സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 59,480 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,435 രൂപയിലെത്തി. സര്‍വകാല ഉയരത്തിന് തൊട്ടടുത്താണ് കേരളത്തിലെ സ്വര്‍ണ വിലയുള്ളത്. 2024 ഒക്ടോബര്‍ 31 ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് ഇതിന് മുന്‍പ് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 7,455 രൂപയാണ് സര്‍വകാല ഉയരം. ഗ്രാമിന് 20 രൂപ കൂടി വര്‍ധിച്ചാല്‍ വില റെക്കോര്‍ഡിലെത്തും. 

നിലവില്‍ ചെറിയ ഇടിവിലാണെങ്കിലും രാജ്യാന്തര വില 2700 ഡോളറിന് മുകളിലാണ്. ട്രോയ് ഔണ്‍സിന് 2,724 ഡോളറിലേക്ക് എത്തിയ സ്വര്‍ണ വില 2702 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. യു.എസ് ഡോളര്‍ ശക്തമായി തുടരുമ്പോഴും സ്വര്‍ണ വില മുന്നേറ്റം തുടരുകയാണ്. 

യു.എസ് പണപ്പെരുപ്പം കഴിഞ്ഞ ആറു മാസത്തെ ശരാശരിയായ 3.40 ശതമാനത്തിനും താഴെ എത്തിയത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. ജനുവരി 20 തിന് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ട്രംപിന്‍റെ നയങ്ങള്‍ സംബന്ധിച്ച ആശങ്കകളും രൂപയുടെ ഇടിവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇതാണ് ഡോളറിനൊപ്പം സ്വര്‍ണ വിലയേയും ഉയര്‍ത്തുന്നത്

ട്രംപിന്‍റെ നയങ്ങള്‍ സ്വര്‍ണ വിലയില്‍ ചലനങ്ങളുണ്ടാക്കിയേക്കും. ട്രംപ് വ്യാപാര യുദ്ധങ്ങളിലേക്ക് പോവുകയാണെങ്കില്‍ വില വര്‍ധനയ്ക്ക് വഴിയൊരുക്കും. അങ്ങനെയെങ്കില്‍ സമീപ ഭാവിയില്‍ കേരളത്തിലെ വില 60,000 രൂപ കടക്കും. ഒക്ടോബറില്‍ രാജ്യാന്തര വില 2,790 ഡോളറിലെത്തിയപ്പോഴാണ് കേരളത്തിലെ സ്വര്‍ണ വില 59,640 രൂപയിലെത്തിയത്. നിലവില്‍ 2,700 ഡോളറിലാണ് രാജ്യാന്തര വില. 

വില ഉയരുന്തോറും ഒരു പവന്‍ ആഭരണം വാങ്ങാനുള്ള ചെലവ് കൂടുകയാണ്. ശനിയാഴ്ച 67,400 രൂപയോളം ചെലവാക്കിയാലാണ് പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ സാധിക്കുക.