വില ഇടിവ് താല്‍ക്കാലികമെന്ന സൂചന നല്‍കി വീണ്ടും 66,000 ത്തിന് മുകളിലെത്തി സ്വര്‍ണ വില. ഇന്ന് പവന് 520 രൂപയാണ് വര്‍ധന. 66,320 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 65 രൂപയുടെ വര്‍ധനവോടെ 8290 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
അഞ്ച് ദിവസത്തിനിടെ 2680 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചത്. 65,800 രൂപയില്‍ മാസത്തിലെ താഴ്ന്ന നിലവാരത്തിലായിരുന്നു ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
2963 ഡോളര്‍ എന്ന നാല് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ രാജ്യാന്തര സ്വര്‍ണ വില തിരികെ 3,000 ഡോളറിലേക്ക് കടന്നതാണ് വില വ്യത്യാസത്തിന് കാരണം. ട്രോയ് ഔണ്‍സിന് കഴിഞ്ഞാഴ്ച 3167.57 നിലവാരത്തിലെത്തി സര്‍വകാല ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണ വില താഴേക്ക് പോയത്. എന്നാല്‍ സ്വര്‍ണത്തിനുള്ള സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി തിരികെ ലഭിച്ചതോടെയാണ് വില മുന്നേറിയത്.
ചൈനയുമായി യുഎസിന്‍റെ വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന കടുത്ത തീരുമാനം ട്രംപിന്‍റെ ഭാഗത്ത് നിന്നുണ്ടായതും ഡോളര്‍ ഇടിഞ്ഞതും സ്വര്‍ണത്തിന് ഗുണകരമായി. ചൈനീസ് ഇറക്കുമതിക്ക് 104 ശതമാനം നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഫെഡറല്‍ റിസര്‍വ് കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് വിലയെ സ്വാധീനിച്ച മറ്റൊരു ഘടകം. നിലവില്‍ 3010 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്.