ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ പുതിയ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ എട്ടുലക്ഷം കോടി രൂപ കടമെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 26 ആഴ്ചകളിലായി കടപ്പത്രങ്ങളിറക്കിയാണ് ധനസമാഹരണം നടത്തുക. ഓരോ ആഴ്ചയും 25000 കോടി മുതല്‍ 36000 കോടി രൂപ വരെ ഇത്തരത്തില്‍ പൊതുവിപണിയില്‍ നിന്ന് സമാഹരിക്കും. അടുത്ത സാമ്പത്തികവര്‍ഷം നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയുടെ 54 ശതമാനം വരും ഈ തുക (8 ലക്ഷം കോടി).
മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഡിപി) 4.8 ശതമാനമാണ് നടപ്പുസാമ്പത്തികവര്‍ഷം ധനകമ്മി. അടുത്ത സാമ്പത്തികവര്‍ഷം ഇത് 4.4 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ കടമെടുത്തതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് അടുത്ത ആറുമാസം കേന്ദ്രം കടമെടുക്കാന്‍ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ധനകമ്മി കുറയ്ക്കാനുള്ള നീക്കങ്ങള്‍ ഫലം കാണുമോ എന്ന് സംശയിക്കുന്നവരുണ്ട്.
കടപ്പത്ര വിപണിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ധനസമാഹരണം സാധ്യമാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്‍റെ പ്രതീക്ഷ. ഏറ്റവും കൂടുതല്‍ വിറ്റഴിയാറുള്ള 10 വര്‍ഷത്തെ കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപകന് കിട്ടുന്ന പലിശ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. 6.6022 ശതമാനം. സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യസ്ഥാപനങ്ങളും കടപ്പത്രങ്ങളുമായി രംഗത്തുവരും. ആ സമയം വിപണിയില്‍ വലിയ വ്യതിചലനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതര്‍ നല്‍കുന്ന സൂചന.
2025–26 സാമ്പത്തികവര്‍ഷം ആകെ 14.82 ലക്ഷം കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ വരുന്ന സാമ്പത്തികവര്‍ഷത്തേക്ക് മാത്രമുള്ള ആവശ്യങ്ങള്‍ക്കായി (നെറ്റ് ബോറോയിങ്) 11.54 ലക്ഷം കോടി വേണം. ബാക്കി തുക പഴയ വായ്പകള്‍ അടച്ചുതീര്‍ക്കുന്നതിനും പലിശയ്ക്കും മറ്റുമാണ്.
അടുത്ത ആറുമാസം ആകെ കടമെടുക്കുന്ന തുകയില്‍ ഹ്രസ്വകാല (3–5 വര്‍ഷം) സെക്യൂരിറ്റികളുടെ അളവ് നടപ്പുവര്‍ഷത്തേക്കാള്‍ വര്‍ധിക്കും. 14.4 ശതമാനത്തില്‍ നിന്ന് 16.6 ശതമാനമായാണ് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള സെക്യൂരിറ്റികളുടെ തോത് വര്‍ധിക്കുന്നത്. ദീര്‍ഘകാലാവധിയുള്ള (15–50 വര്‍ഷം) സെക്യൂരിറ്റികളുടെ തോത് 51.2 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി കുറയും. ഏഴുമുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ളവരുടെ പങ്ക് 34.4 ശതമാനമായി തുടരുമെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന സെക്യൂരിറ്റികളുടെ ഇനവും അളവും ഇപ്രകാരമാണ്. 3 വര്‍ഷം കാലാവധി – 5.3%, അഞ്ചുവര്‍ഷം – 11.3%, ഏഴുവര്‍ഷം – 8.2%, 10 വര്‍ഷം – 26.2%, 15 വര്‍ഷം – 14%, 30 വര്‍ഷം – 10.5%, 40 വര്‍ഷം – 14%, 50 വര്‍ഷം – 10.5%.