സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളത് എറണാകുളം നിവാസികള്‍ക്ക്. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം, 2,38,986 രൂപയാണ് എറണാകുളത്തുകാരുടെ പ്രതിശീര്‍ഷ വരുമാനം. ബജറ്റിനോടൊപ്പം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്. 2,36,305 രൂപയാണ് ആലപ്പുഴക്കാരുടെ പ്രതിശീര്‍ഷ വരുമാനം. കൊല്ലം- 2.20 ലക്ഷം, കോട്ടയം 2.12 ലക്ഷം, തൃശൂര്‍- 1.95 ലക്ഷം, ഇടുക്കി- 1.86 ലക്ഷം, തിരുവനന്തപുരം– 1.79 ലക്ഷം എന്നിങ്ങനെയാണ് ആദ്യ ഏഴു സ്ഥാനക്കാര്‍. കണ്ണൂര്‍– 1.64 ലക്ഷം, കോഴിക്കോട്-1.55 ലക്ഷം, പാലക്കാട്– 1.44 ലക്ഷം, കാസര്‍കോട്- 1.44 ലക്ഷം, പത്തനംതിട്ട– 1.39 ലക്ഷം എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങളില്‍.
പ്രതിശീർഷ വരുമാനത്തിൽ ഏറ്റവും താഴെയുള്ള ജില്ലകൾ വയനാടും മലപ്പുറവുമാണ്. 1.19 ലക്ഷം, 1.19 ലക്ഷം എന്നിങ്ങനെയാണ് പ്രതിശീര്‍ഷ വരുമാനം. ഏഴ് ജില്ലകളിൽ പ്രതിശീർഷ വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്. വടക്കന്‍ കേരളത്തിലെ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍–മധ്യകേരളത്തിലെ ജില്ലകളിലെ പ്രതിശീര്‍ഷ വരുമാനമാണ് കൂടുതല്‍.
കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം 2023-24 ല്‍ 6.50 ശതമാനം വര്‍ധനയോടെ 6,35,136 കോടി രൂപയായി വര്‍ധിച്ചു. കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് എറണാകുളമാണ്. 76,301.08 കോടി രൂപയാണ് എറണാകുളത്തിന്‍റെ സംഭാവന. രണ്ടാമത് തൃശൂരാണ്, 58,761.92 കോടി രൂപ. 54950.68 കോടി രൂപയോടെ തിരുവനന്തപുരമാണ് മൂന്നാമത്.