കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 60,320 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 15 രൂപയുടെ കുറവോടെ വില 7,540 രൂപയിലെത്തി. വെള്ളിയാഴ്ച സര്‍വകാല ഉയരമായ പവന് 60,440 രൂപയിലെത്തിയ ശേഷം ഇതാദ്യമായാണ് കേരളത്തില്‍ സ്വര്‍ണ വില കുറയുന്നത്. 57,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ 68,407 രൂപ നല്‍കണം. ഒരു ലക്ഷം രൂപയ്ക്ക് 1.47 പവന്‍ ലഭിക്കും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരിക. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഇതെല്ലാം ചേർത്ത തുകയ്ക്ക് മുകളിൽ മൂന്ന് ശതമാനം ജിഎസ്ടി നൽകണം.
കൊളംബിയയ്ക്കെതിരെ ട്രംപ് പെട്ടന്നൊരു നികുതി നിയന്ത്രണം കൊണ്ടുവന്നത് രാജ്യാന്തര സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവുണ്ടാക്കി. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 2,785 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില ഇന്ന് 2,756 ഡോളറിലാണുള്ളത്. പലിശ നിരക്ക് കുറയക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതാണ് വെള്ളിയാഴ്ച ഡോളറിനെ ഇടിച്ചത്. വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായതോടെ അരശതമാനം ഇടിഞ്ഞ് 107 നിരക്കിലേക്ക് ഡോളര്‍ സൂചിക താഴ്ന്നിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. 2025 ലെ ഫെഡിന്‍റെ ആദ്യ യോഗം 28-29 തീയതികളില്‍ നടക്കും. നിലവിലെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഇതിനൊപ്പം മെക്സിക്ക, കാനഡ എന്നിവരില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി മുതല്‍ 25 ശതമാനം നികുതി ചുമത്തുമെന്ന തീരുമാനം, കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനത്തിന് ലാന്‍ഡിങ് അനുമതി നിഷേധിച്ചതിന് പിന്നാലെ കൊളംബിയയ്ക്ക് അധിക നികുതി ചുമത്താനുള്ള തീരുമാനം ഡോളറിനെ ശക്തമാക്കി. ഇതാണ് വിലയിടിയാന്‍ കാരണം.