അധികം വരുമാനത്തിനായി ധനമന്ത്രി കണ്ണുവെച്ച ഒരു മേഖല ടൂറിസ്റ്റ് ബസുകളെന്ന് അറിയപ്പെടുന്ന കോണ്‍ട്രാക്ട് കാരിയേജ് ബസുകളിലാണ്. മൂന്ന് തരം ബസുകളാണുള്ളത്. നോര്‍മല്‍ സീറ്റ്, പുഷ്ബാക് സീറ്റ്, സ്ളീപ്പര്‍ സീറ്റ്– ഈ ബസുകള്‍ക്കെല്ലാം വ്യത്യസ്ത നികുതിയായിരുന്നു.

ഉദാഹരണത്തിന് 49 സീറ്റുള്ള ബസില്‍ നോര്‍മല്‍ സീറ്റാണങ്കില്‍ സീറ്റൊന്നിന് 680 രൂപയും പുഷ്ബാക് സീറ്റാണങ്കില്‍ 900വും സ്ളീപ്പര്‍ സീറ്റാണങ്കില്‍ 1800വും. ഇത് ഏകീകരിച്ച് 900 രൂപയാക്കി. അതോടെ സ്ളീപ്പര്‍ സീറ്റുള്ള ബസിന് നികുതി കുറയും പുഷ്ബാക്കിന് നിലവിലെ നികുതി തുടരും എന്നാല്‍ ഓര്‍ഡിനറി സീറ്റുള്ള ബസിന് 680ല്‍ നിന്ന് 220 കൂടി 900 രൂപയാകും. 

49 സീറ്റുള്ള ഓര്‍ഡിനറി ബസിന് ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ 33320 രൂപയാണ് നികുതിയെങ്കില്‍ ഇനി അത് 44100 രൂപയാകും. 10780 രൂപയുടെ വര്‍ധന. ഇതനുസരിച്ച് യാത്രാനിരക്ക് കൂട്ടുകയാണ്  ബസ് ഉടമകളുടെ മുന്നിലെ മാര്‍ഗം.

കേരളത്തിലുള്ള 10225 കോണ്‍ട്രാക്ട് കാരിയേജ് ബസുകളില്‍ 8500 ഓളം എണ്ണവും നോര്‍മല്‍ സീറ്റുകളാണ്. അതായത് കേരളത്തിലെ 85 ശതമാനം ടൂറിസ്റ്റ് ബസുകള്‍ക്കും നിരക്ക് കൂടും.  കല്യാണം, വിനോദയാത്ര,, തീര്‍ത്ഥയാത്ര പോലുള്ള ആവശ്യങ്ങള്‍ക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്നവയാണിവ.

 എന്നാല്‍ സ്ളീപ്പര്‍ ബസുകള്‍ക്ക് നികുതി കുറയും. അതനുസരിച്ച് അവര്‍ നിരക്ക് കുറച്ചാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അനുഗ്രഹമായേക്കും.

ENGLISH SUMMARY:

The tax unification of contract carriage vehicles will be a setback for those relying on tourist buses for trips and weddings. With sleeper and normal seat buses taxed equally, the tax on normal seat buses—more common in Kerala—will increase by 33%. This additional burden is expected to fall on passengers.