതെ നിക്ഷേപ തുകയുടെ 50 ശതമാനമോ അഞ്ച് ലക്ഷം രൂപയോ (ഏതാണ് ചെറുത്) മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. 

ഗുരുതരമായ അസുഖമുള്ള സന്ദർഭങ്ങളിൽ, നിക്ഷേപകർക്ക് നിക്ഷേപ കാലാവധി പരിഗണിക്കാതെ പലിശ കൂടാതെ മുഴുവൻ തുകയും പിൻവലിക്കാം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ കാലാവധി തീയതിക്ക് രണ്ട് മാസം മുൻപെങ്കിലും മെച്യൂരിറ്റി വിശദാംശങ്ങൾ നിക്ഷേപകനെ അറിയിക്കണം എന്നായിരുന്നു നേരത്തെയുള്ള ചട്ടം. ആർബിഐയുടെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച് ഈ സമയപരിധി പതിനാല് ദിവസമായി ചുരുക്കി.

യുപിഐ ഇടപാട് പരിധി

യുപിഐ ഇടപാടുകൾക്കുള്ള പരിധി ഉയർത്തിയ നടപടി ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. യുപിഐ 123പേ യുടെ പ്രീ ടാൻസാക്ഷൻ പരിധി 5000 രൂപയിൽ നിന്നും 10,000 രൂപയാക്കി ഉയർത്തി. യുപിഐ ലൈറ്റിൽ ഇടപാട് പരിധി 500 രൂപയിൽ നിന്നും 1000 രൂപയാക്കി ഉയർത്തി.

മാഹി ഇന്ധന വില

പുതുവർഷത്തിൽ മാഹിയിൽ പെട്രോൾ, ഡീസൽ വില വർധിക്കും. പെട്രോളിനും ഡീസലിനും മൂല്യ വർധിത നികുതി ഉയർത്താൻ പോണ്ടിച്ചേരി സർക്കാർ തീരുമാനിച്ചതോടെയാണ് വില വർധിക്കുന്നത്. പോണ്ടിച്ചേരിയിലെ വിവിധ മേഖലകളിൽ പെട്രോളിന് ഏകദേശം 2.44 ശതമാനവും ഡീസലിന് 2.57 ശതമാനവുമാണ് വാറ്റ് വർധിക്കുക. ഇതോടെ ജനുവരി ഒന്നുമുതൽ പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം മേഖലയിലെ പെട്രോൾ, ഡീസൽ വില രണ്ടു രൂപയോളം വർധിക്കും.

ENGLISH SUMMARY:

The New Year brings significant changes that could impact finances if not addressed. Bank accounts may become inactive, and new rules for fixed deposit withdrawals will take effect starting January 1. Another important update is the increased UPI transaction limit. Additionally, fuel prices in Mahe, a key hub for Malayalis, will rise from January 1.