സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 63,680 രൂപയിലാണ് വെള്ളിയാഴ്ചയിലെ വ്യാപാരം. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,960 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 63,000 നിലവാരത്തിലേക്ക് താഴുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 41 രൂപ കുറഞ്ഞ് 6,513 രൂപയും പവന് 328 രൂപ കുറഞ്ഞ് 52,104 രൂപയുമാണ് ഇന്നത്തെ വില.
വില ഇടിഞ്ഞതോടെ സ്വര്‍ണാഭരണങ്ങളുടെ വിലയിലും കുറവുണ്ടായി. പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 72,200 രൂപയോളാമാണ് ഇന്നത്തെ ചെലവ്. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
ചാഞ്ചാടി സ്വര്‍ണ വില
ഫെബ്രുവരി അവസാനിക്കുമ്പോള്‍ 2,600 രൂപയോളമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധന. 61960 രൂപയില്‍ നിന്ന് ആരംഭിച്ച സ്വര്‍ണ വില 64,600 എത്തിയാണ് താഴേക്ക് പോകുന്നത്. ഫെബ്രുവരി 25 നായിരുന്നു സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയത്. 64,600 രൂപയിലെത്തിയ സ്വര്‍ണ വില പിന്നീട് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കുറയുന്നത്. മൂന്ന് ദിവസം കൊണ്ട് 920 രൂപയുടെ കുറവാണ് കേരളത്തിലുണ്ടായത്.
രാജ്യാന്തര വില കുറയുന്നു
രാജ്യാന്തര സ്വര്‍ണ വില 1.70 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവില്‍ 2,866 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതും ഡോളര്‍ ശക്തമായതുമാണ് വില കുറയാന്‍ കാരണം. യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയത്തെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്ക് വെള്ളിയാഴ്ച പുറത്തുവരും. ഇതിന് മുന്നോടിയായാണ് നിക്ഷേപകര്‍ ലാഭമെടുക്കുന്നത്.
യുഎസ് ഡോളര്‍ സൂചിക 0.10 ശതമാനം ഉയര്‍ന്ന് 107.35 നിലവാരത്തിലെത്തി. ഡോളര്‍ ശക്തമാകുന്നത് ഇറക്കുമതി ചെലവ് കൂട്ടുമെന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഇത് തിരിച്ചടിയാണ്. ഇന്ന് 16 പൈസയാണ് ഡോളറിനെതിരെ രൂപ തുടക്കത്തില്‍ വരുത്തിയ നഷ്ടം. രൂപ ഇടിഞ്ഞില്ലായിരുന്നെങ്കില്‍ വിലയില്‍ കൂടുതല്‍ കുറവ് ലഭിക്കുമായിരുന്നു