രാജ്യാന്തര സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 3,000 ഡോളര്‍ കടന്നു. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,004 ഡോളറിലാണ് എത്തിയത്. നിലവില്‍ സ്വര്‍ണ വില 2,994.10 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില ഈ ആഴ്ചയില്‍ മാത്രം 2.50 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം 13 തവണയാണ് സ്വര്‍ണ വില പുതിയ ഉയരം കുറിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി ഭീഷണിയാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജം. യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച എതിര്‍ നികുതിക്ക് പകരം മേഖലയില്‍ നിന്നുള്ള വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് താരിഫുകളെക്കുറിച്ചുള്ള തന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമായതും വളർച്ചയുടെ ആശങ്കകള്‍ ഉയര്‍ന്നതും സ്വര്‍ണ വിലയ്ക്ക് അനുകൂലമായി.
വ്യാപാര യുദ്ധത്തിനിടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന പരിഗണനയുണ്ട്. നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണ ഇടിഎഫിലേക്ക് നിക്ഷേപം മാറ്റുന്നതായാണ് കണക്കുകള്‍. ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ് ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ ഗോള്‍ഡ് ഹോള്‍ഡിങ് 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ പണപ്പെരുപ്പം മയപ്പെട്ടതോടെ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകളും ഉയര്‍ന്നു. ഇതും സ്വര്‍ണത്തിന് അനുകൂലമാണ്.
സ്വര്‍ണ വില 2025 ല്‍ ഔണ്‍സിന് 3,050 ഡോളറിലക്ക് കടക്കുമെന്നാണ് ബാങ്കിങ് സാമ്പത്തിക സ്ഥാപനമായി എഎന്‍സെഡിന്‍റെ വിലയിരുത്തല്‍. ഫ്രഞ്ച് ബാങ്കായ ബിഎന്‍പി പരിബാസ് സ്വര്‍ണ വില 3200 ഡോളറിലേക്ക് കുതിക്കുമെന്നും വിലയിരുത്തുന്നു. സ്വര്‍ണ വില പുതിയ ഉയരം കുറിക്കുന്നത് കേരളത്തിലും സ്വര്‍ണ വിലയെ ഉയര്‍ത്തും.
വെള്ളിയാഴ്ച രാജ്യാന്തര വില 2990 ഡോളറിലെത്തിയ സമയത്താണ് ചരിത്രത്തിലാദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നത്. വെള്ളിയാഴ്ച പവന് 880 രൂപ വര്‍ധിച്ച് 65,840 രൂപയിലേക്കാണ് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 110 രൂപ കൂടി 8,230 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 1,680 രൂപയുടെ വര്‍ധനവാണ് ഒരു പവന് ഉണ്ടായത്.
ഇതോടെ പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണത്തിന് 74600 രൂപയാണ് ഇന്നത്തെ വില. രണ്ട് പവന്‍ വാങ്ങാന്‍ ഏകദേശം ഒന്നരലക്ഷത്തിന് അടുത്ത് ചെലവാക്കേണ്ട സ്ഥിതിയാണ്. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമടക്കം 1.49 ലക്ഷം രൂപയാണ് രണ്ട് പവന്‍റെ ഇന്നത്തെ വില.