gold-price-kerala

TOPICS COVERED

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ഓരോ ദിവസവും നോക്കുന്നത് എത്രരൂപ കുറയുന്നു എന്നാണ്. വിവാഹ പര്‍ച്ചേസുകാരെ ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തില്‍ സ്വര്‍ണ വില കുതിക്കുന്നത്. സമീപകാലത്ത് വിലയില്‍ കാര്യമായ കുറവൊന്നും ഉണ്ടായില്ലെങ്കിലും ഇന്ന് സ്വര്‍ണ വില ഒന്ന് അയഞ്ഞു. കേരളത്തില്‍ 1280 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്. 

സ്വര്‍ണ വില 67,200 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. ഈ കുറവ് ഇനിയും നീളുമോ? കുറയുമെന്നൊരു അഭിപ്രായം പ്രകടനം നടത്തുകയാണ് യുഎസില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധനായ ജോണ്‍ മില്‍സ്. 

സ്വര്‍ണ വില നിലവിലെ ഉയരത്തില്‍ നിന്നും 40 ശതമാനം ഇടിയുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര സ്വര്‍ണ വില 3,100 ഡോളറിന് മുകളിലാണ്. ഇന്ത്യന്‍ വിപണിയില്‍ 10 ഗ്രാമിന് 90,000 രൂപയ്ക്ക് അടുത്ത് നല്‍കണം. എന്നാല്‍ ജോണ്‍ മില്‍സിന്‍റെ വിലയിരുത്തല്‍ പ്രകാരം വരും വര്‍ഷങ്ങളില്‍ രാജ്യാന്തര സ്വര്‍ണ വില 1,820 ഡോളറിലേക്ക് താഴും. 

വെറുതെ പറഞ്ഞ് പോവുകയല്ല, കാരണങ്ങളും ജോണ്‍ മില്‍സ് നിരത്തുന്നുണ്ട്.  നിലവില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം രാജ്യാന്തര തലത്തിലെ സാമ്പത്തിക അസ്ഥിരാവസ്ഥയും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളുമാണ്. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് എത്തിയതോടെയുള്ള വ്യാപാര യുദ്ധത്തിനിടെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതും വില ഉയരാന്‍ കാരണമായി. 

എന്നാല്‍ സ്വര്‍ണത്തിന്‍റെ ഉല്‍പാദനം വര്‍ധിക്കുന്നു എന്നാണ് ജോണ്‍ മില്‍സ് പറയുന്നത്. ഓസ്‌ട്രേലിയ ഉൽപാദനം വർദ്ധിപ്പിച്ചതും പുനരുപയോഗിക്കാവുന്ന സ്വർണ വിതരണം വർധിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഇതിന് അനുസൃതമായി സ്വര്‍ണത്തിന്‍റെ ആവശ്യകത ഉയരുന്നുമില്ല. കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം 1,045 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ സർവേ പ്രകാരം 71 ശതമാനം കേന്ദ്ര ബാങ്കുകളും സ്വർണ നിക്ഷേപം കുറയ്ക്കാനോ നിലനിർത്താനോ ആണ് താല്‍പര്യപ്പെടുന്നത്. ഇതെല്ലാം സ്വര്‍ണ വിലയെ താഴേക്ക് എത്തിച്ചേക്കാം എന്നതാണ് ജോണ്‍ മില്‍സിന്‍റെ വിലയിരുത്തല്‍. 

അങ്ങനെയെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്വര്‍ണ വില 10 ഗ്രാമിന് 55,000 രൂപയിലേക്ക് എത്തും. ഇതിന് അനുസരിച്ച് 22 കാരറ്റ് ഒരു പവന് 45,000 രൂപയിലേക്ക് താഴാം. എന്നാല്‍ സാധ്യത കുറവുള്ളൊരു നിരീക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവിധ രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വര്‍ണ വില വരും വര്‍ഷങ്ങളിലും മുന്നേറും എന്നാണ് പ്രവചിച്ചിട്ടുള്ളത്. 

ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം അടുത്ത രണ്ട് വര്‍ഷത്തിനിടെ രാജ്യാന്തര വില 3,500 ഡോളറിലെത്താം എന്നാണ്. ഗോള്‍ഡ്മാന്‍ സാച്സിന്‍റെ വിലയിരുത്തലില്‍ ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണ വില 3,300 ഡോളറിലെത്തും. അങ്ങനെയെങ്കില്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുതിക്കും.